.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: ആരെക്കുറിച്ചിനിപ്പാടണം?

Monday, November 26, 2007

ആരെക്കുറിച്ചിനിപ്പാടണം?

ആരെക്കുറിച്ചിനിപ്പാടണം? ഇന്നലെ-
പ്പൂജിച്ചു ഞാനാദരിച്ചതാം ബിംബങ്ങ-
ളീവഴിവക്കില്‍ തകര്‍ന്നു കിടക്കുമീ
രാത്രിയില്‍, നിശ്ശബ്ദനായി വന്നിത്തിരി
നേരമീ വെണ്‍മണല്‍ത്തട്ടിലിരുന്നൊരു
മാത്ര മയങ്ങിക്കിടക്കുവാനാശിച്ചു
പോന്നതാം രാത്രിയിലാരെക്കുറിച്ചു ഞാന്‍
പാടണം പിന്നെയും?

പൂജാമലരുകളല്ല നീയിന്നലെ-
യാത്മാവുതിര്‍ത്ത സുഗന്ധങ്ങളാലെന്‍റെ
പാതകള്‍ നീളെ വിതറിയ മുഗ്ദ്ധമാം
മോഹങ്ങളല്ലോ കരിഞ്ഞു കിടക്കുന്നു
കൃഷ്ണ ശിലാഖണ്ഡ വിഗ്രഹച്ചോട്ടിലായ്‌.

ഇന്നലെ പൂജാമണികള്‍ മുഴക്കിയ
മന്ദ്രധ്വനികളില്‍ കണ്ണടച്ചീവഴി
നിന്നവരാരുമറിഞ്ഞില്ല നീയന്നു-
മിന്നുമെന്നുള്ളിന്‍റെയുള്ളിലൊരാവേശമല്ലോ
യുഗാന്തര സീമകള്‍കൈവിട്ടു വന്ന
പ്രഭാത നക്ഷത്രമേ.

കല്‍പടിയിങ്കല്‍ കരിന്തിരി കത്തുന്ന
നെയ്‌വിളക്കെല്ലാമെരിഞ്ഞു തീരുമ്പൊഴും
തൃപ്പാദ സന്നിധാനങ്ങള്‍ തിളക്കുന്ന
കര്‍പ്പൂരദീപങ്ങള്‍ കെട്ടടങ്ങുമ്പൊഴും
ഏകാന്ത ശാന്ത നിശീഥമധ്യങ്ങളില്‍
ലോകമുറങ്ങിക്കഴിഞ്ഞ യാമങ്ങളില്‍
എന്നന്തരാത്മാനുഭൂതികള്‍ മീട്ടി ഞാന്‍
നിന്നപദാന ഗാനങ്ങള്‍ പാടട്ടെയോ?


1 comment:

ഏ.ആര്‍. നജീം said...

അതെ ഭാസീ തുടര്‍ന്നും പാടിക്കോളൂ..
ഈ പറഞ്ഞവയൊക്കെ പ്രതീകങ്ങള്‍ മാത്രമല്ലേ ഈശ്വരനെ നശിപ്പിക്കാന്‍ ആര്‍ക്കാണാവുക.