.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: നദി നീണ്ടൊഴുകുന്നു പിന്നെയും

Saturday, March 15, 2008

നദി നീണ്ടൊഴുകുന്നു പിന്നെയും

നദി നീണ്ടൊഴുകുന്നു
പിന്നെയു; മഗാധമാം
ചുഴിയില്‍, ക്കയങ്ങളില്‍
നോക്കി ഞാനിരിക്കുന്നു.

മര്‍ത്ത്യനെ ക്കാട്ടാളനായ്
മാറ്റിയ ചരിത്രത്തിന്‍
ചെന്നിണം നിറം പിടി-
പ്പിച്ചതീ മണല്‍പ്പുറം.

ജപമാലയുമായി,
നഗ്നതാണ്ഡവമാടി
മതവൈരവുമായി
നില്‍ക്കുകയല്ലോ നമ്മള്‍.

ഇവിടെക്കഴുത്തറ്റു
വീണുപോല്‍ പ്രവാചകര്‍
ഇവിടെക്കുരിശിന്മേല്‍
തൂങ്ങി പോല്‍ ജീസസുമാര്‍.

വേണുഗാനത്തിന്‍ ലോല-
നാദധാരകള്‍ കേട്ട
യാദവ വിഹാരങ്ങള്‍
മാറാല മൂടിക്കെട്ടി.

ഹിന്ദുവും മുസല്‍മാനും
കത്തിയാല്‍ തമ്മില്‍ക്കുത്തി;
അങ്ങിനെ നിറം പകര്‍-
ന്നൊഴുകീ യമുനകള്‍.

നദി നീണ്ടൊഴുകട്ടെ
പിന്നെയും; കാലത്തിന്‍റെ
ഗതിയില്‍ത്തലപൊക്കു -
മോളങ്ങളൊന്നാകട്ടെ.

തളിരും താരും തമ്മില്‍
പ്പുണരും തീരങ്ങളെ
തഴുകിക്കൊണ്ടീ നദി
ശാന്തമായൊഴുകട്ടെ.

ചുഴിയില്‍, ക്കയങ്ങളില്‍
ചടുവാനല്ലല്ലോ നാം
കഴിവും കരുത്തുമാര്‍-
ജ്ജിച്ചതീ യുഗങ്ങളില്‍.

No comments: