.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: താളം

Sunday, December 9, 2007

താളം

Ravi Varma Painting

മന്ദ്രമായ്‌, മധുരമായ്‌-
പ്പാടുവാനൊരുങ്ങുമെന്‍
കണ്ഠനാളത്തില്‍ ഘനീ-
ഭൂത ദുഃഖമായ്‌ നില്‍പൂ

മുല്ലപ്പൂമണം പേറി
വരുമീക്കാറ്റിന്‍ കരള്‍
ത്തട്ടില്‍ വീണുറങ്ങുന്ന
നിശ്ശബ്ദ വിഷാദങ്ങള്‍,

ഉരുകുന്നൊരീ മരു-
ഭൂമി തന്‍ ഹൃദയത്തില്‍
പടരും ദാഹത്തിന്‍റെ
തപ്തമാം വരള്‍ച്ചകള്‍,

വീണപൂവിതള്‍ത്തുമ്പി-
ലിറ്റു നില്‍ക്കുമീക്കണ്ണു-
നീര്‍ക്കണങ്ങളില്‍ നിഴല്‍
വീശുന്ന പ്രതീക്ഷകള്‍.

മഞ്ഞു പെയ്യുമീ നിശാ-
മദ്ധ്യ വേളയില്‍, നിന്‍റെ
കണ്ണുനീര്‍ തുടച്ചു ഞാന്‍
തംബുരു മീട്ടും നേരം

ഇടറാത്തൊരീ നാദ-
ധാരയില്‍ച്ചെവിയോര്‍ത്തെ-
ന്നരികില്‍, പ്രകാശത്തി-
ന്നാദ്യനാളവും നോക്കി

മൂകമായിരിക്കുന്ന
ദുഃഖമേ! യെന്‍ ഗാനത്തിന്‍
താളമായ്ത്തീരുന്നല്ലോ
നിന്‍ കരള്‍മിടിപ്പുകള്‍.

No comments: