ഇരുളാര്‍ന്ന രാത്രിയില്‍ക്കേട്ടു വീണ്ടും
നിന്‍ കാലടിയൊച്ച പടികളില്‍ ഞാന്‍.
പരിചിതമിന്നുമാശബ്ദമെന്‍റെ
കരളിനെ നുള്ളിയുണര്‍ത്തിയല്ലോ.
മുകളിലേയ്ക്കോടിക്കയറിടുമ്പോള്‍
ധൃതിയില്‍ നീ തഴേയ്ക്കിറങ്ങിടുമ്പോള്‍
അറിയാമെനിക്കു തിരിച്ചറിയാം
പലനാളു കേട്ട കാലൊച്ചകളെ.
ചിതല്‍ തിന്ന കോണിപ്പടികളായി-
ട്ടറിയാതെ മാറിക്കഴിഞ്ഞുവോ ഞാന്‍?
ഒരുപ്രേതമെന്നപോല്‍ ഭൂതകാലം
മുകളില്‍ച്ചവിട്ടി നടന്നിടുന്നു.
ഒരുതുണ്ടടരുന്നിതെന്നില്‍ നിന്നും
അറിയാതെ താഴെക്കൊഴിഞ്ഞിടുന്നു.
'പഴകിയ കോണിപ്പടികളാണേ
ചിതല്‍ തിന്ന കോണിപ്പടികളാണേ
ഇതുവിധം ചാടിയിറങ്ങിടൊല്ലേ'
അരികില്‍ വന്നമ്മ പറഞ്ഞിരുന്നു.
'മുട്ടനിരുമ്പാണി വച്ച നിന്‍റെ
കട്ടിച്ചെരിപ്പിട്ടു തുള്ളിയാലേ
തകരുമിക്കോണിയെന്നോര്‍മ്മ വേണും'
അരികില്‍ വന്നമ്മ പറഞ്ഞിരുന്നു.
വലിയേട്ട! നിന്മുറി തൂത്തുവാരും
ഒരുകൊച്ചു പെണ്ണിനെയോര്‍മ്മയുണ്ടോ?
നിറയെക്കടലാസു പൂവിനായി
ചെറിയ മയില്‍പ്പീലിത്തുണ്ടിനായി
നിഴലു പോലെന്നും പുറകെയോടും
കുസൃതിക്കുരുന്നിനെയോര്‍മ്മയുണ്ടോ?
വിളറിത്തണുത്ത പുലരികളും
കുളിരുള്ള ഹേമന്ത സന്ധ്യകളും
വരികയും പോകയും ചെയ്തിടുമ്പോള്‍
അറിയുന്നു നീ തിരിച്ചെത്തുകില്ല.
ചിറകുകള്‍ വാടിക്കൊഴിഞ്ഞു വീണു
പതിനൊന്നു വര്‍ഷമടര്‍ന്നു വീണു.
ഒരു സ്വപ്നത്തിന്‍റെ ചിറകിലേറി
അരികിലെത്തുന്നു നീ വല്ലനാളും.
ഒരുവേള കണ്ടുമുട്ടീടുകില്‍ നാം
അറിയുമോ കൊച്ചനുജത്തിയേ നീ?
ഇരുളാര്‍ന്ന രാത്രിയിലിന്നലെയെന്‍
പടികളില്‍ നിന്‍റെ കാലൊച്ച കേട്ടു..
പരിചിതമാണെനിക്കിപ്പൊഴുമാ-
പ്പലനാളു കേട്ടു മറന്ന ശബ്ദം.
വലിയേട്ട! നീ വെറും പൂഴിമണ്ണില്‍
ഒരുപിടിച്ചാരമായ്‌ചേര്‍ന്നുവല്ലോ.
ചിതല്‍തിന്ന കോണിപ്പടികളായി-
ക്കഴിയുന്നു ഞാനീപ്പഴയ വീട്ടില്‍.
വോങ് മേയുടെ Saw Dust എന്ന ഇംഗ്ലിഷ് കവിതയുടെ മൊഴിമാറ്റം
Wednesday, April 16, 2008
വലിയേട്ടന്‍
Subscribe to:
Post Comments (Atom)
2 comments:
വിളറിത്തണുത്ത പുലരികളും
നിറമുള്ള ഹേമന്ത സന്ധ്യകളും
വരികയും പോകയും ചെയ്തിടുമ്പോള്‍
അറിയുന്നു നീ തിരിച്ചെത്തുകില്ല.
"പറയൂ, പരാതി നീ കൃഷ്ണേ!
നിന്‍റെ വിറയാര്‍ന്ന ചുണ്ടുമായ്
പറയൂ, പരാതി നീ കൃഷ്ണേ!
അവിടെ നീ അങ്ങനിരിക്കൂ,
മുടിക്കതിരുകളല്പമൊതുക്കൂ.
നിറയുമ കണ്ണുകളില്‍ കൃഷ്ണമണികളില്‍
നിഴലുപോലെന്നെ ഞാന്‍ കാണ്മൂ!"
എവിടെ വാക്കുകള്‍............? വാക്കുകള്‍ പരസപരം ലയിച്ചു കവിത മാത്രം...................!!
Post a Comment