.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: 2007

Friday, December 28, 2007

ശകുന്തള

കാട്ടുമുല്ലകള്‍ പൂവണിയിച്ചൊ-
രാവനതടകാന്തിയില്‍

‍അപ്സരസ്സെന്നപോലെയങ്ങനെ
നില്‍ക്കയാണു ശകുന്തള.
മുഗ്ദ്ധലജ്ജയാല്‍ കൂമ്പിടുന്നൊരാ
ലോലനീലമിഴികളില്‍
തങ്ങിനില്‍പു ഹാ! സ്വര്‍ഗ്ഗസാമ്രാജ്യ-
ഭംഗിതന്‍റെ നിലാവൊളി.

പൂത്തകൈതകള്‍ കാറ്റിലങ്ങനെ
മന്ദമന്ദമുലയവേ
സ്വച്ഛസുന്ദരമാ ജലാശയ-
സൈകതങ്ങളിലെന്തിനോ
വിണ്ണില്‍ നിന്നൊരു മുഗ്ദ്ധഭാവന
പൊട്ടിവീണതുമാതിരി
പൂവിറുത്തു കൊരുത്തുകൊണ്ടതാ
നില്‍ക്കയാണു ശകുന്തള.

പൂനിലാവിലലിഞ്ഞുചേര്‍ന്നൊരു
നിഷ്ക്കളങ്കതയെന്നപോല്‍
തങ്ങിനില്‍ക്കുന്നു മന്ദഹാസമാ-
ച്ചെഞ്ചൊടികളിലിപ്പൊഴും.
നീലമാലിനിതന്‍ തടങ്ങളി-
ലേകയായ്‌, രാഗലോലയായ്‌
ആ യുവരാജകോമളനേയും
കാത്തുനില്‍പു ശകുന്തള.

ദൂരെയച്ചക്രവാളരേഖയി-
ലമ്പിളിക്കല പൊങ്ങവേ,
പാട്ടുപാടുകയാണു ഹൃത്തട-
ത്തിങ്കലോര്‍മ്മകള്‍ പിന്നെയും.
അബ്ബലിഷ്ഠ കരങ്ങളിലമര്‍-
ന്നീമലരണി ശയ്യയില്‍
വിസ്മരിച്ചു മറ്റൊക്കെയുമവള്‍
‍പ്രേമനിര്‍വൃതിധാരയില്‍.
'തങ്കമേ! നിന്‍റെ കണ്ണിണകളില്‍
തങ്ങിനില്‍ക്കുകയാണു ഹാ!
വിണ്ണിനുള്ള വിശുദ്ധി.... 'ശേഷമ-
ച്ചുംബനത്തിലലിഞ്ഞുപോയ്‌.


യാത്രചോദിച്ചു നില്‍ക്കയാണതാ
ധീരനായുവകാമുകന്‍.
ആ വിരിമാറിലെന്തിനോ തല-
ചായ്ചു നിന്നവള്‍ പിന്നെയും.

നീലമാലിനിതന്‍ തടങ്ങളി-
ലേകയായ്‌, രാഗലോലയായ്‌,

ആ യുവരാജകോമളനേയും
കാത്തിരിപ്പു ശകുന്തള.

Tuesday, December 25, 2007

കാല്‍വരിക്കുന്നിന്‍റെ താഴ്‌വരയിങ്കല്‍


കാല്‍വരിക്കുന്നിന്‍റെ താഴ്‌വരയിങ്കല്‍
കാലഘട്ടങ്ങള്‍തന്‍ കല്‍പടവിങ്കല്‍

ദേവ! നിന്‍ സന്നിധാനത്തിലേയ്ക്കിന്നും
ഞാനുമെന്‍ ദുഃഖവും കൈകോര്‍ത്തു വന്നു.

നീണ്ടു വളഞ്ഞൊരീപ്പാതയിലൂടെ
തോളില്‍ നീ തന്ന കുരിശുകളേന്തി

ദേവ! നിന്‍ സന്നിധാനത്തിലേയ്ക്കിന്നും
ഞാനുമെന്‍ ദുഃഖവും കൈകോര്‍ത്തു വന്നു.

വേദന കൊണ്ടു പുളഞ്ഞു ഞാന്‍ വീണു
ഭാരം ചുമന്നു തളര്‍ന്നു ഞാന്‍ വീണു

സ്വര്‍ണ്ണക്കുരിശുകള്‍ മൂകരായ്‌ നിന്നു
പള്ളികള്‍ വാതില്‍ തഴുതിട്ടുറങ്ങി.

വാസനത്തൈലത്താല്‍ വീണ്ടും കഴുകി
മാലാഖമാര്‍ നിന്‍റെ കാലടി രണ്ടും.

കണ്ണീരു കൊണ്ടു കഴുകിത്തുടയ്‌ക്കാന്‍
എന്നെയനുവദിക്കൂ ദൈവപുത്ര!

കാല്‍വരിക്കുന്നിന്‍റെ താഴ്വരയിങ്കല്‍
കാലഘട്ടങ്ങള്‍ തന്‍ കല്‍പ്പടവിങ്കല്‍

ദേവ! നിന്‍ സന്നിധാനത്തിലേയ്ക്കിന്നും
ഞാനുമെന്‍ ദുഃഖവും കൈകോര്‍ത്തു വന്നു

Thursday, December 20, 2007

കുരിശുകള്‍
മഞ്ഞിന്‍ കസവണിത്തട്ടങ്ങള്‍ ചൂടി-
ക്കുന്നുകള്‍ മുട്ടുകുത്തീടുമീനേരം
നിന്‍ സ്നേഹധാര പോല്‍ മണ്ണിന്‍റെ മാറില്‍ വെണ്ണിലാവൊഴുകുന്നൊരിപ്പാതിരാവില്‍,
പള്ളിമുറ്റങ്ങളില്‍ മേഘങ്ങള്‍ മുത്തും
വെള്ളിക്കുരിശിന്‍റെ കണ്ണുനീര്‍ പോലെ
ഉരുകുമീ മെഴുതിരിച്ചാര്‍ത്തുമായ്‌ നിന്‍റെ
വരവിനായ്‌ കാത്തിരിക്കുന്നിതാ ഞങ്ങള്‍.

'അറിയില്ലിവര്‍ക്കിവര്‍ ചെയ്യുന്ന കൃത്യം
അരുളണേ മാപ്പിവര്‍ക്കെന്‍ പിതാവേ! നീ.
' മുള്‍ മുടി ചൂടിയ നിന്‍ മൌലിയാഹാ!
തളരുന്ന താമരമൊട്ടു പോല്‍ ചാഞ്ഞും,
സഹതാപ ഭാവാര്‍ദ്രമാകുമാക്കണ്ണില്‍
അതിതീവ്ര വേദന നിഴലാര്‍ന്നു കൊണ്ടും
ഞങ്ങള്‍ തന്‍ പാപങ്ങളേറ്റന്നു വാങ്ങി-
ക്കുരിശിന്‍മേല്‍ നീ പിടഞ്ഞീടുമാ നേരം,
'അറിയില്ലിവര്‍ക്കിവര്‍ ചെയ്യുന്ന കൃത്യം
അരുളണേ മാപ്പിവര്‍ക്കെന്‍ പിതാവേ! നീ. '
വിറയാര്‍ന്ന ചുണ്ടിനാല്‍ നീ മൊഴിഞ്ഞേവം;
ഒരു മാത്ര കൂടി.... നിലച്ചു നിന്‍ ചലനം.

