.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: കടല്‍ക്കരയില്‍

Monday, December 3, 2007

കടല്‍ക്കരയില്‍




നനവാര്‍ന്നതാം കടല്‍-
ക്കര; യാഞ്ഞടിക്കുന്ന
തിരമാലകള്‍; വീണ്ടും
നീളുന്ന നിഴലുകള്‍.

വിജന വിമൂകമാം
തീരഭൂവിതില്‍, രണ്ടു
പദമുദ്രകള്‍ പോലെ
നീയുമീ ഞാനും മാത്രം.

മുഗ്ധസന്ധ്യകളുടെ
ലജ്ജയും സൌന്ദര്യവും
നിങ്കവിളിങ്കല്‍ മഴ-
വില്ലുകള്‍ വരയ്‌ക്കുന്നു.

ശുഭ്രമീമണല്‍ത്തട്ടില്‍,
നിന്‍കവിളിണകളില്‍,
വിഭ്രമം നിഴലിക്കു-
മീനീലമിഴികളില്‍

നോക്കി ഞാനിരിക്കുന്നു;
നിന്‍റെയീപ്പരിഭവ-
പൂര്‍ണ്ണമാം മുഖമല്ലോ
കാണുവാനെനിക്കിഷ്ടം.

കാറ്റിരമ്പുന്നൂ, തണു-
പ്പേറിയ ധനുമാസ
രാവിതാ മൂടിപ്പുത-
ച്ചെത്തുവാനൊരുങ്ങുന്നു.

നീണ്ട നിന്‍ വിരല്‍ത്തുമ്പാ-
ലിനിയും മറയാത്ത
കാലടിപ്പാടൊക്കെയും
കടല്‍ മായ്‌ക്കുന്നൂ വീണ്ടും.

ജലബിന്ദുക്കള്‍ മിന്നി
നില്‍ക്കുമീയളകങ്ങള്‍
കരതാരിനാല്‍ മാടി-
യൊതുക്കാനൊരുങ്ങാതെ

ഈറനായെന്നാലുമീ
നനവാര്‍ന്നതാം കടല്‍-
ത്തീരത്തിലിരിക്കുന്നൂ
നീയുമീ ഞാനും മാത്രം.

No comments: