.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: January 2008

Tuesday, January 29, 2008

അഹല്യ- ആലാപനം










Powered by Podbean.com


സിംഗപ്പൂര്‍ കൈരളി കലാനിലയം ഒരു നൃത്തശില്പമായി അഹല്യ അവതരിപ്പിച്ചു.
നൃത്തവും നൃത്തസംവിധാനവും: പ്രഭാനായര്‍
ആലാപനം: ശ്രീധരന്‍ നായര്‍

തളര്‍ന്ന താമരയിതളുകള്‍ പോലെ
തകര്‍ന്ന സ്വപ്നത്തോടെ
വിടര്‍ന്ന നീള്‍മിഴിയിണകള്‍ക്കുള്ളില്‍
പടര്‍ന്ന നിഴലുകളോടെ
ഗൌതമമുനിയുടെ മുന്നില്‍ വാടിയ
കൈതപ്പൂവിതള്‍ പോലെ
അഹല്യ നിന്നൂ പിടയും കരളില്‍
പാപച്ചുമടുകളോടെ.

സുരലോകത്തില്‍ സുന്ദരിമാരുടെ
മടിയിലുറങ്ങിയ ദേവന്‍
പൂവന്‍ കോഴി ചമഞ്ഞീയാശ്രമ-
വാടിയിലെങ്ങോ കൂവി.
കുളിര്‍ നീരൊഴുകും ഗംഗയില്‍ മുങ്ങി-
ക്കുളിച്ചു കയറാനായി
മുനിപോയതു കണ്ടപ്പോള്‍ വന്നൂ
തനിയേ നീയെന്‍ ചാരെ.

നിന്‍ വിരിമാറിലൊതുങ്ങുമ്പോഴെന്‍
മന്മഥ! ഞാനും നീയും
മായിക വൃന്ദാവനസീമകളില്‍
രധാമാധവമാടി.

തളര്‍ന്നുറങ്ങിടുമെന്നെപ്പുല്‍കി-
ക്കഴിഞ്ഞു നീ പോകുമ്പോള്‍
വരുന്നു മുന്നില്‍ക്കുലപതിയെല്ലാ-
മറിഞ്ഞു; ഞാന്‍ വിറയാര്‍ന്നു.

മുനികോപത്താല്‍ വന്നു കിടപ്പൂ
ശിലയായ്‌ ഞാനീക്കാട്ടില്‍.
കണ്ടാലറിയാതെന്നെ മറന്നൂ
പ്രഭാതസന്ധ്യകള്‍ പോലും.

പ്രപഞ്ചസത്യാന്വേഷികള്‍ താപസ-
രലഞ്ഞ താഴ്വരയിങ്കല്‍
ഒരിറ്റുദാഹജലത്തിനുവേണ്ടി
കൊതിച്ചതെന്‍ പിഴയായി.

മുത്തായിന്നും സൂക്ഷിപ്പൂ ഞാന്‍
കരളിന്‍ ചെപ്പിലെ ദുഃഖം.
എവിടെപ്പോയ്‌ നീയെന്നത്മാവില്‍
തിരികള്‍ കൊളുത്തിയ ദേവ!

ജ്വലിച്ചു നില്ക്കും ഗൌതമ മുനിയ-
ന്നൊടുവില്‍ ത്തന്നൂ മോക്ഷം:
ദശരഥരാജകുമാരന്‍ രാമന്‍
നിനക്കു നല്കും ജീവന്‍.
വശ്വാമിത്രനുമൊത്തീവഴിയവ-
നെത്തുമയോദ്ധ്യയില്‍ നിന്നും.

യുഗങ്ങളായ്‌ ഞാനീവനഭൂമിയില്‍
ഹൃദയമിടിപ്പുമൊതുക്കി
അകലത്തെങ്ങോ പതിയും നിന്‍ പദ-
പതനം കാത്തു കിടക്കേ
കേട്ടുമറന്നൊരു കഥയിന്നോര്‍മ്മയില്‍
നീന്തി വരുന്നൂ വീണ്ടും:

മഹര്‍ഷി വിശ്വാമിത്രന്‍ പണ്ടീ
വനത്തില്‍ വാഴും കാലം
ചിലങ്ക കെട്ടിയ മേനക വന്നു
തപസ്സിളക്കാനായി.

അടഞ്ഞ മിഴികള്‍ തുറന്നു; താപസ-
കരവലയത്തിലൊതുങ്ങി
മണ്ണും വിണ്ണും മറന്നു മേനക
തളര്‍ന്നു മടിയില്‍ വീണു.

വിയര്‍പ്പു തുള്ളികള്‍ പൊടിയും നെറ്റിയി-
ലലിഞ്ഞു കുങ്കുമഗോപി.
അവളുടെ മാറില്‍ തംബുരു മീട്ടി
മഹര്‍ഷിയിങ്ങനെ പാടി:
തപസ്സെനിക്കിനി നാളേ; നമ്മള്‍
പകുത്തെടുക്കുക സ്വര്‍ഗ്ഗം.

ദര്‍ഭപ്പുല്ലുകള്‍ പോലും കത്തി-
ക്കരിഞ്ഞടങ്ങിയ കാലം.
നരച്ച മാറില്‍ വിരലുകളോടി-
ച്ചൊരു ചെറു പുഞ്ചിരിയോടെ
പറഞ്ഞു മേനക: നമ്മുടെ കുഞ്ഞിനു
കനിഞ്ഞനുഗ്രഹമേകൂ.

തീയായ്‌ മാറീ കണ്ണൂകള്‍; മാമുനി
കോപം കൊണ്ടു വിറച്ചു.
പ്രപഞ്ച സാക്ഷാല്‍ക്കാരം തേടിയ
തപസ്സിളക്കിയ പെണ്ണേ!
കടന്നു പോകൂ വെണ്ണീറായി-
ക്കരിഞ്ഞു വീഴേണ്ടെങ്കില്‍.

ശപിക്കുവാന്‍ തന്‍ കൈയുമുയര്‍ത്തി
മഹര്‍ഷി നില്പ്പതു കാണ്‍കേ
കുരുന്നു കുഞ്ഞിനെയത്താഴ്‌വരയില്‍
തനിയേ വിട്ടവള്‍ പോയി.

തപസ്സു വീണ്ടും തുടരാനായി
ചമതക്കെട്ടുകള്‍ തേടി
വിശ്വാമിത്രന്‍ പോയി; മാലിനി
പിന്നെയുമൊഴുകിപ്പോയി.

ശകുന്തവൃന്ദം തേനും പഴവും
നിനക്കു തന്നു വളര്‍ത്തി.
അച്ഛനുമമ്മയുമില്ലാതേ മുനി-
കന്യകയായ്‌ നീ വാണു.
കണ്വനു നീ പ്രിയ മാനസപുത്രി
കണ്‍മണിയായി വളര്‍ന്നു.

കാനന വള്ളിക്കുടിലില്‍, വല്ക്കല-
മൂരിയ മാറിന്‍ ചൂടില്‍
തുളുമ്പുമാ യുവസൌന്ദര്യത്തില്‍
അലിഞ്ഞു പാടീ ദുഷ്യന്തന്‍:
വലിച്ചു ദൂരേയ്ക്കെറിയാം ഞാനെന്‍
മണിക്കിരീടം പോലും.
എനിക്കു വേണ്ടിത്തരുമോ നീയീ
മധുരം മുന്തിരിയധരം?

അവളെപ്പോലും ദര്‍വസാവെ-
ന്നൊരു മുനി വന്നു ശപിച്ചു.
ഇവര്‍ക്കു ശാപം കളിയാണത്രേ
ജപിച്ചു നല്‍കും മോക്ഷം!

പിരിഞ്ഞു പോകാനറിയാതവിടെ
നിറഞ്ഞ കണ്ണുകളോടെ
തളര്‍ന്നു നീ വനജ്യോത്സ്നയെ നോക്കി
തിരിഞ്ഞു നിന്നൂ വീണ്ടും.

അരികേ വന്നൂ ദീര്‍ഘാപാംഗന്‍
ഉല്‍ക്കണ്ഠാകുലനായി
എവിടേയ്‌ക്കാണെന്നറിയാതങ്ങിനെ
മുട്ടിയുരുമ്മിക്കൊണ്ടേ.

ഓര്‍മ്മകള്‍ നീറിപ്പടരേ, നിന്‍പ്രിയ-
തോഴികള്‍ വിങ്ങിപ്പോകെ
കണ്വന്‍ നന്മകള്‍ നേര്‍ന്നു നിനക്കായ്‌
ഗദ്ഗദ കണ്ഠത്തോടെ.

കൊട്ടാരത്തിന്‍ ഗോപുര വാതില്‍
കൊട്ടിയടച്ചതു നേരം
കണ്ണീരൊപ്പാന്‍, മകളെക്കാണാന്‍
വന്നതു മേനക മാത്രം.

ശകുന്തളേ! ഞാനറിയും നിന്നെ
നമുക്കു ദുഃഖം തുല്യം
മഹര്‍ഷിമാരുടെ ശാപം മൂലം
നമുക്കു ദുഃഖം സത്യം
ജന്മാന്തരപാപത്താലാണോ
നമുക്കു ദുഃഖം നിത്യം?

ഇവിടെക്കാണും പനിനീരലരുകള്‍
വിടര്‍ന്നു വാടിപ്പോയി.
മധുരം നുള്ളിത്തന്നൊരു സ്വപ്ന-
സ്മരണകള്‍ മാഞ്ഞേ പോയി.

എങ്കിലുമിന്നും രാജകുമാരാ!
നിന്നാഗമനം നോക്കി
മനസ്സിനുള്ളില്‍, പൂജാമുറിയില്‍
കൊളുത്തി ഞാനീ ദീപം.

നിന്‍ പദതാരുകള്‍ പതിയുമ്പോളീ-
ത്തണുത്ത ശിലയില്‍ നിന്നും
അഹല്യ വീണ്ടുമുയര്‍ത്തെഴുനേല്ക്കും
പുതിയൊരു ജന്മം നേടും.

കവിളില്‍ ശോണിമ കാണും, എന്‍കട-
മിഴിയില്‍ സ്വപ്നം കാണും.
മുനിയാരൂപം കണ്ടുനുണഞ്ഞൊളി-
കണ്ണുകളാലേ പാടും:
നിനക്കു മംഗളമോതുന്നൂ ഞാന്‍
നമുക്കു വീണ്ടും കാണാം.

കണ്ടിട്ടുണ്ടേ ഞനീക്കാവി-
പ്പുതപ്പുകാരെപ്പണ്ടേ.
കേട്ടിട്ടുണ്ടേ പുരികക്കൊടി തന്‍
ഞാണൊലി കാട്ടില്‍ പ്പണ്ടേ.

മനുഷ്യഗന്ധക്കൊതി തീരാതെ
വിശന്ന കണ്ണുകളോടെ
നരച്ച താടി തലോടിക്കൊണ്ടാ-
മുനി നില്‍ക്കുന്നതു കാണ്‍കേ
അറിയാതിങ്ങ്നെ ഞാന്‍ ചോദിക്കും:
മകള്‍ക്കു സുഖമാണല്ലോ?

ഇവര്‍ക്കു ചൂടും കുളിരും പകരാന്‍
എനിക്കു നല്‍കും ജന്മം
തിരിച്ചെടുക്കൂ; ശിലയായെന്‍ സുഖ-
സുഷുപ്തിയില്‍ ഞാന്‍ കഴിയാം.


ഈ കവിതയുടെ ഒരു സംക്ഷിപ്ത രൂപത്തിന്‌ കവിസമാജത്തിന്‍റെ (കേരളം) അവാര്‍ഡ് ലഭിച്ചു. 1995


powered by ODEO

Sunday, January 27, 2008

ഇതിലേ നടന്നവര്‍

ഇതിലേ നടന്നവര്‍,
ഈമണല്‍ത്തരികളില്‍
മായാത്ത പദമുദ്ര
വീഴ്ത്തിയീ വഴികളി -
ലൂടേ നടന്നവര്‍,

തപ്തമീ മണ്ണിന്‍റെ
പൊള്ളുന്ന ദുഃഖങ്ങള്‍
സ്വന്തമാത്മാവിലേയ്‌ -
ക്കൊപ്പിയെടുത്തവര്‍,

തിരയുള്ള, ചുഴിയുള്ള
കടലിന്‍റെ നടുവിലൂ -
ടൊരു നീലരാത്രിയില്‍
എതിരേ തുഴഞ്ഞവര്‍,

അലിവിന്‍റെ നനവുള്ള
വിരല്‍ മുദ്ര ചാര്‍ത്തിയീ
വഴികളിലിന്നലെ -
യെങ്ങോ മറഞ്ഞവര്‍,

ഒരു നാദധാരയില്‍
സ്വരരാഗ ഗംഗയില്‍
ഒരു നേര്‍ത്ത ലയമാ -
യലിഞ്ഞങ്ങു ചേര്‍ന്നവര്‍,

അവര്‍ പണ്ടു പാടിയ
പഴയ ഗാനങ്ങളെ
പുതിയൊരീണത്തിലായ്‌
തുടരുന്നതെങ്ങിനെ?
അറിയാതെ ഞാനിരിക്കുന്നു.

അവരാണു തന്നതെ -
ന്നോര്‍മ്മകള്‍ക്കീമഴ -
വില്ലെന്നു ഞാനറിഞ്ഞില്ല.

അവരാണു തന്നതെന്‍
കൈകളിലീമുള -
ന്തണ്ടെന്നു ഞാനറിഞ്ഞില്ല.

അവരാണു തന്നതെന്‍
കരളിനീത്തീക്കനല്‍
അതു ഞാനറിഞ്ഞതേയില്ല.

അവരിന്നുമെരിയുന്നു
തിരിനാളമായുള്ളില്‍
അതു മാത്രമാണു ഞാനറിവൂ -
അതുമാത്രം ... അതുമാത്രം...അറിവൂ.

Saturday, January 12, 2008

ഒരുള്‍ നാട്ടുപെണ്‍കിടാവിന്‌

ആതിര വിളക്കിന്‍റെ
ദീപനാളവും നോക്കി
ധ്യാനമഗ്നയായ്നില്‍ക്കും
നാട്ടുപെണ്‍കിടാവേ! ഞാന്‍

കുളിരാര്‍ന്നൊരീരാവില്‍,
നിന്‍കരള്‍ത്തുമ്പില്‍ പ്പൂത്തു
കരിയും സ്വപ്നങ്ങളെ
യുമ്മവച്ചുണര്‍ത്തുവാന്‍

കാഞ്ചന മണിത്തേരി
ലേറിയീ മരുഭൂമി
താണ്ടിയിന്നൊരു കൊടും
കാറ്റുപോലണയുന്നു.

ചാട്ടവാറോങ്ങി, ക്കടി
ഞ്ഞാണുലച്ചതിവേഗം
പാഞ്ഞു പോകുമ്പോള്‍ ഞാനീ
ത്താഴ്‌വരത്തടങ്ങളില്‍

ചത്തനൂറ്റാണ്ടിന്‍ ശവ
പ്പെട്ടിയും ചുമപ്പിച്ചു
മുക്തി നേരുവാന്‍ നില്‍പൂ
കൊന്തയും പൂണൂല്‍കളും.

പൂവുകള്‍ വിരിക്കുകെന്‍
മാര്‍ഗ്ഗമദ്ധ്യത്തില്‍, ക്കണ്ണീര്‍
പ്പൂവുകളുതിര്‍ക്കാതെ
നാട്ടുപെണ്‍കിടാവേ!നീ.

നിന്‍റെ പൂര്‍വികര്‍ ചൊല്ലി:
"വിധിയാണതിന്‍ മുമ്പില്‍
കുമ്പിട്ടുനില്‍ക്കൂ; നിന്‍റെ
പൂര്‍വജന്‍മത്തിന്‍ ഫലം. "

സ്വര്‍ഗ്ഗരാജ്യത്തിന്‍ നട
പ്പാതകാട്ടുവാന്‍ വന്ന
ദൈവദൂതന്‍മാരോതി:
"പോരിക പിന്നില്‍ക്കൂടെ. "

ഗതകാലത്തിന്‍ പാപ
ഭാരവും ചുമന്നുകൊ-
ണ്ടിതിലേ വന്നൂ വീണ്ടും
മാലാഖമാരെത്രപേര്‍?

വിരിഞ്ഞൂ ശതാബ്ദങ്ങ-
ളിപ്രപഞ്ചത്തില്‍പ്പിന്നെ
ക്കരിഞ്ഞു പുഴുക്കുത്തേ-
റ്റവ മണ്ണടിഞ്ഞപ്പോള്‍

തകര്‍ന്നൂ ചെങ്കോലുകള്‍;
തെറിച്ചു വെറും മണ്ണി-
ലുരുണ്ടൂ കിരീടങ്ങള്‍;
എങ്കിലും തലപൊക്കി

നില്‍ക്കുവാനെവിടന്നു
ധൈര്യമാര്‍ന്നുവോ നിങ്ങള്‍
ക്കെന്‍കരവാളിന്‍ മുന്നില്‍
തുരുമ്പിന്‍ തരികളേ!

ഇക്കുളമ്പടിയുടെ
മാറ്റൊലി വീണ്ടും നാലു
ദിക്കിലും മുഴങ്ങുമ്പോള്‍
നാട്ടുപെണ്‍ കിടാവേ! നീ

താഴെവയ്‌ക്കുകീജ്ജപ
മാലകള്‍; വന്നൂ മുന്നില്
‍ദൈവദൂതനല്ലിതു
നിന്‍റെ കാമുകന്‍ ധീരന്‍.

കണ്ണുകളടച്ചുനീ
യെന്‍ വിരിമാറില്‍ച്ചേര്‍ന്നു
വിണ്ണിലമ്പിളിക്കല
മാതിരി കിടക്കുമ്പോള്‍

നാളെയെന്‍ തലമുറ,
ചക്രവാളത്തില്‍ പ്രേമ
കാഹളം മുഴങ്ങുമ്പോള്
‍കാണുവാന്‍ വരും നിന്നെ.

ആതിരവിളക്കിന്‍റെ
ദീപനാളത്തിന്‍ മുന്നില്‍
കൂപ്പുകൈയുമായ്നിന്ന
നാട്ടുപെണ്‍കിടവേ! നീ

ഇരുളിന്‍ തൊഴിയേറ്റു
വീണ ഭൂഖണ്ഡങ്ങളില്‍
ചവിട്ടിത്തേയ്ക്കപ്പെടും
മനുഷ്യത്വത്തിന്‍ മുന്നില്‍

ധീരമായ്‌, മധുരമാ
യ്പ്പാടുക! നിന്‍ ശബ്ദത്തിന്‍
മാറ്റൊലി മുഴങ്ങിയാല്‍
ഞെട്ടുകയില്ലേ വിശ്വം?

Monday, January 7, 2008

ഒരു പുതിയ വെളിച്ചം


മണ്ണില്‍ നിന്നു മനുഷ്യനെ വാര്‍ത്ത
ദിവ്യചൈതന്യസിദ്ധിക്കു മുമ്പില്‍
മൂകനായൊരു മാത്ര നില്‍ക്കട്ടേ
ദേവ! ഞാന്‍ തവ സന്നിധാനത്തില്‍.

ചത്തുപോയ ശതാബ്ദങ്ങള്‍ വീണു
കെട്ടുചീഞ്ഞതാമാര്‍ഷ സംസ്കാരം
കുഷ്ഠരോഗം മറയ്ക്കുവാന്‍ മാത്രം
പട്ടുടുത്തൊരാ വിപ്രസംസ്കാരം
ദേവദാസികള്‍ തന്‍ നിതംബത്തില്‍
ഭാവനകള്‍ വിടര്‍ന്ന സംസ്കാരം
എന്‍റെ പെങ്ങളിന്‍ മാറു മറയ്ക്കാന്‍
തന്‍റെ നീതിശാസ്ത്രത്തില്‍ വിലക്കി.

അമ്പലനടത്തൂണിന്‍റെ പിന്നില്‍
കണ്ണുനീരില്‍ ക്കുതിര്‍ന്ന ചാരിത്ര്യം
വീണടിയുമ്പോള്‍ , ക്ഷേത്രബിംബങ്ങള്‍
മൂകരായതു നോക്കിനില്‍ക്കുമ്പോള്‍,
എന്നെയാട്ടിയോടിക്കാന്‍ വഴിയില്‍
തറ്റുടുത്തു നിരന്ന സംസ്കാരം
ചാട്ടവാറോങ്ങി നിന്നു ഗര്‍ജ്ജിച്ചു:
നീ പിറന്നു സഹിക്കുവാന്‍ മാത്രം.

എന്‍റെ കണ്ണിനു മുമ്പില്‍ ത്തെളിയും
ചക്രവാളത്തിന്‍ വെള്ളിവെളിച്ചം
പാപമിറ്റുവീഴുന്നൊരു കൈയ്യാല്‍
മൂടിവയ്ക്കാന്‍ ശ്രമിച്ച സംസ്കാരം
അര്‍ബ്ബുദമെന്ന മാതിരി നാടി-
ന്നസ്ഥിമജ്ജകള്‍ കാര്‍ന്നു തിന്നുമ്പോള്‍
ദേവ! പുത്തനുപനിഷത്തായി
ഭൂവഖിലം മുഴങ്ങി നിന്‍ ശബ്ദം.

കേട്ടുനിന്ന കരളുകള്‍ തോറും
തേട്ടിവന്നൊരു ധാര്‍മ്മികരോഷം ,
ധീരമായ്‌ വിരിമാറുകള്‍ കാട്ടി
നാടുനീളെപ്പരന്നോരു രോഷം
ഏറ്റുപാടിജ്ജഗത്തിനെചൂണ്ടി-
ക്കാട്ടി: മാറ്റുവിന്‍ ചട്ടങ്ങളൊക്കെ.

താരവീഥിയിലോളമിളക്കി-
ത്താഴ്വരകളെ ഞെട്ടിച്ചുണര്‍ത്തി
നിന്‍ രഥചക്രമീമലനാടിന്‍
നെഞ്ഞിലൂടന്നു പാഞ്ഞു പോയപ്പോള്‍
അഗ്നിപര്‍വതകോടികള്‍ പോലെ
ചുറ്റും ചിന്തിയ വെള്ളിവെളിച്ചം
ഞങ്ങല്‍ തന്നിരുള്‍തിങ്ങിയ മന്നില്‍
നവ്യജീവിത സാരം പകര്‍ന്നു.

മണ്ണില്‍ നിന്നു മനുഷ്യനെ വാര്‍ത്ത
ദിവ്യ ചൈതന്യധാരയ്ക്കു മുമ്പില്‍,
സ്വാര്‍ത്ഥിയായ മനുഷ്യനെ സ്നേഹ-
മൂര്‍ത്തിയാക്കിയ സിദ്ധിക്കു മുമ്പില്‍
കേരളത്തിന്‍ ചരിത്രമെഴുതും
തൂവലുകളേ! നിങ്ങളോടൊപ്പം
മൂകനായൊരു മാത്ര നില്‍ക്കട്ടെ
ലോകശാന്തി തന്‍ കോവിലിന്‍ മുന്നില്‍.

Tuesday, January 1, 2008

പുതുവത്സരപ്പുലരിയില്‍


സുപ്രഭാതമേ!പൊട്ടി
വിരിയൂ; വാടാമല-
രായിനീ സുഗന്ധങ്ങള്‍
ചൊരിയൂ; മനസ്സിന്‍റെ
ശ്രീകോവില്‍ പ്പടികളില്‍
ശ്ശംഖനാദമായ്‌വന്നു
നീമുഴങ്ങുമാശബ്ദം
കേട്ടു ഞാനുണരാവൂ.

കരിനാഗങ്ങള്‍ ചുറ്റി-
പ്പിണയു൦, നൂറും പാലും
നുണയും നീലക്കാവി-
ലുറങ്ങി ക്കിടന്നു ഞാന്‍.

തലയില്‍ ത്തീയും കൊണ്ടു
ഭൂതങ്ങല്‍ നൃത്തം വയ്‌ക്കും
ഇരുളിന്‍ ചുടുകാട്ടില്‍
മയങ്ങിക്കിടന്നു ഞാന്‍.

തെച്ചിപ്പൂമൊട്ടാല്‍ രക്ത-
മാലകള്‍ ചാര്‍ത്തിദ്ദുര്‍ഗ്ഗാ
വിഗ്രഹമുറപ്പിച്ച
കാവുകള്‍ തോറും ഭക്തി-
നമ്രമെന്‍മനസ്സിന്‍റെ ഭീതികള്‍
മിഴിയടച്ചെത്രനാള്‍ നിന്നൂ
പൂജാതല്‍പവുമേന്തിക്കൈയില്‍.

തുളസിത്തറകളില്‍
കല്‍വിളക്കുകള്‍ കത്തി-
ക്കരിവീണതാം തറ-
വാടിതു തകര്‍ന്നപ്പോള്‍

‍പരദേവതമാരേ!
നിങ്ങള്‍ തന്‍ പ്രീതിക്കായി
പുള്ളുവന്‍ പാട്ടിന്‍ നാദ-
മൊഴുകീ രാവില്‍ പ്പോലും.

പറമ്പും നിലങ്ങളും
ജപ്തിയില്‍ പ്പോയീ; പക്ഷേ
മുടങ്ങിപ്പോയില്ലല്ലോ
നിങ്ങള്‍ക്കു നൈവേദ്യങ്ങള്‍.

നിര്‍വികാരരായ്‌ ശിലാ-
വിഗ്രഹങ്ങളേ! നിന്നൂ
നിങ്ങളെന്നിട്ടും നിത്യ
നിശ്ശബ്ദസമാധിയില്‍.

ചന്ദന മരക്കൊമ്പില്‍
സര്‍പ്പങ്ങളുറങ്ങുമ്പോള്‍
ഇന്നലെ നിശാഗന്ധി-
ച്ചുവട്ടില്‍ ക്കുഴിവെട്ടി
മൂടി ഞാനെന്നുള്ളിലെ
ബ്ഭീതിയും ഗതകാല-
മൂഢവിശ്വാസങ്ങള്‍ തന്‍
ജഡഭാവനകളും.

വരുനീ ജ്യോതിര്‍മ്മയി!
സുപ്രഭാതമേ! നവ-
ദര്‍ശനോജ്വലയായി
നീയെഴുന്നള്ളും വഴി-
വക്കിലായ്‌ വെളിച്ചത്തിന്‍
ഗോപുരകവാടങ്ങള്‍
തുറന്നെന്‍ മനസ്സിതാ
കാത്തുനില്‍ക്കുന്നൂ നിന്നെ.