എന്‍റെ സ്വപ്നങ്ങളുമൊന്നിച്ചിതേവഴി
കൈകോര്‍ത്തലഞ്ഞു നടന്ന യാമങ്ങളില്‍
ഇന്നും നിശാഗന്ധി പൂക്കുന്നതും നോക്കി
നില്‍ക്കുവാനാഗ്രഹമുണ്ടെനിക്കെങ്കിലും
നീണ്ടുകിടക്കുന്നൊരീയുദ്ധഭൂമിയില്‍
വീണ്ടും മനുഷ്യനെത്തേടിയെത്തുന്നു ഞാന്‍.
കെട്ടടങ്ങാതെയുന്നുള്ളില്‍ ജ്വലിക്കുന്ന
ദുഃഖസത്യങ്ങള്‍ തന്നഗ്നികുണ്ഡങ്ങളില്‍
വെട്ടിയരിഞ്ഞു ഞാന്‍ ഹോമിച്ചു നാറുന്ന
നിങ്ങള്‍ തന്‍ സാമൂഹ്യ നീതിശാസ്ത്രങ്ങളെ.
സ്വര്‍ണ്ണനാണ്യങ്ങള്‍ക്കു ദൈവത്തെ വില്‍ക്കുന്ന
ദല്ലാളര്‍ നോക്കിപ്പകച്ചു നില്‍ക്കുമ്പോള്‍ ഞാന്‍
മുങ്ങിയെടുത്തു പ്രതിഷ്ഠിച്ചു മുന്നിലെ -
ന്നുള്ളിലുമെന്നാത്മ ചൈതന്യവിഗ്രഹം.
ഞെട്ടിയുണര്‍ന്നു ഞാന്‍; മാനവസംസ്കൃതി
പിച്ചവച്ചീവഴി വന്ന യുഗങ്ങളില്‍
ആരു തീര്‍ത്തീമണല്‍ത്തിട്ടകള്‍, വേലികള്‍
ആരു തീര്‍ത്തീമതില്‍ക്കെട്ടുകള്‍, കോട്ടകള്‍?
തട്ടിത്തകര്‍ത്തവ പിന്നെയും മുന്നോട്ടു
മുന്നോട്ടു പോകുമെന്‍ മാര്‍ഗ്ഗമദ്ധ്യങ്ങളില്‍
കൊന്തയും പൂണൂലുമായ് വന്നു നില്‍ക്കുന്ന
ഗര്‍വമേ! നിന്നെയവഗണിക്കുന്നു ഞാന്‍.
നിത്യ ഹരിതമീപ്പുല്‍പ്പരപ്പിള്‍, ധ്യാന -
മഗ്നരായ് നിമിഷങ്ങള്‍ മിഴിയടയ്ക്കേ
മായാത്ത, മാറാത്തൊരെന്‍ മുറിപ്പാടുമായ്
ഈരാത്രി ഞാനീക്കുരുക്ഷേത്രഭൂമിയില്‍
വന്നു നില്‍ക്കുന്നു പിതാമഹ! നിന്‍ ശര -
ശയ്യയ്ക്കു മുന്നിലനുഗ്രഹം തേടുവാന്‍
ഏകാന്തശാന്തമീയന്തരീക്ഷത്തിലെന്‍
മൂകാശ്രു വീണു നനവാര്‍ന്നമണ്ണിതില്‍
പൂജാമലരുകളില്ലാതെ, മന്ത്രവും
വേദവും ചൊല്ലാതെയൊറ്റയ്ക്കു നില്‍പു ഞാന്‍.
രക്തം കലര്‍ന്നിന്നു വീണ്ടുമൊഴുകുമീ
ഗംഗയില്‍ മുങ്ങിക്കുളിക്കുന്ന ഭക്തിയില്‍
വീണുമരിക്കും മനുഷ്യനെയോര്‍ത്തു ഞാ -
നാകവേ ദുഃഖിതന്‍, വീണ്ടും പരാജിതന്‍.
അറ്റങ്ങള്‍ കാണത്തൊരീവഴിത്താരയില്‍
ഇന്നും മനുഷ്യനെത്തേടിയെത്തുന്നു ഞാന്‍.
കണ്ടുവോ നിങ്ങളാരാനുമീഭൂമിയില്‍
പണ്ടു നടന്ന മനുഷ്യനെയീവഴി?
Tuesday, March 18, 2008
ശരശയ്യ
Subscribe to:
Post Comments (Atom)
1 comment:
നല്ല വരികള്‍.
-സുല്‍
Post a Comment