മലവാക പൂക്കുന്ന ഞങ്ങള്‍ തന്‍ നാട്ടില്‍
വരവായി പിന്നെയും നിന്‍ ജന്‍മതാരം.
ഇരുളാര്‍ന്നൊരീനടപ്പാതകള്‍ നീളെ
നനവുണ്ടു ഞങ്ങള്‍ തന്‍ കണ്ണുനീരാലെ.
വെണ്‍മണല്‍വീശിയ മുറ്റങ്ങളില്ല
ചന്തത്തിലാടും കൊടിക്കൂറയില്ല;
നിന്നെയെതിരേറ്റിരുത്തുവാന്‍ പട്ടും
പൊന്നുമണിഞ്ഞ സിംഹാസനമില്ല.
പരിശുദ്ധ ദേവാലയങ്ങളുയര്‍ത്താന്‍
കഴിവില്ല ഞങ്ങള്‍ക്കു നിന്‍പേരിലെന്നാല്‍
കുരിശുകള്‍ താങ്ങി, നിന്‍ ചരിതങ്ങള്‍ വാഴ്ത്തി
വിരിയും പ്രതീക്ഷയില്‍ ഞങ്ങള്‍ നില്‍ക്കുന്നു.

മാലാഖമാരുടെ നാടു വെടിഞ്ഞീ-
നാട്ടുവഴിയിലേയ്‌ക്കങ്ങു പോരില്ലേ?

ഇന്നു്‌ ഓണമാണു്‌പൂവണിമരച്ചോട്ടില്‍
ചന്ദ്രിക ചിത്രാലേഖ-
ചാതുരി കാട്ടുന്നൊരീ-
യോണരാവുകള്‍തോറും

തുമ്പി തുള്ളിയും പാട്ടു-
പാടിയുമെന്‍ നാട്ടിലെ
പെണ്‍കൊടിമാരൊക്കെയും
തളരുന്നുണ്ടാവണം.

ഏഴു നെയ്‌ത്തിരികള്‍ നി-
ന്നെരിയും വിളക്കിന്‍റെ
ദീപനാളത്തിന്‍ മുന്നി-
ലമ്മയിസ്സന്ധ്യാനേരം

ഓര്‍ക്കുകയാവാമെന്നെ
ദൂരെയങ്ങേതോ നാട്ടി-
ലേകനായ്‌ക്കഴിയുന്ന
മകനെപ്പറ്റിപ്പക്ഷേ.

ഉണ്ണുവാനിലയിട്ട
നേരമിന്നാക്കണ്‍കളില്‍
തങ്ങി നിന്നുവോ രണ്ടു
കണ്ണുനീര്‍ക്കണികകള്‍?

അലയാഴികള്‍ക്കുമി-
ങ്ങിപ്പുറമീവാടക-
മുറിയില്‍ ച്ചിതറിയ
പുസ്‌തകക്കൂട്ടങ്ങളും,

താരകങ്ങളെയാഞ്ഞു
മുത്തുവാന്‍ വെമ്പും മുഗ്ദ്ധ-
മോഹനപ്രതീക്ഷകള്‍
നിറയും കരളുമായ്‌

ഇവിടെ, ജ്ജനാല ത-
ന്നരികത്തിരമ്പുന്ന
നഗരം നോക്കിക്കൊണ്ടു
മൂകനായിരിപ്പൂ ഞാന്‍.

Saturday, December 15, 2007

പിറന്നാള്‍മാമരം തണല്‍ വിരി-
ച്ചീടുന്ന പച്ചപ്പുല്ലില്‍
മാനുകള്‍ മേയും വാടം;
യമുനാതരംഗങ്ങള്‍

കുളിരും കരങ്ങളാല്‍
ചാമരം വീശീടുന്ന
പാവന തപോവനം;
നീയുറങ്ങുന്നീമണ്ണില്‍.

വാക്കുകള്‍ക്കതീതമാം
നിശ്ശബ്ദ ദുഃഖത്തിന്‍റെ
തീരത്തിലിരുന്നു ഞാ-
നോര്‍മ്മകള്‍ പുതുക്കുമ്പോള്‍,

വേദന തുളുമ്പുമെന്‍
കണ്ണീരില്‍ക്കുതിര്‍ന്നു നിന്‍
പാദരേഖകള്‍ മായു-
മെന്നു ഞാന്‍ ശങ്കിക്കുമ്പോള്‍

നിന്നിലെ മഹത്വത്തെ-
പ്പാടിവാഴ്ത്തുവാനവ-
രെന്നിലെക്കവിയോടു
ചൊല്ലിയോ?..കേട്ടില്ല ഞാന്‍.


കാല്‍കളില്‍ക്കനം തൂങ്ങും
ചങ്ങല പൊട്ടിച്ചെന്‍റെ
നാടുയര്‍ത്തെഴുനേല്‍ക്കാന്‍
വെമ്പിയ ദിനങ്ങളില്‍,

എന്നിലെയുണരുന്ന
പൌരുഷം സടകുട-
ഞ്ഞെന്തിനും വിരിമാറു
കാട്ടിയ ദിനങ്ങളില്‍,

ഇന്നലെ, യമര്‍ഷത്തിന്‍
വര്‍ഷമേഘങ്ങള്‍ തിങ്ങി
നിന്ന വാനിനു കീഴി, -
ലിവിടെ, ച്ചുടു മണ്ണില്‍,

കര്‍മ്മചന്ദ്രനുമൊത്തു
രാജരഥ്യകള്‍ വിട്ടു
വന്നു നീ നാടിന്‍ കുരു-
ക്ഷേത്രത്തിലജയ്യനായ്‌.

ഈവഴി കടന്നു പോ-
യെത്രപേര്‍ ചരിത്രത്തിന്‍
താളുകള്‍ തിരുത്തിയ
മംഗല ജ്യോതിസ്സുകള്‍!

എങ്കിലും നീയല്ലാതെ
മറ്റാരുമെന്നത്മാവിന്‍
തന്ത്രിയിലിത്രത്തോളം
ലോലമായ്‌ സ്പര്‍ശിച്ചീല.

കരളില്‍ പ്രപഞ്ചത്തിന്‍
തീവ്രവേദനയും, തന്‍
കരത്തില്‍ച്ചെങ്കോല്‍ വെന്ന
ഭിക്ഷാപാത്രവുമായി

വന്നിതു തഥാഗതന്‍-
അര്‍ഘ്യങ്ങള്‍ സമര്‍പ്പിച്ചു
നിന്നു ഞാന്‍ കൈയും കൂപ്പി
ഭക്തി നമ്രനായ്‌ മൂകം.

നീതി തന്‍ ഗീതാസാരം
സ്നേഹത്തില്‍ പകര്‍ന്നേകി-
യീവഴി വന്നൂ പിന്നെ-
യര്‍ദ്ധനഗ്നനാമൊരാള്‍.

കെട്ടുകളഴിഞ്ഞപ്പോള്‍,
വിലങ്ങു തെറിച്ചപ്പോള്‍
അത്തിരുമുമ്പില്‍ പ്രണ-
മിച്ചു ഞാനറിയാതെ.

ആത്മാഭിമാനത്തിന്‍റെ-
യാദര്‍ശ സ്വര്‍ഗ്ഗത്തിന്‍റെ-
യാര്‍ഷഭാരതത്തിന്‍റെ
ഗാനങ്ങള്‍ പാടിപ്പാടി

എത്തിനാന്‍ ഗുരുദേവന്‍;
കാലുകള്‍ കഴുകിച്ചാ-
സ്സിദ്ധനെയാനന്ദത്തിന്‍
പൂക്കളാലര്‍ച്ചിച്ചേന്‍ ഞാന്‍.

എങ്കിലു, മെന്നാത്മാവു
പൂര്‍ണ്ണമായ്‌ വിജൃംഭിച്ച-
തന്നു നീ വഴിവക്കില്‍
വന്നു നിന്നപ്പോള്‍ മാത്രം.

ഞാനുണര്‍ന്നതു നിന്‍റെ
ധീരമാം ശബ്ദം കേട്ടു
പൂര്‍വദിങ്മുഖം ചെവി-
യോര്‍ത്തു നിന്നീടും നേരം. ;

ഞാനുണര്‍ന്നതു നിന്‍റെ
കാലടിപ്പാടില്‍ക്കൂടെ-
ദ്ദൂരചക്രവാളങ്ങള്‍
നോക്കി നിന്നീടും നേരം.

എന്തൊരുജ്വലമായ
ഭാവ പൂര്‍ണ്ണിമ! ഞാനാ-
സുന്ദരസങ്കല്‍പത്തി-
ലെന്നെയും മറന്നല്ലോ!

നിര്‍ത്തുകെന്‍ സ്മൃതികളേ!
നര്‍ത്തനം; ത്രസിക്കുമെ-
ന്നുള്‍ത്തുടിപ്പിവിടത്തെ
സ്വൈരത ഭഞ്ജിച്ചാലോ!


മാനുകള്‍ തുള്ളിച്ചാടി-
യോടുന്നൂ; തണല്‍ വിരി-
ച്ചാടുന്നൂ തരുനിര
നീയുറങ്ങുമീ മണ്ണില്‍.

ശാന്തി തന്‍ തപോവന-
മിസ്‌ഥലം; നിന്‍ ജന്‍മര്‍ക്ഷ-
മിദ്ദിനം; എന്നാല്‍ ശോക-
മൂകമെന്‍ വിപഞ്ചിക.

നിന്നപദാനങ്ങളെ-
പ്പാടുകയല്ലല്ലോ ഞാന്‍;
എന്നഭിമാനങ്ങളെ-
യോര്‍ക്കുകയത്രേ ചെയ്തു.

Friday, December 14, 2007

മുത്തുകള്‍വര്‍ഷകാലങ്ങള്‍ കുത്തിയൊലിച്ചെന്‍
മുന്നിലൂടെക്കടന്നു പോകുമ്പോള്‍

ഈറനായി വരുന്ന ഹേമന്തം
നാണമാര്‍ന്നടി വച്ചണയുമ്പോള്‍

ദാഹമാര്‍ന്നൊരീ മണ്ണിന്‍റെ മാറില്‍
വേനല്‍ വീണു തളര്‍ന്നുറങ്ങുമ്പോള്‍

ഫുല്ലവാസന്ത കാന്തികള്‍ ലജ്ജാ-
നമ്രമിങ്ങുവന്നെത്തി നോക്കുമ്പോള്‍

മുത്തെടുക്കുവാന്‍ മുങ്ങി നില്‍ക്കുന്നൂ
മുക്കുവച്ചെറു കുട്ടികള്‍ നിങ്ങള്‍.തപ്തമീ മരുഭൂമി തന്‍ ദുഃഖ-
ചിന്തയെന്‍റേതാണെന്നറിയുമ്പോള്‍

വാടിവീണ കിനാവുകള്‍ പോലെ
വീണപൂവുകള്‍ നോക്കി നില്‍ക്കുമ്പോള്‍

പെയ്യുവാന്‍ വിങ്ങിത്താണു വന്നെത്തും
വര്‍ഷകാലമേഘങ്ങളെപ്പോലെ

താത കണ്വന്‍റെ ദുഃഖമെന്നുള്ളില്‍
കൂടുകെട്ടിക്കഴിയുകയല്ലോ.ഞാനറിയാതെന്നുള്ളിലുറങ്ങും
സാഗരത്തിന്നഗാധതയിങ്കല്‍

മുത്തെടുക്കുവാനെങ്ങുനിന്നെത്തി
മുക്കുവച്ചെറു കുട്ടികള്‍ നിങ്ങള്‍?

Monday, December 10, 2007

ഹിരോഷിമാകള്‍വര്‍ണ്ണോജ്വലമാം ചിറകുകള്‍ വീശി-
പ്പറന്നു വന്നൊരു ശലഭം ഞാന്‍.


നിന്നെയുമോര്‍ത്തെന്‍ പനിനീരലരേ!
ഒരു സുഖ നിദ്രയിലമരുമ്പോള്‍


ഇന്നലെ, യുജ്വലമാമൊരു സുന്ദര-
സ്വപ്ന രഥത്തില്‍ക്കയറീ ഞാന്‍.


കിങ്ങിണി കെട്ടിയ വാനിന്‍ നടയില്‍
കുതിച്ചണഞ്ഞൂ രഥചക്രം.


കവഞ്ചി വീശി, ക്കുതിരകള്‍ നേരേ
തെളിച്ചു വിട്ടൂ ഞാനപ്പോള്‍.


പൂത്താലങ്ങളുമേന്തിക്കൈയില്‍
താരകള്‍ നിന്നെതിരേല്‍ക്കാനായ്‌.


മുഴങ്ങി ധീരത വിരിയും ശബ്ദം
മുഴങ്ങി വാനവ വീഥികളില്‍.


തിരിഞ്ഞു നോക്കീ; ഭൂമണ്ഡലമെന്‍-
മിഴിക്കു മുമ്പൊരു പൊട്ടല്ലോ!


എരിഞ്ഞടങ്ങിയ വിഷമേഖലയില്‍
കരിഞ്ഞ താമര മൊട്ടല്ലോ!


വിഷാദഭരിതം തിരിച്ചു വന്നൂ
വിഷാഗ്നി പടരും തെരുവിതില്‍ ഞാന്‍.


തെരുവല്ലിന്നിതു മനുഷ്യ രക്തം
പതച്ചു പായും പുഴയല്ലോ!


പുഴയിതില്‍ മുങ്ങിക്കുളിച്ചു കയറിയ
രജനി വരും കല്‍പ്പടവുകളില്‍


വിഷാദമൂകം നില്‍പൂ ഞാനീ
വിഷാഗ്നി ചുഴലും കാടുകളില്‍.


കാടുകളല്ലിതു മനുഷ്യമാംസം
നീറിപ്പുകയും ചിതയല്ലോ!


ചിതയിതിലാളിക്കത്തിയാരെരിതീ
നാവുകള്‍ നീട്ടിയ നാളുകളില്‍


ഭയന്നു താരകളിരുളും വാനിന്‍
മറവില്‍പ്പറ്റിയ രാവുകളില്‍


കുഴഞ്ഞു വീണൂ തലമുറ തോറും
വിരിഞ്ഞ സുന്ദര സ്വപ്നങ്ങള്‍


തകര്‍ന്നടിഞ്ഞൂ യുഗങ്ങള്‍ നീളെ-
പ്പടുത്തുയര്‍ത്തിയ സംസ്കാരം.


വര്‍ണ്ണോജ്വലമാം കുഞ്ഞിച്ചിറകുകള്‍
കരിഞ്ഞു വീണൊരു ശലഭം ഞാന്‍


പൊരിഞ്ഞ മണലില്‍, ക്കരിഞ്ഞ പൂവിതള്‍
വിരിച്ച ശയ്യയില്‍ വീണൂ ഞാന്‍.

Sunday, December 9, 2007

താളം

Ravi Varma Painting

മന്ദ്രമായ്‌, മധുരമായ്‌-
പ്പാടുവാനൊരുങ്ങുമെന്‍
കണ്ഠനാളത്തില്‍ ഘനീ-
ഭൂത ദുഃഖമായ്‌ നില്‍പൂ

മുല്ലപ്പൂമണം പേറി
വരുമീക്കാറ്റിന്‍ കരള്‍
ത്തട്ടില്‍ വീണുറങ്ങുന്ന
നിശ്ശബ്ദ വിഷാദങ്ങള്‍,

ഉരുകുന്നൊരീ മരു-
ഭൂമി തന്‍ ഹൃദയത്തില്‍
പടരും ദാഹത്തിന്‍റെ
തപ്തമാം വരള്‍ച്ചകള്‍,

വീണപൂവിതള്‍ത്തുമ്പി-
ലിറ്റു നില്‍ക്കുമീക്കണ്ണു-
നീര്‍ക്കണങ്ങളില്‍ നിഴല്‍
വീശുന്ന പ്രതീക്ഷകള്‍.

മഞ്ഞു പെയ്യുമീ നിശാ-
മദ്ധ്യ വേളയില്‍, നിന്‍റെ
കണ്ണുനീര്‍ തുടച്ചു ഞാന്‍
തംബുരു മീട്ടും നേരം

ഇടറാത്തൊരീ നാദ-
ധാരയില്‍ച്ചെവിയോര്‍ത്തെ-
ന്നരികില്‍, പ്രകാശത്തി-
ന്നാദ്യനാളവും നോക്കി

മൂകമായിരിക്കുന്ന
ദുഃഖമേ! യെന്‍ ഗാനത്തിന്‍
താളമായ്ത്തീരുന്നല്ലോ
നിന്‍ കരള്‍മിടിപ്പുകള്‍.

Saturday, December 8, 2007

പരിണാമംവിരിഞ്ഞ മന്ദസ്മിതമൊടു വീണ്ടും
വിരുന്നു വരുമീപ്പുലരൊളിയില്‍
നനഞ്ഞ പൂവിതള്‍നോക്കിയിരിപ്പൂ
നിറഞ്ഞു വിങ്ങും കവിഹൃദയം.

തണുത്തുറഞ്ഞൊരു മഞ്ഞിന്‍ മകുടം
തലയ്‌ക്കു ചൂടിയ മാമലയില്‍
പ്രപഞ്ച ഭാവന കൂമ്പിയ മാതിരി-
യൊളിഞ്ഞിരിന്നൂ നീ വിണ്ണില്‍.

അഗാധമായിടുമലയാഴികളില്‍
തനിച്ചു നീന്തിയ നാളുകളില്‍
ഏതോ കദനമുറഞ്ഞൂ മുത്തായ്‌
പേലവമാകിയ നിന്‍ കരളില്‍.

കിനാവു കണ്ടു മയങ്ങിയ കുന്നിന്‍
താഴ്‌വരയിങ്കല്‍പ്പുളകം പോല്‍
പിറന്നു നീയൊരു പനിനീര്‍മൊട്ടായ്‌
പ്രശാന്ത സുന്ദരമൊരു രാവില്‍.

നിലാവു മുത്തം നല്‍കിയ കവിളില്‍
പരാഗശോണിമയുണരുമ്പോള്‍
മനം കവര്‍ന്നൊരു മലരേ, വാടി-
ത്തളര്‍ന്നു വീണൂ നീ മണ്ണില്‍.

അമ്പിളി ചൂടിയ മാനത്തന്തി-
ക്കതിരുകള്‍ നെയ്തൊരു സങ്കല്‍പം
മുകരാനണയുകയില്ലേ നിന്‍ കരള്‍
തഴുകിയ സുന്ദര സ്വപ്നങ്ങള്‍?

വിരിഞ്ഞ മന്ദസ്മിതമൊടു വീണ്ടും
വിരുന്നു വരുമീപ്പുലരൊളിയില്‍
കൊഴിഞ്ഞ പൂവിതള്‍ നോക്കിയിരിപ്പൂ
നിറഞ്ഞു വിങ്ങും കവിഹൃദയം.

കടലാസുതോണികള്‍മഴ പെയ്‌തൊലിക്കുമീ-
യിറമ്പത്തൊഴുക്കിയ
കടലാസു തോണികള്‍
നോക്കി ഞാനിരിക്കുന്നു.

ആടിയുമുലഞ്ഞുമി-
ന്നവ മുങ്ങുന്നൂ ; ദുഃഖ-
മൂകനായതു കണ്ടു
നില്‍ക്കുന്നൂ മകനപ്പോള്‍.

നീയറിയുന്നോ മഴ-
ക്കാറുമൂടിയതാണു
ജീവിത, മിതു പോലെ
ദുഃഖമഗ്നവുമത്രേ.

കണ്ണൂനീരിനാലുപ്പു
ചേര്‍ന്നൊരാക്കയങ്ങളില്‍
കൊച്ചു തോണിയിലേക-
നായി നീ തുഴയണം.

തെളിയും നീലാകാശ-
ത്തിന്‍റെ വക്കിലായ്‌ മിന്നി-
ത്തിളങ്ങും ധ്രുവതാരം
നിന്‍ വഴി തെളിക്കുമ്പോള്‍

നീ തളര്‍ന്നുറങ്ങരു-
തകലത്തല്ലോ ലക്ഷ്യ-
സ്ഥാന; മങ്ങുഷക്കാലം
നിന്‍മിഴി മുകര്‍ന്നാവു.

മഴ പെയ്‌തടങ്ങുന്നൂ;
പിന്നെയും വിമൂകനായ്‌
നനവാര്‍ന്നൊരീ മുറ്റ-
ത്തെന്തിനു നില്‍ക്കുന്നു നീ?

Friday, December 7, 2007

അന്വേഷണം

Ravi Varma Painting

അമ്പല നടക്കാവി-
ലീറനായ്‌ പ്പുലര്‍കാല-
സന്ധ്യകള്‍ മിഴിതുറ-
ക്കുന്നൊരീ ഹേമന്തത്തില്‍

താമരയിതളുകള്‍
വാടിവീണതു പോലെ-
യീമണല്‍പ്പരപ്പിന്‍മേ-
ലുതിരും കിനാക്കളാല്‍

മാലയും കൊരുത്തേതോ
മുഗ്ദ്ധഭാവനയിലെ
ദേവദൂതിക പോല്‍ നീ
കാത്തു നില്‍ക്കുവതാരെ?

താരണി രാവില്‍, പ്പൂത്ത
കൈതകള്‍ നറുമണം
വാരി വീശിയ നീല-
മാലിനീ തടങ്ങളില്‍

കണ്വ നന്ദിനി പോലെ
താന്തയായ്‌, ചിന്താഭാര-
ക്ളാന്തയായ്‌, വിമൂകം നീ
കാത്തു നില്‍ക്കുവതാരെ?

മൂകമീ വിഷാദത്താ-
ലീ നെടുവീര്‍പ്പിന്‍ ഘനീ-
ഭൂതമാം കണ്ണീരിനാ-
ലാര്‍ദ്രമീക്കവിള്‍ത്തടം

അമ്പിളി, വിരല്‍ത്തുമ്പാല്‍
മന്ദമായ്‌ ത്തഴുകുമ്പോള്‍
എന്തിനു നടുങ്ങുന്നു
നാട്ടു പെണ്‍കിടാവേ, നീ?

നിന്നെയും തിരഞ്ഞേതോ
സ്വപ്ന മണ്ഡലങ്ങളി-
ലിന്നുമുണ്ടജ്ഞാതനാം
നിന്‍റെ കാമുകന്‍, ഭദ്രേ!

