.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: November 2007

Friday, November 30, 2007

രാമായണത്തിലെ സീത



മറയുന്നു ദൂരത്തിലൊരു സന്ധ്യ ; കാട്ടിന്‍റെ
കരളില്‍ നിന്നൊരു തേങ്ങലുയരുന്നു വീണ്ടും .
ഒരു ദുഃഖകഥ തീര്‍ന്നു , തിരശ്ശീല താഴുന്നു,
നിറയുന്ന മിഴിയൊപ്പി നോക്കിയിരിക്കുന്നു
പല കാലഘട്ടങ്ങള്‍ പിന്നിട്ട രാമന്‍റെ
കഥയോര്‍ത്തു നാമിന്നുമീരംഗ വേദിയില്‍.

മിഥിലയില്‍ , ചിത്രകൂടാര്‍ദ്രി സാനുക്കളില്‍ ,
ഇരുളാര്‍ന്ന ദണ്ഡകാരണ്യതടങ്ങളില്‍
ശ്രീരാമചന്ദ്രന്‍റെ കൂടേ നടന്നൊരാ
രാജകുമാരിയെ നിങ്ങളോര്‍ക്കുന്നുവോ?

പൊട്ടിക്കരഞ്ഞു നീ രാവണന്‍ നിന്നെയാ
പ്പൊന്നശോകത്തണല്‍ ത്തട്ടിലിരുത്തവേ.
നിന്‍റെ പവിത്രമാം മേനിയിലഗ്നി തന്‍
സാക്ഷ്യപത്രങ്ങളെഴുതിച്ചു മന്നവന്‍

കണ്ടു മറന്നു കഴിഞ്ഞില്ല നാമതിന്‍
മുന്‍പു നീയെന്തേ പറഞ്ഞയച്ചിവളെയീ
കാട്ടിന്‍റെ നടുവിലേയ്ക്കൊരു നീണ്ട തേങ്ങലാ-
യലയുവാനിപ്പര്‍ണ്ണ ശാലയിലൊരു ദര്‍ഭ-
ക്കതിരു പോലെരിയുവാന്‍.

രഘുരാമരാജനു മീയാഗഭൂമിയും
ജടനീണ്ട മുനിമാരുമീ മന്ത്രഘോഷവും
ഒരുമാത്ര ഞെട്ടുന്നു ; പിളരുന്ന മണ്ണിന്‍റെ
മടിയില്‍ നീ മറയുന്നു ; പല കാലഘട്ടങ്ങള്‍
പിന്നിട്ടൊരീ ദുഃഖകഥയിന്നുമെരിയുന്നു
യാഗാഗ്നി പോലതില്‍ രാമന്‍റെ സ്വപ്നവും.

കനകച്ചിലമ്പുമായടിവച്ചു പിന്നെയും
മരണത്തിനപ്പുറം നില്ക്കുന്നു മുന്നില്‍ നീ
രാമായണത്തിലെ ജനകന്‍റെ നന്ദിനി
രാമനുപേക്ഷിച്ച വൈദേഹി മൈഥിലി.

