പുലര്‍കാല കിരണങ്ങള്‍ നീളുന്ന വഴികളില്‍
ഇവിടെ ഞാനെത്രനാള്‍ കാത്തുനിന്നു
കഥയറിയാതെ ഞാന്‍ നോക്കിനിന്നു!
ഇരുളും വെളിച്ചവും കൈകോര്‍ത്തു പിന്നെയും
ഇതിലേ നടക്കുന്ന സന്ധ്യകളില്‍
അകലത്തിലുയരത്തിലെങ്ങുനിന്നോ നിന്‍റെ
തിരുനാമ കീര്‍ത്തനം കേട്ടിരുന്നു
അറിയാതെ കൈകൂപ്പി നിന്നിരുന്നു.
മിഴി തുറന്നങ്ങോട്ടു നോക്കുമ്പോഴൊക്കെ നിന്‍
സ്വര്‍ണ്ണക്കൊടിമരം കണ്ടിരുന്നു
വര്‍ണ്ണക്കൊടികളും കണ്ടിരുന്നു.
തഴുതിട്ട ഗോപുരനടവാതില്‍ മുന്നിലായ്
പരിചയും വാളുമായപ്പൊഴും നിന്‍
പടയാളിമാര്‍ കാവല്‍ നിന്നിരുന്നു.
അന്നു ഞാനെന്‍റെ മനസ്സിനുള്ളില്‍
ഒരു കൃഷ്ണ വിഗ്രഹം തീര്‍ത്തു വച്ചു
ഒരു നുള്ളു വെട്ടം കൊളുത്തി വച്ചു.
പിന്നെയൊരിക്കലുമീവഴിയില്‍
നിന്നില്ല ദര്‍ശനം തേടുവാന്‍ ഞാന്‍
വന്നില്ലനുഗ്രഹം നേടുവാന്‍ ഞാന്‍.
ഇന്നു ഞാനെന്‍റെ പൂക്കൂടയുമായ്
നിന്‍ സന്നിധാനത്തില്‍ വന്നു നിന്നു
മിഴികളടച്ചു തൊഴുതു നിന്നു.
ഒരു കൃഷ്ണ തുളസീദളത്തിലെന്‍റെ
കദനങ്ങളൊപ്പിയെടുത്തു നിന്‍റെ
പദതാരിലര്‍പ്പിച്ചു നോക്കി നിന്നു.
പറയുന്നു നീയെന്നെ നോക്കി മന്ദം:
എന്‍റെ ദേവാലയം -- അറിയുകില്ലേ
നിന്നന്തരാത്മാവില്‍ മാത്രമല്ലേ?
Monday, March 10, 2008
ദേവാലയം
Subscribe to:
Post Comments (Atom)
1 comment:
"ഒരു കൃഷ്ണ തുളസീദളത്തിലെന്‍റെ
കദനങ്ങളൊപ്പിയെടുത്തു നിന്‍റെ
പദതാരിലര്‍പ്പിച്ചു നോക്കി നിന്നു" നല്ല വരികള്‍.. :)
Post a Comment