കണ്ണുനീര്‍ത്തുള്ളിതാരകള്‍ മിഴിയട-
ച്ചുറങ്ങും നിശീഥത്തില്‍
താരുകള്‍ തളര്‍ന്നു വീ-
ണുറങ്ങും വനഭൂവില്‍

ഒരു വേഴാമ്പല്‍പ്പിട-
പോലെയീ മണ്ണിന്‍ദാഹം
കനിവിന്നുറവുകള്‍
നോക്കിയുന്‍മുഖം നില്‍ക്കേ

മന്നിന്‍റെ ഘനീഭൂത-
ദുഃഖമാമൊരു കൊച്ചു
കണ്ണുനീര്‍ മുത്തായ്‌ ഞാനീ
മരുഭൂമിയില്‍ വീണു.

മണിവീണകള്‍ മീട്ടി-
പ്പാടുവാന്‍, മുളന്തണ്ടി-
ലുണരും മനോഹര-
ഗാനമായ്‌ പ്പിറക്കുവാന്‍

ഇന്നലെ, യുഷഃകാല-
വായുവില്‍ നീരാവിയാ-
യുന്നത നഭസ്ഥല-
ത്തിങ്കലേക്കുയര്‍ന്നു ഞാന്‍.

താമരയിതളുകള്‍
കൂമ്പി നിന്നപ്പോള്‍, മൂക-
വേദന മുരളുന്ന
മേഘമായിതു വഴി

ഏകനായലഞ്ഞപ്പോള്‍,
പൊള്ളുമീ മണലിന്‍റെ
ദാഹമെന്താണെന്നാദ്യ-
മായി ഞാനറിഞ്ഞപ്പോള്‍

മന്നിന്‍റെ ഘനീഭൂത-
ദുഃഖമാമൊരു കൊച്ചു
കണ്ണുനീര്‍മുത്തായ്‌ ഞാനീ
മരുഭൂമിയില്‍ വീണു.

Thursday, December 6, 2007

വീണപൂവ്‌നനഞ്ഞ പുടവകള്‍ ചുറ്റിസ്സന്ധ്യകള്‍
നടന്നു വരുമീശ്ശിശിരത്തില്‍

ശംഖൊലിയിങ്കല്‍, കര്‍പ്പൂരത്തിന്‍
സുഗന്ധവായുവില്‍ വന്നൂ നീ.

നിലാവില്‍ മുങ്ങിയ ശാരദരാവിന്‍
നെടുവീര്‍പ്പുകളായീവനിയില്‍

അലഞ്ഞു തിരിയും നിഗൂഢരാഗ-
സ്മൃതിയായ്‌ വന്നൂ നീയിവിടെ.

വിരിഞ്ഞു മന്ദം വിടര്‍ന്നു മലരും
കുടമുല്ലപ്പൂവിതളുകളില്‍

ഒളിഞ്ഞിരിക്കാന്‍ വന്നൂ നീയി-
ക്കുഞ്ഞിക്കാറ്റിന്‍ ചിറകുകളില്‍.

കറുത്ത കമ്പിളി പുതച്ച രാവുക-
ളുണര്‍ന്നു കാവലിരിക്കുമ്പോള്‍

വിറങ്ങലിച്ചു കിടപ്പൂ പക്ഷേ
തണുത്ത മണ്ണില്‍ നീ തനിയേ.

Tuesday, December 4, 2007

മഴവില്ലുകള്‍കുത്തഴിഞ്ഞതാണെന്‍റെ
കൊച്ചു പുസ്തകം; അതില്‍
കുത്തിയും കുറിച്ചും ഞാന്‍
എന്തൊക്കെ വരച്ചുവോ!

ഞാനറിയുന്നൂ കരി-
വീണൊരീപ്പുറങ്ങളില്‍
കാണുന്ന പാടൊക്കെയു-
മെന്‍റെ കണ്ണീരാണല്ലോ.

ഞാനറിയുന്നൂ കീറി-
പ്പോയൊരീപ്പുറങ്ങളില്‍
വീണുടഞ്ഞതു സര്‍വ്വ-
മെന്‍റെ പൊന്‍കിനാവല്ലോ.

അവയൊക്കെയും മറ-
ന്നലമാലകള്‍ താണ്ടി
അകലെക്കകലെയ്‌ക്കു
ഞാന്‍ തുഴഞ്ഞകന്നു പോയ്‌.

മൂകനാ, യിരമ്പുന്നൊ-
രീമഹാ നഗരത്തില്‍
ഏകനായൊരു കൊച്ചു
വാടക മുറിക്കുള്ളില്‍

നനവാര്‍ന്നൊരീജ്ജനല്‍
പ്പാളിയില്‍ക്കവിള്‍ ചേര്‍ത്തു
കരയാനാവാതെ ഞാന്‍
നോക്കി നില്‍ക്കുന്നു ദൂരെ.

എന്നിലേയ്ക്കലിഞ്ഞലി-
ഞ്ഞില്ലാതെയാകും ദുഃഖ-
ചിന്തകളാണോ മഴ-
വില്ലുകളായിത്തീര്‍ന്നു?

Monday, December 3, 2007

കടല്‍ക്കരയില്‍
നനവാര്‍ന്നതാം കടല്‍-
ക്കര; യാഞ്ഞടിക്കുന്ന
തിരമാലകള്‍; വീണ്ടും
നീളുന്ന നിഴലുകള്‍.

വിജന വിമൂകമാം
തീരഭൂവിതില്‍, രണ്ടു
പദമുദ്രകള്‍ പോലെ
നീയുമീ ഞാനും മാത്രം.

മുഗ്ധസന്ധ്യകളുടെ
ലജ്ജയും സൌന്ദര്യവും
നിങ്കവിളിങ്കല്‍ മഴ-
വില്ലുകള്‍ വരയ്‌ക്കുന്നു.

ശുഭ്രമീമണല്‍ത്തട്ടില്‍,
നിന്‍കവിളിണകളില്‍,
വിഭ്രമം നിഴലിക്കു-
മീനീലമിഴികളില്‍

നോക്കി ഞാനിരിക്കുന്നു;
നിന്‍റെയീപ്പരിഭവ-
പൂര്‍ണ്ണമാം മുഖമല്ലോ
കാണുവാനെനിക്കിഷ്ടം.

കാറ്റിരമ്പുന്നൂ, തണു-
പ്പേറിയ ധനുമാസ
രാവിതാ മൂടിപ്പുത-
ച്ചെത്തുവാനൊരുങ്ങുന്നു.

നീണ്ട നിന്‍ വിരല്‍ത്തുമ്പാ-
ലിനിയും മറയാത്ത
കാലടിപ്പാടൊക്കെയും
കടല്‍ മായ്‌ക്കുന്നൂ വീണ്ടും.

ജലബിന്ദുക്കള്‍ മിന്നി
നില്‍ക്കുമീയളകങ്ങള്‍
കരതാരിനാല്‍ മാടി-
യൊതുക്കാനൊരുങ്ങാതെ

ഈറനായെന്നാലുമീ
നനവാര്‍ന്നതാം കടല്‍-
ത്തീരത്തിലിരിക്കുന്നൂ
നീയുമീ ഞാനും മാത്രം.

ഇന്നലെയിതുവഴി


ആലാപനം: വിന്‍സെന്‍റ്ഗോമസ്‌


ഇന്നലെയിതുവഴി ഞങ്ങള്‍ നടന്നു;
നിശ്ചല നിത്യസമാധിയില്‍ നില്‍ക്കും
താമര മൊട്ടുകള്‍ നിറയും കുളവും,
കാവും, കാവിനുമപ്പുറമെന്നും
കൈതകള്‍ പൂക്കും വഴിയും, വഴിയില്‍
സ്വപ്നം കണ്ടു മയങ്ങുമൊരാലും,
ആലിനുമപ്പുറമമ്പലനടയും,
അമ്പലനടയില്‍ നീയും ഞാനും.

ഇന്നലെയിതുവഴി ഞങ്ങള്‍ നടന്നു;
പിന്നിയ ചിത്രക്കമ്പിളി പോലെ
പിന്നെയുമോര്‍മ്മകളേതോ കാല-
ത്തിന്‍റെ നിഗൂഢ നടപ്പാതകളില്‍
ത്തെളിവൂ; സന്ധ്യാവേളയിലിന്നീ
ക്കടലിന്‍ കരയില്‍, നനയും മണ്ണില്‍
തങ്ങളില്‍ മുട്ടിയുരുമ്മിക്കൊണ്ടേ
ഞങ്ങളിരിപ്പൂ നീളും നിഴലില്‍.

ഇന്നലെയിതുവഴി ഞങ്ങള്‍ നടന്നു;
പിന്നെത്തിരകള്‍ തളര്‍ന്നു മയങ്ങിയ
കടലിന്നടിയില്‍ മുങ്ങിത്തപ്പി-
പ്പവിഴപ്പുറ്റുകള്‍ നേര്‍ക്കു തുഴഞ്ഞും,
മുത്തുകള്‍ വാരി നിറച്ചും ദൂരെ-
ത്തെങ്ങോ മരതക ദ്വീപുകള്‍ തേടി.

നിറവും നിഴലും നല്‍കിയ കാലം
ചിറകുകള്‍ വീശി മറഞ്ഞു; വീണ്ടും
പഴകിയൊരീവഴി തിരികെ വരുമ്പോള്‍
പരിചിതമീപ്പദമുദ്രകള്‍ പോലും.

ഇന്നീജ്ജീവിത വീഥിയില്‍ വെള്ളി-
ക്കമ്പികള്‍ കെട്ടിയ തലകളുമായി
ഞങ്ങളിരിപ്പൂ മൂകം, കാലം
ഞങ്ങള്‍ക്കേകിയ സ്വപ്നവുമായി.

നിഴലും വെളിച്ചവും


ആലാപനം : വിന്‍സെന്‍റ്ഗോമസ്‌


അന്ധമാമേതോ കാല-
ഘട്ടങ്ങള്‍ മന്ത്രം ചൊല്ലി
പിന്നെയുമിതേവഴി
വന്നുവോ? പ്രകാശത്തി-
ന്നാദ്യ നാളങ്ങള്‍ വന്നു
തഴുകാന്‍ വൈകിപ്പോയ
താഴ്‌വരയിങ്കല്‍ പണ്ടു
കണ്ടു നാം മറന്നുവോ?


നിഴലായിതു വഴി
വന്നുവോ? പിന്നെ പ്പുക-
ച്ചുരുളായൊരു വിഷ-
ക്കുമിളായ്ത്തല പൊക്കി
നിന്നുവോ? നിരാലംബ-
മൂഢവിശ്വാസങ്ങളെ
പിന്നെയുമെതിരേറ്റു
കൊണ്ടു വന്നുവോ നിങ്ങള്‍?

നത്തുകള്‍ മൂളും നീല-
ക്കാടുകള്‍ക്കുള്ളില്‍,രക്ത-
യക്ഷികളുറങ്ങാതെ
കാത്തിരിക്കുമീ രാവില്‍

തലയില്‍ത്തീകാളുന്ന
ഭൂതങ്ങള്‍ നൃത്തം വയ്ക്കും
തറയില്‍, തുടികൊട്ടി
നില്‍ക്കുന്നു വേതാളങ്ങള്‍.

എന്‍റെയീത്തുരുത്തിങ്കല്‍
വിരിയും പുലര്‍കാല
സന്ധ്യ തന്‍ വര്‍ണ്ണോജ്വല-
കിരണങ്ങളായ്‌ വന്നു

നിറയും വെളിച്ചമേ!
നിഴല്‍പ്പാമ്പിഴയുന്ന
വഴിയാണിതു; ദീര്‍ഘ-
ദീര്‍ഘമീപ്പദയാത്ര.


Sunday, December 2, 2007

നീര്‍മാതളംതളിരിട്ടു നില്‍ക്കുമീ നീര്‍മാതളത്തിന്‍റെ
തണലത്തു നാമിരിക്കുന്നു.

അകലെ, പ്പടിഞ്ഞാറു ചായുന്ന സന്ധ്യയില്‍
നിഴലുകള്‍ നീണ്ടു വരുന്നു.

അരികില്‍ നീ ചേര്‍ന്നിരുന്നെന്തിനോ പിന്നെയും
മിഴികളെന്‍ നേര്‍ക്കുയര്‍ത്തുന്നു.

ഒരു വാക്കു പോലും പറയാതെ നാം രണ്ടു
വഴികളായ്‌ വേര്‍പിരിയുന്നു.

ഇതിലെ ഞാനെന്തിനു വന്നുവെന്നോ സഖി!
ഇവിടെയിന്നീവഴി വീണ്ടും?

ഇതിലേ, വിമൂകമീയേകാന്ത സന്ധ്യയില്‍
തനിയേ നടക്കുവാന്‍ മാത്രം!

തളിരുകള്‍ വാടുമീ നീര്‍മാതളത്തിന്‍റെ
തണലത്തിരിക്കുവാന്‍ മാത്രം!

Saturday, December 1, 2007

സന്ധ്യമൂകയായ്‌ നില്‍പൂ സന്ധ്യ ;
നീയുമിന്നൊരു സന്ധ്യ -
പോലെയെന്നരികത്തു
ചേര്‍ന്നു നില്‍ക്കുകയല്ലോ.

ഈക്കടല്‍ത്തിരകളില്‍,
വെണ്‍മണല്‍ വിരിപ്പിന്‍മേല്‍
മാഞ്ഞുപോകുന്നൂ പദ-
മുദ്രകള്‍ ; കുളിരാര്‍ന്നൊ-

രീക്കടല്‍ക്കാറ്റും, നീയും
ഞാനുമീ വാനും മൂകം
നോക്കി നില്‍ക്കുന്നൂ ശബ-
ളാഭമീ സായംസന്ധ്യ.

എന്തിനു മിഴികളെന്‍
നേര്‍ക്കുയര്‍ത്തുന്നൂ നീ?യെ-
ന്നുള്ളിലെ പ്രശാന്തത
തന്നഗാധതകളില്‍

മുത്തുകള്‍ മുങ്ങിത്തപ്പി
വാരുവാനറിയാതെ
എന്നുമീ ക്കടല്‍ക്കര
യിങ്കല്‍ ഞാനലയുന്നു.

സ്വപ്നഭൂമികളുടെ
താഴ്വരത്തടങ്ങളില്‍
സ്വര്‍ഗ്ഗ ഗംഗയിലേതോ
ജലകന്യക പോലെ

ഈറനായ്‌ നില്‍പൂ സന്ധ്യ ;
പെയ്യുവാന്‍ വിങ്ങിത്താണ
മേഘമായ്‌ നില്‍ക്കുന്നു നീ
എന്നില്‍ ഞാനറിയാതെ.

Friday, November 30, 2007

രാമായണത്തിലെ സീതമറയുന്നു ദൂരത്തിലൊരു സന്ധ്യ ; കാട്ടിന്‍റെ
കരളില്‍ നിന്നൊരു തേങ്ങലുയരുന്നു വീണ്ടും .
ഒരു ദുഃഖകഥ തീര്‍ന്നു , തിരശ്ശീല താഴുന്നു,
നിറയുന്ന മിഴിയൊപ്പി നോക്കിയിരിക്കുന്നു
പല കാലഘട്ടങ്ങള്‍ പിന്നിട്ട രാമന്‍റെ
കഥയോര്‍ത്തു നാമിന്നുമീരംഗ വേദിയില്‍.

മിഥിലയില്‍ , ചിത്രകൂടാര്‍ദ്രി സാനുക്കളില്‍ ,
ഇരുളാര്‍ന്ന ദണ്ഡകാരണ്യതടങ്ങളില്‍
ശ്രീരാമചന്ദ്രന്‍റെ കൂടേ നടന്നൊരാ
രാജകുമാരിയെ നിങ്ങളോര്‍ക്കുന്നുവോ?

പൊട്ടിക്കരഞ്ഞു നീ രാവണന്‍ നിന്നെയാ
പ്പൊന്നശോകത്തണല്‍ ത്തട്ടിലിരുത്തവേ.
നിന്‍റെ പവിത്രമാം മേനിയിലഗ്നി തന്‍
സാക്ഷ്യപത്രങ്ങളെഴുതിച്ചു മന്നവന്‍

കണ്ടു മറന്നു കഴിഞ്ഞില്ല നാമതിന്‍
മുന്‍പു നീയെന്തേ പറഞ്ഞയച്ചിവളെയീ
കാട്ടിന്‍റെ നടുവിലേയ്ക്കൊരു നീണ്ട തേങ്ങലാ-
യലയുവാനിപ്പര്‍ണ്ണ ശാലയിലൊരു ദര്‍ഭ-
ക്കതിരു പോലെരിയുവാന്‍.

രഘുരാമരാജനു മീയാഗഭൂമിയും
ജടനീണ്ട മുനിമാരുമീ മന്ത്രഘോഷവും
ഒരുമാത്ര ഞെട്ടുന്നു ; പിളരുന്ന മണ്ണിന്‍റെ
മടിയില്‍ നീ മറയുന്നു ; പല കാലഘട്ടങ്ങള്‍
പിന്നിട്ടൊരീ ദുഃഖകഥയിന്നുമെരിയുന്നു
യാഗാഗ്നി പോലതില്‍ രാമന്‍റെ സ്വപ്നവും.

കനകച്ചിലമ്പുമായടിവച്ചു പിന്നെയും
മരണത്തിനപ്പുറം നില്ക്കുന്നു മുന്നില്‍ നീ
രാമായണത്തിലെ ജനകന്‍റെ നന്ദിനി
രാമനുപേക്ഷിച്ച വൈദേഹി മൈഥിലി.

Thursday, November 29, 2007

വാഗ്‌ദത്തഭൂമി

ഒ എന്‍ വിയ്ക്ക്‌വിഗ്രഹ ഭഞ്ജകന്മാരുമൊത്തീവഴി
എത്രയോ നാളുകള്‍ പോയി

തച്ചുടയ്ക്കുന്നൊരീ തത്ത്വശാസ്ത്രത്തിന്‍റെ
തത്ത്വ പ്രചാരകനായി।

പുതിയോരുഷസ്സിന്‍റെ രഥചക്രമുരുളേണ്ട
വഴികളൊരുക്കുവാനായി

ഉരുകുന്ന മദ്ധ്യാഹ്ന്യ വെയിലിലിത്തെരുവില്‍ നീ
സിരകളിലഗ്നിയുമായി।


മൊട്ടയടിച്ചൊരീ ക്കുന്നുകള്‍ , തോടുകള്‍ ,
വറ്റി വരണ്ടൊരീ പ്പാഴ്‌നിലങ്ങള്‍ ,

പൊട്ടി വിടരാന്‍ മറന്ന പൂമൊട്ടുകള്‍
ഞെട്ടറ്റു വീണൊരീ ത്താഴ്വരകള്‍ ,

നീറിപ്പുകയുമീക്കുന്നുകള്‍ നോക്കിയീ
ശൂന്യതയിങ്കല്‍ വന്നിന്നു നില്ക്കെ

വന്ധ്യമീ മണ്ണിന്‍റെ ദുഃഖവും പേറി നീ
എന്തിനോ ചോദിച്ചു വീണ്ടും

എവിടെയാ സൌവര്‍ണ്ണഭൂമി? സഖാക്കളേ!
എവിടെയാ വാഗ്ദത്തഭൂമി?

Wednesday, November 28, 2007

കുരുക്ഷേത്രം
എന്‍മനസ്സിന്‍റെ കുരുക്ഷേത്രഭൂമിയില്‍
ഇന്നും ധനുസ്സുമായ്‌ നില്‍ക്കുന്നൊരര്‍ജ്ജുന!

രക്തം പുരണ്ടു കുതിര്‍ന്ന ചെമ്മണ്ണിതില്‍
വെള്ളക്കുതിരകള്‍ പൂട്ടിയ തേരില്‍ നീ

പിന്നെയും നീണ്ട യുഗങ്ങള്‍ പിന്നിട്ടിന്നു
വന്നു നില്‍ക്കുമ്പോള്‍ കരള്‍ പതറുന്നുവോ?


ഗാണ്ഡീവ ചാപം തൊടുത്തു നിവര്‍ന്നു നീ
കൌരവ സേനാ നിരകള്‍ തകര്‍ക്കവേ

ദ്രോണന്‍റെ കണ്ണു നിറയുന്നിതാ ശിഷ്യ
വാത്സല്യമല്ലോ നനയ്ക്കുന്നിതാക്കവിള്‍.

പത്മവ്യൂഹത്തില്‍ പൊരുതി മരിച്ചതാം
നിന്നഭിമന്യു കുമാരനെയോര്‍ക്കവേ

കണ്ണിലിരുള്‍ മൂടി; പിന്നെ പ്രതികാര-
വഹ്നിയില്‍ രോഷം ജ്വലിച്ചുയര്‍ന്നീടവേ

ഉഗ്ര പ്രതിജ്ഞയുമായി ജ്ജയദ്രഥ-
രക്തത്തില്‍ മുങ്ങി നിന്നമ്പുകള്‍ പായവേ

സത്യകി വീണൊരീ മണ്ണില്‍, യുധിഷ്ഠിരന്‍
സത്യം മറൊന്നൊരീ സംഗര ഭൂമിയില്‍

വീണു കിടന്നു പോല്‍ ശോണിതവും പുര-
ണ്ടീനല്ല മണ്ണില്‍ കബന്ധങ്ങള്‍ ചുറ്റിലും.

ഞെട്ടി വിറച്ചു പോയ്‌ ദുര്യോധനന്‍ തന്‍റെ
ഗര്‍വും പ്രതാപവുമീയുദ്ധഭൂമിയില്‍.


എന്‍മനസ്സിന്‍റെ കുരുക്ഷേത്രഭൂമിയില്‍
വില്ലും കുലച്ചു നീ നില്‍ക്കൂ ധനഞ്ജയ!

എത്രയോ നാളായി ഞാനാദരിച്ചതാ-
മന്ധ വിശ്വാസങ്ങളീയുദ്ധഭൂമിയില്‍

പൊട്ടിത്തകര്‍ന്നു കിടക്കട്ടെ നിന്‍ ശര-
ശയ്യയില്‍ ഭീഷ്മ പിതാമഹന്‍ മാതിരി .

വിദൂരതീരങ്ങള്‍എവിടെയാണീ വഴിത്താരകള്‍ മുട്ടുന്ന
കവലയെന്നറിയാതെ
ഈ വഴിയമ്പലത്തിങ്കല്‍ ഞാനേകാന്ത
പഥികനായെത്തുന്നൊരീയര്‍ദ്ധ രാത്രി തന്‍
നീലിമയില്‍

ഒരു കൊച്ചു കൈത്തിരി വെട്ടവുമായെന്‍റെ
അരികിലേയ്ക്കാരാണു നിന്നെയയച്ചതെ-
ന്നറിവില്ലയെങ്കിലും, ആദയാവായ്പിന്‍റെ
മുന്നിലനന്തമീ ശൂന്യതയില്‍

പറയുവാന്‍ നന്ദിവാക്കറിയാതെ നിമിഷങ്ങള്‍
നിറയും നിതാന്തമീ മൂകതയില്‍

ഇവിടെയീ വാടകമുറിയില്‍ നിഴലുകള്‍
കഥകളിപ്പദമാടും ചുവരുകളില്‍
മിഴി നട്ടുറങ്ങാതിരിക്കുമ്പോളറിയുന്നു
അറിവിന്‍റെ തീരങ്ങളെത്ര ദൂരെ.

