ഏകാന്തമിത്തീരഭൂമിയിലജ്ഞാത
ഭാവി പോലീവഴീത്താര.
ഈവഴിത്താരയിലൂടെ നടക്കയാ -
ണീരാത്രി നാമിരുപേരും.
കര്‍പ്പൂരദീപങ്ങള്‍ ചിത്രം വരയ്ക്കുമീ -
യന്തരീക്ഷങ്ങളില്‍ക്കൂടെ
സത്യവും തേടിയലഞ്ഞവരാണു നാം
സ്വര്‍ഗ്ഗകവാടത്തിലൂടെ.
കത്തിയെരിയും മെഴുതിരിച്ചാര്‍ത്തുമായ്
എത്രയോ രാവുകള്‍ തോറും
മുട്ടുകള്‍ കുത്തിയിപ്പാതിരാവില്‍കാത്തു -
നിന്നവരാണു നാമെന്നും.
മോക്ഷങ്ങളെന്‍വഴി മാത്രമെന്നോതിയീ
മാര്‍ഗ്ഗത്തില്‍ വന്നവരെല്ലാം
വാളും പരിചയുമായിപ്പടവെട്ടി
വീണതും നോക്കി നാം നിന്നു.
അറ്റങ്ങള്‍ കാണത്തൊരീനടപ്പാതയില്‍
പിന്നെയും മുന്നോട്ടു പോകെ
സ്നേഹം ചിറകറ്റു വീണു പിടയുന്ന
ദാരുണദൃശ്യങ്ങള്‍ കണ്ടു.
ദാഹിച്ചു ദാഹിച്ചു വീണുറങ്ങിപ്പോയ
മോഹഭംഗങ്ങളെപ്പോലെ
അമ്പലത്തൂണിലെക്കല്‍വിളക്കില്‍ത്തിരി
എണ്ണ തീര്‍ന്നെല്ലാമണഞ്ഞു.
കണ്‍തുറക്കാത്ത ദൈവങ്ങളെ നോക്കി നാം
അന്ധകാരത്തിലലഞ്ഞു
പഞ്ചലോഹത്തിലെ സങ്കല്‍പ മൂര്‍ത്തികള്‍
മണ്ണില്‍ വീണെന്നേ തകര്‍ന്നു.
മര്‍ത്ത്യനെ മര്‍ത്ത്യന്‍ ചവിട്ടിയകറ്റുന്ന
ദുഃഖസത്യങ്ങള്‍ക്കു പോലും
ആരാണു രൂപങ്ങള്‍ നല്കി? സ്മൃതികളില്‍
ആരുതീര്‍ത്തീനീതിശാസ്ത്രം?
ഈമണ്ണില്‍ വീണ മനുഷ്യന്‍റെ കണ്ണുനീര്‍
കാണാതുറങ്ങി യുഗങ്ങള്‍.
ആ നീണ്ട നീലനിശീഥത്തിലെങ്ങിനെ
മൂകരായ് നിങ്ങള്‍ മയങ്ങി?
എന്നെ ഞാനായി വളരാന്‍ വിലക്കുന്ന
ധര്‍മ്മശാസ്ത്രങ്ങള്‍ക്കു നേരെ
ശബ്ദമുയര്‍ത്താനൊരുങ്ങാത്ത നിങ്ങളില്‍
നഷ്ടവിശ്വാസി ഞാനെന്നും.
Thursday, March 20, 2008
നഷ്ടവിശ്വാസി
Subscribe to:
Post Comments (Atom)
3 comments:
എന്നെ ഞാനായി വളരാന്‍ വിലക്കുന്ന
ധര്‍മ്മശാസ്ത്രങ്ങള്‍ക്കു നേരെ
ശബ്ദമുയര്‍ത്താനൊരുങ്ങാത്ത നിങ്ങളില്‍
നഷ്ടവിശ്വാസി ഞാനെന്നും.
നല്ല വരികള്‍!
Post a Comment