.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: പോയകാലങ്ങളേ നന്ദി

Friday, March 7, 2008

പോയകാലങ്ങളേ നന്ദി



പോയ കാലങ്ങളേ,
നന്ദി ചൊല്ലുന്നു ഞാന്‍
ഈമരുഭൂവിലെ -
യുച്ചക്കൊടും വെയില്‍
ത്തീയിലുരുകി
യൊലിക്കുന്ന സ്വപ്നങ്ങള്‍
തീര്‍ക്കും മരീചിക
നോക്കിയിരിക്കുന്ന
പാവം മനസ്സേ!
നമുക്കിന്നു കൈവിട്ടു
പോയ കാലങ്ങള്‍ക്കു
നന്ദി ചൊല്ലീടുക

ഏതു ദിവാസ്വപ്ന -
മേഖലയ്ക്കുള്ളിലാ -
ണാനല്ല സൌവര്‍ണ്ണ
ഭൂമി? നാമിന്നലെ
ത്തേടിയലഞ്ഞു
നടന്ന വഴികളി -
ലേകാന്ത മൂകം
തളര്‍ന്നു മയങ്ങിയ
രാവിന്‍റെ കൂടാര -
ഗോപുരദ്വാരത്തി -
ലാരാണു കാവല്‍
നില്ക്കുന്നിന്നു? പിന്നെയും
ആരാണു സ്വര്‍ണ്ണ-
രഥത്തില്‍ കൊടിക്കൂറ
പാറിച്ചു പായിച്ചു
പോകുന്നു? മുന്നോട്ടു
നീളുമീയജ്ഞാത
മാര്‍ഗ്ഗത്തിനപ്പുറം
കാണാത്ത സ്വര്‍ഗ്ഗങ്ങള്‍
തേടി നാം, കേള്‍ക്കാത്ത
ഗാനത്തിനായിട്ടു
കാതോര്‍ത്തു നില്ക്കയാ -
ണീനീണ്ട രാത്രിയി -
ലിപ്പോഴുമെങ്കിലും
പാവം മനസ്സേ!
നമുക്കിന്നു നേടാത്ത
വാഗ്ദത്ത ഭൂമിയും
നേട്ടമായ്ത്തീര്‍ക്കുക.

പോയകാലങ്ങളേ,
നന്ദി! യീമദ്ധ്യാഹ്ന
വേനലില്‍ക്കൊണ്ടു
വന്നെത്തിച്ചു നിങ്ങളി-
ന്നെങ്കിലും, നല്‍കിയോ -
രാദ്യ പാഠങ്ങള്‍ക്കു
നന്ദി! യെന്നാത്മ -
ക്ഷതങ്ങളും നേട്ടങ്ങ -
ളായിട്ടു മാറ്റാന്‍
പഠിപ്പിച്ചു നിങ്ങളെന്‍
മൂകദുഃഖങ്ങളെ
മുത്താക്കി മാറ്റിയോര്‍.

തോല്‍വി തന്‍ പട്ടട -
ച്ചാരത്തില്‍ നിന്നിതാ
വീണ്ടുമുണര്‍ന്നു
പറന്നു പൊങ്ങുന്നൊരീ
സ്വര്‍ണ്ണച്ചിറകുള്ള
പക്ഷിക്കു ജീവനും
ശക്തിയും നല്‍കിയോര്‍ -
നന്ദി ചൊല്ലുന്നു ഞാന്‍.

2 comments:

G.MANU said...

:)

ഒരു “ദേശാഭിമാനി” said...

"യെന്നാത്മ -
ക്ഷതങ്ങളും നേട്ടങ്ങ -
ളായിട്ടു മാറ്റാന്‍
പഠിപ്പിച്ചു"

വെറും അനുഭവങ്ങള്‍ മാത്രം നേട്ടങ്ങളായിട്ട് അനേകം ഇവിടെ വര്‍ഷങ്ങളായി ജീവിക്കുന്നുട്. ഇതു വായിച്ചപ്പോള്‍ അവരെ ആണു മനസ്സില്‍ ഓര്‍മ്മ വന്നതു!

നന്നായിരിക്കുന്നു!