.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: തിരകള്‍

Friday, March 28, 2008

തിരകള്‍

ഉയരുന്നൂ തിര; കടലിരമ്പുന്നു
ഇവിടെ ഞാന്‍ തീര്‍ത്ത മണലിന്‍ കോട്ടകള്‍
തകരുമ്പോളേതോ മറന്ന ഗാനത്തി -
ന്നലകള്‍ നീന്തുമീത്തണുത്ത കാറ്റിന്‍റെ
വിരലില്‍ത്തൂങ്ങിയെന്നരികിലെത്തുന്ന
കഥകളേ! നിങ്ങളറിയുമോ കടല്‍-
ക്കരയിലിന്നലെയിരുണ്ടു മൂടിയ
മഴയിരമ്പുന്ന നനഞ്ഞ സന്ധ്യയില്‍
ഉടഞ്ഞ ശംഖുകള്‍ നിറഞ്ഞ കൈയുമായ്‌
ഇവിടെ ഞാനിരു, ന്നിതു വഴി മിന്നല്‍-
ക്കൊടികള്‍ കെട്ടിയ രഥത്തിലെന്‍ മന-
സ്സൊരുക്കി വച്ചതാം വഴിയിലൂടെ നിന്‍
വരവിനായന്നും, തിരകള്‍ വന്നെന്‍റെ
മണലിന്‍ കോട്ടകളിടിച്ചു, പിന്നെയും
കടലിരമ്പുമീക്കരയിലിന്നു ഞാന്‍
തിരികെയെത്തുന്നു, പഴയ വാനത്തിന്‍
ചരിവില്‍ നോക്കി ഞാനിരിക്കുന്നു, നിന്‍റെ
വഴികളില്‍ വാരി വിതറുവാനൊരു
വിളറി വീണ പൂവിതളുമില്ലിനി
വരികയില്ല നീയിതുവഴിയെന്നു
പറയുന്നു കടല്‍ത്തിരകളെങ്കിലും
ഇരുള്‍ പരക്കുമീക്കരയിലേകാന്ത-
പഥികനായി ഞാനലയുമ്പോള്‍, വീണ്ടു-
മുയരുമീക്കടലലകളുമെന്‍റെ
കരളിനുള്ളിലെത്തിരകളും വന്നു
ചിതറി വീഴുമീമണലിലെന്‍റെ കാ-
ലടികള്‍ വീണതാം വഴികളില്‍ വെള്ള-
ക്കുതിര പൂട്ടിയ കനകത്തേര്‍ തെളി-
ച്ചൊരു രജനിയിലിതിലെയെത്തവേ
അകലെ മാറി ഞാനിവിടെ നിന്നിടും
അരികിലെത്തുമ്പോളറിയുമെന്നെ നീ.

ഒരു നിമിഷമാമിഴിയിലത്ഭുതം!
ഒരു നിമിഷമെന്‍ കരളിലുത്സവം!

.

4 comments:

എം കെ ഭാസി said...

അകലെ മാറി ഞാനിവിടെ നിന്നിടും
അരികിലെത്തുമ്പോളറിയുമെന്നെ നീ.

ബാജി ഓടംവേലി said...

നല്ല ആശയം.....
നല്ല വരികള്‍.....
ആശംസകള്‍.....

ഫസല്‍ ബിനാലി.. said...

കവിത ഇഷ്ടമായി
ഇനിയും ഞാനീ കവിത വായിക്കേണ്ടിയിരിക്കുന്നു,
കാരണം വായിക്കുന്തോറും കൂടുതല്‍ വിശാലമാകുന്നുവീ കവിത
ആശംസകള്‍

എം കെ ഭാസി said...

ഇനിയും വായിക്കേണ്ടിയിരിക്കുന്നു എന്നു തോന്നിയോ ഫസലിന്‌? എങ്കില്‍ ഇതു കവിതയായിരിക്കണം. നന്ദി!

എം കെ ഭാസി