Thursday, November 29, 2007

വാഗ്‌ദത്തഭൂമി

ഒ എന്‍ വിയ്ക്ക്‌



വിഗ്രഹ ഭഞ്ജകന്മാരുമൊത്തീവഴി
എത്രയോ നാളുകള്‍ പോയി

തച്ചുടയ്ക്കുന്നൊരീ തത്ത്വശാസ്ത്രത്തിന്‍റെ
തത്ത്വ പ്രചാരകനായി।

പുതിയോരുഷസ്സിന്‍റെ രഥചക്രമുരുളേണ്ട
വഴികളൊരുക്കുവാനായി

ഉരുകുന്ന മദ്ധ്യാഹ്ന്യ വെയിലിലിത്തെരുവില്‍ നീ
സിരകളിലഗ്നിയുമായി।


മൊട്ടയടിച്ചൊരീ ക്കുന്നുകള്‍ , തോടുകള്‍ ,
വറ്റി വരണ്ടൊരീ പ്പാഴ്‌നിലങ്ങള്‍ ,

പൊട്ടി വിടരാന്‍ മറന്ന പൂമൊട്ടുകള്‍
ഞെട്ടറ്റു വീണൊരീ ത്താഴ്വരകള്‍ ,

നീറിപ്പുകയുമീക്കുന്നുകള്‍ നോക്കിയീ
ശൂന്യതയിങ്കല്‍ വന്നിന്നു നില്ക്കെ

വന്ധ്യമീ മണ്ണിന്‍റെ ദുഃഖവും പേറി നീ
എന്തിനോ ചോദിച്ചു വീണ്ടും

എവിടെയാ സൌവര്‍ണ്ണഭൂമി? സഖാക്കളേ!
എവിടെയാ വാഗ്ദത്തഭൂമി?

Wednesday, November 28, 2007

കുരുക്ഷേത്രം




എന്‍മനസ്സിന്‍റെ കുരുക്ഷേത്രഭൂമിയില്‍
ഇന്നും ധനുസ്സുമായ്‌ നില്‍ക്കുന്നൊരര്‍ജ്ജുന!

രക്തം പുരണ്ടു കുതിര്‍ന്ന ചെമ്മണ്ണിതില്‍
വെള്ളക്കുതിരകള്‍ പൂട്ടിയ തേരില്‍ നീ

പിന്നെയും നീണ്ട യുഗങ്ങള്‍ പിന്നിട്ടിന്നു
വന്നു നില്‍ക്കുമ്പോള്‍ കരള്‍ പതറുന്നുവോ?


ഗാണ്ഡീവ ചാപം തൊടുത്തു നിവര്‍ന്നു നീ
കൌരവ സേനാ നിരകള്‍ തകര്‍ക്കവേ

ദ്രോണന്‍റെ കണ്ണു നിറയുന്നിതാ ശിഷ്യ
വാത്സല്യമല്ലോ നനയ്ക്കുന്നിതാക്കവിള്‍.

പത്മവ്യൂഹത്തില്‍ പൊരുതി മരിച്ചതാം
നിന്നഭിമന്യു കുമാരനെയോര്‍ക്കവേ

കണ്ണിലിരുള്‍ മൂടി; പിന്നെ പ്രതികാര-
വഹ്നിയില്‍ രോഷം ജ്വലിച്ചുയര്‍ന്നീടവേ

ഉഗ്ര പ്രതിജ്ഞയുമായി ജ്ജയദ്രഥ-
രക്തത്തില്‍ മുങ്ങി നിന്നമ്പുകള്‍ പായവേ

സത്യകി വീണൊരീ മണ്ണില്‍, യുധിഷ്ഠിരന്‍
സത്യം മറൊന്നൊരീ സംഗര ഭൂമിയില്‍

വീണു കിടന്നു പോല്‍ ശോണിതവും പുര-
ണ്ടീനല്ല മണ്ണില്‍ കബന്ധങ്ങള്‍ ചുറ്റിലും.

ഞെട്ടി വിറച്ചു പോയ്‌ ദുര്യോധനന്‍ തന്‍റെ
ഗര്‍വും പ്രതാപവുമീയുദ്ധഭൂമിയില്‍.


എന്‍മനസ്സിന്‍റെ കുരുക്ഷേത്രഭൂമിയില്‍
വില്ലും കുലച്ചു നീ നില്‍ക്കൂ ധനഞ്ജയ!

എത്രയോ നാളായി ഞാനാദരിച്ചതാ-
മന്ധ വിശ്വാസങ്ങളീയുദ്ധഭൂമിയില്‍

പൊട്ടിത്തകര്‍ന്നു കിടക്കട്ടെ നിന്‍ ശര-
ശയ്യയില്‍ ഭീഷ്മ പിതാമഹന്‍ മാതിരി .

വിദൂരതീരങ്ങള്‍



എവിടെയാണീ വഴിത്താരകള്‍ മുട്ടുന്ന
കവലയെന്നറിയാതെ
ഈ വഴിയമ്പലത്തിങ്കല്‍ ഞാനേകാന്ത
പഥികനായെത്തുന്നൊരീയര്‍ദ്ധ രാത്രി തന്‍
നീലിമയില്‍

ഒരു കൊച്ചു കൈത്തിരി വെട്ടവുമായെന്‍റെ
അരികിലേയ്ക്കാരാണു നിന്നെയയച്ചതെ-
ന്നറിവില്ലയെങ്കിലും, ആദയാവായ്പിന്‍റെ
മുന്നിലനന്തമീ ശൂന്യതയില്‍

പറയുവാന്‍ നന്ദിവാക്കറിയാതെ നിമിഷങ്ങള്‍
നിറയും നിതാന്തമീ മൂകതയില്‍

ഇവിടെയീ വാടകമുറിയില്‍ നിഴലുകള്‍
കഥകളിപ്പദമാടും ചുവരുകളില്‍
മിഴി നട്ടുറങ്ങാതിരിക്കുമ്പോളറിയുന്നു
അറിവിന്‍റെ തീരങ്ങളെത്ര ദൂരെ.

Monday, November 26, 2007

ആരെക്കുറിച്ചിനിപ്പാടണം?

ആരെക്കുറിച്ചിനിപ്പാടണം? ഇന്നലെ-
പ്പൂജിച്ചു ഞാനാദരിച്ചതാം ബിംബങ്ങ-
ളീവഴിവക്കില്‍ തകര്‍ന്നു കിടക്കുമീ
രാത്രിയില്‍, നിശ്ശബ്ദനായി വന്നിത്തിരി
നേരമീ വെണ്‍മണല്‍ത്തട്ടിലിരുന്നൊരു
മാത്ര മയങ്ങിക്കിടക്കുവാനാശിച്ചു
പോന്നതാം രാത്രിയിലാരെക്കുറിച്ചു ഞാന്‍
പാടണം പിന്നെയും?

പൂജാമലരുകളല്ല നീയിന്നലെ-
യാത്മാവുതിര്‍ത്ത സുഗന്ധങ്ങളാലെന്‍റെ
പാതകള്‍ നീളെ വിതറിയ മുഗ്ദ്ധമാം
മോഹങ്ങളല്ലോ കരിഞ്ഞു കിടക്കുന്നു
കൃഷ്ണ ശിലാഖണ്ഡ വിഗ്രഹച്ചോട്ടിലായ്‌.

ഇന്നലെ പൂജാമണികള്‍ മുഴക്കിയ
മന്ദ്രധ്വനികളില്‍ കണ്ണടച്ചീവഴി
നിന്നവരാരുമറിഞ്ഞില്ല നീയന്നു-
മിന്നുമെന്നുള്ളിന്‍റെയുള്ളിലൊരാവേശമല്ലോ
യുഗാന്തര സീമകള്‍കൈവിട്ടു വന്ന
പ്രഭാത നക്ഷത്രമേ.

കല്‍പടിയിങ്കല്‍ കരിന്തിരി കത്തുന്ന
നെയ്‌വിളക്കെല്ലാമെരിഞ്ഞു തീരുമ്പൊഴും
തൃപ്പാദ സന്നിധാനങ്ങള്‍ തിളക്കുന്ന
കര്‍പ്പൂരദീപങ്ങള്‍ കെട്ടടങ്ങുമ്പൊഴും
ഏകാന്ത ശാന്ത നിശീഥമധ്യങ്ങളില്‍
ലോകമുറങ്ങിക്കഴിഞ്ഞ യാമങ്ങളില്‍
എന്നന്തരാത്മാനുഭൂതികള്‍ മീട്ടി ഞാന്‍
നിന്നപദാന ഗാനങ്ങള്‍ പാടട്ടെയോ?


ശ്രീകോവിലില്‍



ഒന്ന്‌: നിര്‍വൃതി

ഈറനാം മുടിത്തുമ്പില്‍
തുളസിക്കതിര്‍ ചൂടി
കോവിലില്‍ പോകനെന്നെ
നീ വിളിക്കുന്നൂ വീണ്ടും.

ശംഖൊലി മുഴങ്ങുന്ന
സന്ധ്യയും കര്‍പ്പൂരത്തിന്‍
ഗന്ധമാര്‍ന്നൊഴുകുന്ന
തെന്നലും, പൂജാപുഷ്പ-

തല്‍പവുമേന്തിക്കൊണ്ടെ-
ന്നരികേ നില്‍ക്കും നീയും,
നിന്‍റെ നീള്‍മിഴിക്കോണില്‍
കാണുമീ പ്രസാദവും

നിര്‍വൃതി പെയ്യുമ്പോളെന്‍
കരളില്‍, ശ്രീകോവിലിന്‍
മുന്നില്‍ നാമിനിയിന്നു
പോകണോ തൊഴാന്‍ തോഴി?


രണ്ട്‌: നിന്‍റെ ചിത്രം



താമരക്കുളത്തിന്‍റെ
കരയില്‍ക്കൂടേ, കുളി-
ച്ചീറനായ്‌ പോകും നിന്‍റെ
ശാലീനമാകും രൂപം

മൂകയായ്‌, ഏകാഗ്രയായ്‌,
ധ്യാനലീനയായ്‌ നില്‍ക്കും
താവകാത്മാവില്‍ തിരി-
നീട്ടുമീ ഭാവോന്‍മാദം

എങ്ങിനെ വരയ്ക്കുവാ-
നേതു വര്‍ണ്ണത്താല്‍? നിന്‍റെ
മുഗ്ധത രൂപത്തിലോ?
ഭാവ നൈര്‍മ്മല്ല്യത്തിലോ?


മൂന്ന്‌ : ജീവിതം ധന്യം





ഭഗവല്‍പാദങ്ങളില്‍
അര്‍ച്ചനയ്ക്കെന്നും നിത്യ-
ഹരിതങ്ങളാം കൃഷ്ണ-
തുളസീദളങ്ങളായ്‌

വിരിയാന്‍ കഴിഞ്ഞെങ്കില്‍!
അപ്പദങ്ങളില്‍ത്താണു
മുകരാന്‍ കഴിഞ്ഞെങ്കില്‍!
ഒരു കര്‍പ്പൂര്‍ത്തിരി-

നാളമായല്ലെങ്കിലീ
മണ്‍വിളക്കിലെ സ്നേഹ-
ധാരയായെരിഞ്ഞെങ്കില്‍!
എന്‍റെ ജീവിതം ധന്യം.

Sunday, November 25, 2007

നിറങ്ങള്‍ നിഴലുകള്‍



മിണ്ടാതീവന വിജനതയിങ്കല്‍
രണ്ടാള്‍ നാമീക്കല്‍പ്പടവില്‍

ഒരു മഴവില്ലിലലിഞ്ഞു ലയിച്ചൊരു
നിറമായ്‌ നിഴലായ്ത്തീരുന്നു

ദൂരത്തെങ്ങൊ പിന്നിട്ടൊരു വഴി-
യമ്പലവെട്ടം തെളിയുന്നു

എന്‍മാറത്തൊരു വാടിയ താമര
മലരിതളായ്‌ നീ വീഴുന്നു

നിന്‍ ചുടു നെറ്റിയിലെന്‍ വിരലൊരു കുളി-
രഞ്ജനമായിത്തീരുന്നു

വിളറിയ നിന്‍ കവിളത്തെന്‍ കണ്ണീര്‍-
ത്തുള്ളികള്‍ മുത്തായ്ത്തീരുന്നു

എന്‍മനമറിയും വേദന നിന്‍ കണ്‍-
മിഴിയിണയിങ്കല്‍ തെളിയുന്നു

നിന്‍മനമറിയും മധുരാഹ്ളാദം
എന്നകതാരില്‍ നിറയുന്നു

മിണ്ടാതീവന വിജനതയിങ്കല്‍
രണ്ടാള്‍ നാമീക്കല്‍പ്പടവില്‍

ഒരു മഴവില്ലിലലിഞ്ഞു ലയിച്ചൊരു
നിറമായ്‌ നിഴലായ്ത്തീരുന്നു।