പറയൂ നീ പാറുമീത്തുമ്പി തന്‍ ചിറകിനീ
മഴവില്ലിതാരാണു നല്‍കി?
വിരിയുന്നൊരരിമുല്ലമൊട്ടിന്‍റെയുള്ളിലീ
നറുമണമാരേ പകര്‍ന്നു?
പറയൂ നിലാവിനിക്കുളിരാരു നല്‍കിയീ
നിറവുമീ നേര്‍മ്മയുമൊപ്പം?
പറയൂ നിശ്ശബ്ദമായിക്കുഞ്ഞു പൂങ്കവിള്‍-
ത്തട്ടിലുരുമ്മുമീ സ്വപ്നം
എവിടെ നിന്നാരു കവര്‍ന്നു നല്‍കി, കൊച്ചു
ചൊടികളിലീ മന്ദഹാസം?
പറയൂ നിന്മിഴികളില്‍ തെളിയുമീ നീലിമ-
യ്ക്കഴകാരു ചാലിച്ചു തന്നു?
ഘനമൂകദുഃഖത്തിന്‍ ധ്വനി ചേര്‍ന്ന പാട്ടിനീ
മധുരിമയെങ്ങിനെ വന്നു?
പറയൂനീ മൂളുമീയീണത്തിലെങ്ങിനെ
കലരുന്നതീയാര്‍ദ്രഭാവം,
പുലര്‍കാല സിന്ദൂരമേഘത്തിലലിയുമീ
അനവദ്യ സൌമ്യതാഭാവം?
അറിയില്ലെനിക്കിവയെങ്കിലുമിന്നിയും
ഒരു ജന്മമുണ്ടെങ്കിലന്നും
ഇവിടീമനോഹര തീരത്തു പിന്നെയും
കവിയായി വന്നു ഞാന്‍ പാടും.
Sunday, April 6, 2008
പറയൂ നീ
Subscribe to:
Post Comments (Atom)
2 comments:
"എവിടെ നിന്നാരു കവര്‍ന്നു നല്‍കി, കൊച്ചു
ചൊടികളിലീ മന്ദഹാസം?
പറയൂ നിന്മിഴികളില്‍ തെളിയുമീ നീലിമ-
യ്ക്കഴകാരു ചാലിച്ചു തന്നു?
ഘനമൂകദുഃഖത്തിന്‍ ധ്വനി ചേര്‍ന്ന പാട്ടിനീ
മധുരിമയെങ്ങിനെ വന്നു?"
നല്ല കവിതയാണ്ട്ടോ.. ഭാസിയേട്ടാ....
ആദ്യത്തെ കമന്റ് എന്റെ വക കിടക്കട്ടെ....
ആശംസകള്‍....
Post a Comment