പാട്ടുപാടുന്നൂ മുളങ്കാടുകളൊഴുകുന്നൂ
കാട്ടുചോലയെന്‍ മുന്നില്‍ മുഗ്ദ്ധലാവണ്യം പോലെ.
എന്മടിത്തട്ടില്‍ പ്രിയ! നീയുറങ്ങുന്നൂ ഗാഢം
വിണ്ണില്‍ നിന്നടര്‍ന്നൊരു സ്വപ്നമാധുരി പോലെ.
ഇരുള്‍മൂടിയ ദണ്ഡകാരണ്യ തടങ്ങളില്‍
കരളില്‍ക്കുളിരാര്‍ന്ന രാവുകള്‍ മറന്നു ഞാന്‍.
ചന്ദ്രിക വീഴും മരച്ചാര്‍ത്തുകള്‍ക്കിടയിലായ്
പര്‍ണ്ണശാലയില്‍ വാണ നാളുകള്‍ മറന്നു ഞാന്‍.
ചിത്രകൂടാര്‍ദ്രിക്കു മേല്‍ സന്ധ്യകളെഴുതിയ
ചിത്രഭംഗികള്‍ കണ്ട രംഗവും മറന്നു ഞാന്‍.
എങ്കിലുമിന്നും പ്രിയരാഘവ! മിഴിയട-
ച്ചെന്‍മടിത്തട്ടില്‍ത്തന്നെ നീയുറങ്ങുകയല്ലോ!
സ്മൃതിമാധുര്യങ്ങളേ! തളരും മിഴികളില്‍
മുത്തമിട്ടീരാവിലെന്നോര്‍മ്മകളുണര്‍ത്തുവാന്‍
ഈവന നികുഞ്ജകച്ഛായയില്‍, വാല്‍മീകി ത-
ന്നാശ്രമ വനികയില്‍ നിങ്ങളെന്തിനു വന്നു?
Tuesday, April 1, 2008
മൈഥിലി
Subscribe to:
Post Comments (Atom)
No comments:
Post a Comment