.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: ഒരുള്‍ നാട്ടുപെണ്‍കിടാവിന്‌

Saturday, January 12, 2008

ഒരുള്‍ നാട്ടുപെണ്‍കിടാവിന്‌

ആതിര വിളക്കിന്‍റെ
ദീപനാളവും നോക്കി
ധ്യാനമഗ്നയായ്നില്‍ക്കും
നാട്ടുപെണ്‍കിടാവേ! ഞാന്‍

കുളിരാര്‍ന്നൊരീരാവില്‍,
നിന്‍കരള്‍ത്തുമ്പില്‍ പ്പൂത്തു
കരിയും സ്വപ്നങ്ങളെ
യുമ്മവച്ചുണര്‍ത്തുവാന്‍

കാഞ്ചന മണിത്തേരി
ലേറിയീ മരുഭൂമി
താണ്ടിയിന്നൊരു കൊടും
കാറ്റുപോലണയുന്നു.

ചാട്ടവാറോങ്ങി, ക്കടി
ഞ്ഞാണുലച്ചതിവേഗം
പാഞ്ഞു പോകുമ്പോള്‍ ഞാനീ
ത്താഴ്‌വരത്തടങ്ങളില്‍

ചത്തനൂറ്റാണ്ടിന്‍ ശവ
പ്പെട്ടിയും ചുമപ്പിച്ചു
മുക്തി നേരുവാന്‍ നില്‍പൂ
കൊന്തയും പൂണൂല്‍കളും.

പൂവുകള്‍ വിരിക്കുകെന്‍
മാര്‍ഗ്ഗമദ്ധ്യത്തില്‍, ക്കണ്ണീര്‍
പ്പൂവുകളുതിര്‍ക്കാതെ
നാട്ടുപെണ്‍കിടാവേ!നീ.

നിന്‍റെ പൂര്‍വികര്‍ ചൊല്ലി:
"വിധിയാണതിന്‍ മുമ്പില്‍
കുമ്പിട്ടുനില്‍ക്കൂ; നിന്‍റെ
പൂര്‍വജന്‍മത്തിന്‍ ഫലം. "

സ്വര്‍ഗ്ഗരാജ്യത്തിന്‍ നട
പ്പാതകാട്ടുവാന്‍ വന്ന
ദൈവദൂതന്‍മാരോതി:
"പോരിക പിന്നില്‍ക്കൂടെ. "

ഗതകാലത്തിന്‍ പാപ
ഭാരവും ചുമന്നുകൊ-
ണ്ടിതിലേ വന്നൂ വീണ്ടും
മാലാഖമാരെത്രപേര്‍?

വിരിഞ്ഞൂ ശതാബ്ദങ്ങ-
ളിപ്രപഞ്ചത്തില്‍പ്പിന്നെ
ക്കരിഞ്ഞു പുഴുക്കുത്തേ-
റ്റവ മണ്ണടിഞ്ഞപ്പോള്‍

തകര്‍ന്നൂ ചെങ്കോലുകള്‍;
തെറിച്ചു വെറും മണ്ണി-
ലുരുണ്ടൂ കിരീടങ്ങള്‍;
എങ്കിലും തലപൊക്കി

നില്‍ക്കുവാനെവിടന്നു
ധൈര്യമാര്‍ന്നുവോ നിങ്ങള്‍
ക്കെന്‍കരവാളിന്‍ മുന്നില്‍
തുരുമ്പിന്‍ തരികളേ!

ഇക്കുളമ്പടിയുടെ
മാറ്റൊലി വീണ്ടും നാലു
ദിക്കിലും മുഴങ്ങുമ്പോള്‍
നാട്ടുപെണ്‍ കിടാവേ! നീ

താഴെവയ്‌ക്കുകീജ്ജപ
മാലകള്‍; വന്നൂ മുന്നില്
‍ദൈവദൂതനല്ലിതു
നിന്‍റെ കാമുകന്‍ ധീരന്‍.

കണ്ണുകളടച്ചുനീ
യെന്‍ വിരിമാറില്‍ച്ചേര്‍ന്നു
വിണ്ണിലമ്പിളിക്കല
മാതിരി കിടക്കുമ്പോള്‍

നാളെയെന്‍ തലമുറ,
ചക്രവാളത്തില്‍ പ്രേമ
കാഹളം മുഴങ്ങുമ്പോള്
‍കാണുവാന്‍ വരും നിന്നെ.

ആതിരവിളക്കിന്‍റെ
ദീപനാളത്തിന്‍ മുന്നില്‍
കൂപ്പുകൈയുമായ്നിന്ന
നാട്ടുപെണ്‍കിടവേ! നീ

ഇരുളിന്‍ തൊഴിയേറ്റു
വീണ ഭൂഖണ്ഡങ്ങളില്‍
ചവിട്ടിത്തേയ്ക്കപ്പെടും
മനുഷ്യത്വത്തിന്‍ മുന്നില്‍

ധീരമായ്‌, മധുരമാ
യ്പ്പാടുക! നിന്‍ ശബ്ദത്തിന്‍
മാറ്റൊലി മുഴങ്ങിയാല്‍
ഞെട്ടുകയില്ലേ വിശ്വം?

No comments: