.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: നദി നീണ്ടൊഴുകുന്നു

Thursday, March 13, 2008

നദി നീണ്ടൊഴുകുന്നു

നദി നീണ്ടൊഴുകുന്നു ;
പിന്നെയുമഗാധമാം
ചുഴിയില്‍, കയങ്ങളില്‍
നോക്കി ഞാനിരിക്കുന്നു.

വനജ്യോത്സ്നകള്‍ പൂത്ത
മുനിവാടത്തില്‍, ദര്‍ഭ -
ക്കതിര്‍ ചൂടിയ നീല
നര്‍മ്മദാതടങ്ങളില്‍,

ഗിരിഗഹ്വരങ്ങളില്‍ ,
കാനന മരച്ചില്ല
തണലേകിയ കാവി -
ലിരുളിന്‍ നിഴല്‍കളില്‍,

ചക്രവാളങ്ങള്‍ മിഴി -
ചിമ്മി നില്‍ക്കവേ, ചിതല്‍ -
പ്പുറ്റുകള്‍ വളര്‍ന്നെന്നെ
മൂടിയ യുഗങ്ങളില്‍,

ഇന്നലെ, മനോഹര
സന്ധ്യകള്‍ പൂജാപുഷ്പ
തല്പവുമേന്തിക്കൊണ്ടു
നിന്നതാം വഴികളില്‍,

പ്രേമഗൌതമനായ്‌ ഞാ-
നലഞ്ഞൂ; പൊള്ളും മണല്‍
ക്കാട്ടിലുമെന്‍കാലടി-
പ്പാടുകള്‍ പതിഞ്ഞല്ലോ.

നിങ്ങള്‍ തന്‍ പാപത്തിന്‍റെ
മുള്‍ക്കിരീടവും ചൂടി-
ക്കണ്ണുകളടച്ചു ഞാന്‍
ലയിച്ചൂ സമാധിയില്‍.

വേദമന്ത്രവും ചുണ്ടില്‍,
ക്കൈകളില്‍ത്തോക്കും ചൂണ്ടി
വീണ്ടുമെന്‍ മുന്നില്‍ത്തൊഴു-
കൈയുമായ്‌ നില്പൂ നിങ്ങള്‍.

നദി നീണ്ടൊഴുകുന്നു;
പിന്നെയുമഗാധമാം
ചുഴിയും, കയങ്ങളും
നോക്കി ഞാനിരിക്കുന്നു.

1 comment:

Preetha George Manimuriyil said...

കവിത കൊള്ളാം.ഭാവാത്മകമായിരിക്കുന്നു