.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: വളപ്പൊട്ടുകള്‍

Wednesday, April 9, 2008

വളപ്പൊട്ടുകള്‍

ഈയിരുള്‍പ്പാതതന്നോരത്തുകൂടെ ഞാന്‍
വീണ്ടും നടക്കുന്നു ; നിശ്ചല ദൃശ്യങ്ങള്‍
മിന്നിത്തെളിഞ്ഞു മറയും വിദൂരമാം
ചക്രവാളങ്ങള്‍ക്കുമപ്പുറമിന്നലെ
എന്‍റെ നിരാലംബമോഹങ്ങള്‍ കൈകോര്‍ത്തു
മുട്ടിയുരുമ്മിയിരുന്നു; തിരകള്‍ വ-
ന്നീക്കടല്‍ത്തീരത്തു തട്ടിത്തകര്‍ന്നതും
നോക്കിയിരുന്നു; കാലങ്ങള്‍ തന്‍ കാല്‍പ്പാടു
മാഞ്ഞു പോയീവളപ്പൊട്ടുകള്‍ മാത്രമു-
ണ്ടേകാന്തമീ മണല്‍ത്തീരത്തിലിപ്പൊഴും.

ചിന്നിച്ചിതറിയോരീവളപ്പൊട്ടുകള്‍
നുള്ളിപ്പെറുക്കിയെടുത്തു ഞാനീയന്ധ-
കാരത്തിലൂടെ നടക്കവേ പിന്നില്‍ നി-
ന്നാരാണു നേര്‍ത്ത മധുരസ്വരത്തിലെ-
ന്നത്മാവിലൂറുമീ നൊമ്പരം പോല്‍ വീണ-
മീട്ടുന്നു, പാടുന്നു? ഞാനറിയാതെന്‍റെ
വക്കുകള്‍ക്കീണങ്ങള്‍ നല്‍കുന്നു? നിശ്ശബ്ദ-
രാവിന്‍റെ മാറിലുറങ്ങിക്കിടക്കുന്ന
മോഹങ്ങളേ! മുഗ്ധഭാവങ്ങളേ! നിങ്ങ-
ളോര്‍മ്മതന്‍ നീണ്ട നടപ്പാതയില്‍ക്കുണ്ടു
പണ്ടേ മറന്ന കളിത്തോഴര്‍; ഇന്നിതാ
പിന്നെയുമീരംഗ വേദിയിലൊത്തു നാം
നീലയവനിക വീഴുന്നതും നോക്കി
യാത്രാമൊഴികള്‍ പറയാനറിയാതെ
മൂകരായന്യരെപ്പോലെ പിരിഞ്ഞു നാം.

1 comment:

എം കെ ഭാസി said...

ചിന്നിച്ചിതറിയോരീവളപ്പൊട്ടുകള്‍
നുള്ളിപ്പെറുക്കിയെടുത്തു ഞാനീയന്ധ-
കാരത്തിലൂടെ നടക്കവേ പിന്നില്‍ നി-
ന്നാരാണു നേര്‍ത്ത മധുരസ്വരത്തിലെ-
ന്നത്മാവിലൂറുമീ നൊമ്പരം പോല്‍ വീണ-
മീട്ടുന്നു, പാടുന്നു? ഞാനറിയാതെന്‍റെ
വക്കുകള്‍ക്കീണങ്ങള്‍ നല്‍കുന്നു?