.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: പറയൂ നീ

Sunday, April 6, 2008

പറയൂ നീ

പറയൂ നീ പാറുമീത്തുമ്പി തന്‍ ചിറകിനീ
മഴവില്ലിതാരാണു നല്‍കി?

വിരിയുന്നൊരരിമുല്ലമൊട്ടിന്‍റെയുള്ളിലീ
നറുമണമാരേ പകര്‍ന്നു?

പറയൂ നിലാവിനിക്കുളിരാരു നല്‍കിയീ
നിറവുമീ നേര്‍മ്മയുമൊപ്പം?

പറയൂ നിശ്ശബ്ദമായിക്കുഞ്ഞു പൂങ്കവിള്‍-
ത്തട്ടിലുരുമ്മുമീ സ്വപ്നം

എവിടെ നിന്നാരു കവര്‍ന്നു നല്‍കി, കൊച്ചു
ചൊടികളിലീ മന്ദഹാസം?

പറയൂ നിന്മിഴികളില്‍ തെളിയുമീ നീലിമ-
യ്ക്കഴകാരു ചാലിച്ചു തന്നു?

ഘനമൂകദുഃഖത്തിന്‍ ധ്വനി ചേര്‍ന്ന പാട്ടിനീ
മധുരിമയെങ്ങിനെ വന്നു?

പറയൂനീ മൂളുമീയീണത്തിലെങ്ങിനെ
കലരുന്നതീയാര്‍ദ്രഭാവം,

പുലര്‍കാല സിന്ദൂരമേഘത്തിലലിയുമീ
അനവദ്യ സൌമ്യതാഭാവം?



അറിയില്ലെനിക്കിവയെങ്കിലുമിന്നിയും
ഒരു ജന്മമുണ്ടെങ്കിലന്നും

ഇവിടീമനോഹര തീരത്തു പിന്നെയും
കവിയായി വന്നു ഞാന്‍ പാടും.

2 comments:

അജയ്‌ ശ്രീശാന്ത്‌.. said...

"എവിടെ നിന്നാരു കവര്‍ന്നു നല്‍കി, കൊച്ചു
ചൊടികളിലീ മന്ദഹാസം?
പറയൂ നിന്മിഴികളില്‍ തെളിയുമീ നീലിമ-
യ്ക്കഴകാരു ചാലിച്ചു തന്നു?
ഘനമൂകദുഃഖത്തിന്‍ ധ്വനി ചേര്‍ന്ന പാട്ടിനീ
മധുരിമയെങ്ങിനെ വന്നു?"

നല്ല കവിതയാണ്ട്ടോ.. ഭാസിയേട്ടാ....
ആദ്യത്തെ കമന്റ്‌ എന്റെ വക കിടക്കട്ടെ....
ആശംസകള്‍....

അജയ്‌ ശ്രീശാന്ത്‌.. said...
This comment has been removed by the author.