Monday, November 26, 2007

ആരെക്കുറിച്ചിനിപ്പാടണം?

ആരെക്കുറിച്ചിനിപ്പാടണം? ഇന്നലെ-
പ്പൂജിച്ചു ഞാനാദരിച്ചതാം ബിംബങ്ങ-
ളീവഴിവക്കില്‍ തകര്‍ന്നു കിടക്കുമീ
രാത്രിയില്‍, നിശ്ശബ്ദനായി വന്നിത്തിരി
നേരമീ വെണ്‍മണല്‍ത്തട്ടിലിരുന്നൊരു
മാത്ര മയങ്ങിക്കിടക്കുവാനാശിച്ചു
പോന്നതാം രാത്രിയിലാരെക്കുറിച്ചു ഞാന്‍
പാടണം പിന്നെയും?

പൂജാമലരുകളല്ല നീയിന്നലെ-
യാത്മാവുതിര്‍ത്ത സുഗന്ധങ്ങളാലെന്‍റെ
പാതകള്‍ നീളെ വിതറിയ മുഗ്ദ്ധമാം
മോഹങ്ങളല്ലോ കരിഞ്ഞു കിടക്കുന്നു
കൃഷ്ണ ശിലാഖണ്ഡ വിഗ്രഹച്ചോട്ടിലായ്‌.

ഇന്നലെ പൂജാമണികള്‍ മുഴക്കിയ
മന്ദ്രധ്വനികളില്‍ കണ്ണടച്ചീവഴി
നിന്നവരാരുമറിഞ്ഞില്ല നീയന്നു-
മിന്നുമെന്നുള്ളിന്‍റെയുള്ളിലൊരാവേശമല്ലോ
യുഗാന്തര സീമകള്‍കൈവിട്ടു വന്ന
പ്രഭാത നക്ഷത്രമേ.

കല്‍പടിയിങ്കല്‍ കരിന്തിരി കത്തുന്ന
നെയ്‌വിളക്കെല്ലാമെരിഞ്ഞു തീരുമ്പൊഴും
തൃപ്പാദ സന്നിധാനങ്ങള്‍ തിളക്കുന്ന
കര്‍പ്പൂരദീപങ്ങള്‍ കെട്ടടങ്ങുമ്പൊഴും
ഏകാന്ത ശാന്ത നിശീഥമധ്യങ്ങളില്‍
ലോകമുറങ്ങിക്കഴിഞ്ഞ യാമങ്ങളില്‍
എന്നന്തരാത്മാനുഭൂതികള്‍ മീട്ടി ഞാന്‍
നിന്നപദാന ഗാനങ്ങള്‍ പാടട്ടെയോ?


ശ്രീകോവിലില്‍ഒന്ന്‌: നിര്‍വൃതി

ഈറനാം മുടിത്തുമ്പില്‍
തുളസിക്കതിര്‍ ചൂടി
കോവിലില്‍ പോകനെന്നെ
നീ വിളിക്കുന്നൂ വീണ്ടും.

ശംഖൊലി മുഴങ്ങുന്ന
സന്ധ്യയും കര്‍പ്പൂരത്തിന്‍
ഗന്ധമാര്‍ന്നൊഴുകുന്ന
തെന്നലും, പൂജാപുഷ്പ-

തല്‍പവുമേന്തിക്കൊണ്ടെ-
ന്നരികേ നില്‍ക്കും നീയും,
നിന്‍റെ നീള്‍മിഴിക്കോണില്‍
കാണുമീ പ്രസാദവും

നിര്‍വൃതി പെയ്യുമ്പോളെന്‍
കരളില്‍, ശ്രീകോവിലിന്‍
മുന്നില്‍ നാമിനിയിന്നു
പോകണോ തൊഴാന്‍ തോഴി?


രണ്ട്‌: നിന്‍റെ ചിത്രംതാമരക്കുളത്തിന്‍റെ
കരയില്‍ക്കൂടേ, കുളി-
ച്ചീറനായ്‌ പോകും നിന്‍റെ
ശാലീനമാകും രൂപം

മൂകയായ്‌, ഏകാഗ്രയായ്‌,
ധ്യാനലീനയായ്‌ നില്‍ക്കും
താവകാത്മാവില്‍ തിരി-
നീട്ടുമീ ഭാവോന്‍മാദം

എങ്ങിനെ വരയ്ക്കുവാ-
നേതു വര്‍ണ്ണത്താല്‍? നിന്‍റെ
മുഗ്ധത രൂപത്തിലോ?
ഭാവ നൈര്‍മ്മല്ല്യത്തിലോ?


മൂന്ന്‌ : ജീവിതം ധന്യം

ഭഗവല്‍പാദങ്ങളില്‍
അര്‍ച്ചനയ്ക്കെന്നും നിത്യ-
ഹരിതങ്ങളാം കൃഷ്ണ-
തുളസീദളങ്ങളായ്‌

വിരിയാന്‍ കഴിഞ്ഞെങ്കില്‍!
അപ്പദങ്ങളില്‍ത്താണു
മുകരാന്‍ കഴിഞ്ഞെങ്കില്‍!
ഒരു കര്‍പ്പൂര്‍ത്തിരി-

നാളമായല്ലെങ്കിലീ
മണ്‍വിളക്കിലെ സ്നേഹ-
ധാരയായെരിഞ്ഞെങ്കില്‍!
എന്‍റെ ജീവിതം ധന്യം.

Sunday, November 25, 2007

നിറങ്ങള്‍ നിഴലുകള്‍മിണ്ടാതീവന വിജനതയിങ്കല്‍
രണ്ടാള്‍ നാമീക്കല്‍പ്പടവില്‍

ഒരു മഴവില്ലിലലിഞ്ഞു ലയിച്ചൊരു
നിറമായ്‌ നിഴലായ്ത്തീരുന്നു

ദൂരത്തെങ്ങൊ പിന്നിട്ടൊരു വഴി-
യമ്പലവെട്ടം തെളിയുന്നു

എന്‍മാറത്തൊരു വാടിയ താമര
മലരിതളായ്‌ നീ വീഴുന്നു

നിന്‍ ചുടു നെറ്റിയിലെന്‍ വിരലൊരു കുളി-
രഞ്ജനമായിത്തീരുന്നു

വിളറിയ നിന്‍ കവിളത്തെന്‍ കണ്ണീര്‍-
ത്തുള്ളികള്‍ മുത്തായ്ത്തീരുന്നു

എന്‍മനമറിയും വേദന നിന്‍ കണ്‍-
മിഴിയിണയിങ്കല്‍ തെളിയുന്നു

നിന്‍മനമറിയും മധുരാഹ്ളാദം
എന്നകതാരില്‍ നിറയുന്നു

മിണ്ടാതീവന വിജനതയിങ്കല്‍
രണ്ടാള്‍ നാമീക്കല്‍പ്പടവില്‍

ഒരു മഴവില്ലിലലിഞ്ഞു ലയിച്ചൊരു
നിറമായ്‌ നിഴലായ്ത്തീരുന്നു।