.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: April 2008

Tuesday, April 29, 2008

നാടകവേദി, സിംഗപ്പൂര്‍


നാടകവേദി, സിംഗപ്പൂര്‍, 26 ശനിയാഴ്ച ഉല്‍ഘാടനം ചെയ്യപ്പെട്ടു. റിപ്പബ്ലിക്‌ പോളിടെക്‌നിക് കള്‍ച്ചറല്‍ സെന്‍ററില്‍ ഒരു നിറഞ്ഞ സദസ്സിനു മുന്‍പില്‍ വച്ച്‌ ശ്രീ ഗോപിനാഥ് പിള്ള (ഇറാനിലെ സിംഗപ്പൂര്‍ അംബാസ്സഡര്‍)യും ശ്രീ ജയദേവ്‌ ഉണ്ണിത്താനും നിലവിളക്കു കൊളുത്തി ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു.

പരേതനായ എന്‍ സി കട്ടേലിന്‌ ആദരാഞ്ജലിയോടെയാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌.

നാടകവേദി താഴെപ്പറയുന്നവര്‍ക്ക്‌ അവാര്‍ഡുകള്‍ സമ്മാനിച്ചു:
എം കെ ഭാസി
മുന്ന
ജി പി രവി
കെ രാധാകൃഷ്ണ മേനോന്‍
എം എം ഡോള
രാജാമണി ഫ്രാന്‍സിസ്‌
സരസ്വതി പിള്ള
സോണിയാ നായര്‍

ക്യാപ്ടന്‍ ജി അശോക്‌ കുമാര്‍ (ഡിഫന്‍സ്‌ അഡ്‌വൈസര്‍, ഹൈ കമ്മിഷന്‍ ഒഫ്‌ ഇന്‍ഡ്യ) അവാര്‍ഡുകള്‍ വിതരണം ചെയ്തു.(എം കെ ഭാസി അവാര്‍ഡ്‌ സ്വീകരിക്കുന്നതാണ്‌ ചിത്രം.)

ഡോ ഗൌരീ ഇന്ദുശേഖറും ശബരി ഗിരിയും അവതരിപ്പിച്ച ഭരതനാട്യവും കുച്ചിപ്പുടി നൃത്തവും, ദിവ്യ ഉണ്ണിയുടെ ഗാനവും കഴിഞ്ഞ്‌ മണ്‍കോലങ്ങള്‍ എന്ന നാടകത്തോടെ പരിപാടികള്‍ അവസാനിച്ചു.

Wednesday, April 23, 2008

യുഗസംക്രമ സന്ധ്യയില്‍

യുഗസംക്രമ സന്ധ്യയിങ്കല്‍ നിന്‍
പുകള്‍ പോല്‍ പാറി വരുന്നൊരോര്‍മ്മയില്‍
വിരിവൂ പുലര്‍കാലവേളയില്‍
തെളിയും താമര പൂത്ത പൊയ്‌കകള്‍.

അനഘാശയ! നിന്‍റെ വീണപൂ -
വിതളിന്‍തുമ്പിലെ മഞ്ഞുനീര്‍ക്കണം
മണിമുത്തതു പോലെയിന്നുമെന്‍
നിധിയായ്‌ മാറിലണിഞ്ഞിരിപ്പു ഞാന്‍.

ഹിമശൈല വനാന്തരങ്ങളില്‍
കുളിരും കോരി വരുന്ന വായുവില്‍
തളിരാര്‍ന്നൊരു ദേവദാരുവിന്‍
തണലില്‍, ചിന്തയില്‍ മുങ്ങി നില്‍പു നീ.

ഇരുള്‍ മൂടിയ വിന്ധ്യ പര്‍വതം
കര കാണത്തൊരു രേവ തന്‍ ഹ്രദം
നറുചമ്പക ഗന്ധമാര്‍ന്നൊരീ
വഴിയില്‍ക്കൂടെ നയിക്കയെന്നെ നീ.

അറിവിന്‍റെ വെളിച്ചമൊക്കെയും
ഒരുകൈക്കുമ്പിളില്‍ മൂടിവയ്ക്കുമീ
ദുരവസ്ഥകള്‍ വെട്ടിമാറ്റുവാന്‍
പടവാളേന്തിയതാണു നിന്‍ കരം.

തെളിനീരു പകര്‍ന്നു നല്‍കി നീ
വരളും വേനലിലെന്‍റെ കൈകളില്‍.
അറിയുന്നിതു നിന്‍റെ നൊമ്പരം
വിരിയും നീള്‍മിഴി തന്‍റെ മോഹവും.

തലയില്‍ പുക ചൂഴ്ന്ന തീയുമായ്‌
ചുടലബ്ഭൂതമിറങ്ങുമീവഴി
ഒരു നേര്‍ത്ത മയൂഖലേഖപോല്‍
വരവായ്‌ കൈകളിലോടുമേന്തി നീ.

പകയും പരപുച്ഛവും കലര്‍-
ന്നണലിപ്പാമ്പുകള്‍ ചേരുമീവഴി
അറിയുന്നു; പറന്നു പൊങ്ങുവാന്‍
ചിറകും ശക്തിയുമാര്‍ന്നിരുന്നു നീ.

പടികൊട്ടിയടച്ചു മുന്നില്‍ നിന്‍
വഴിയെല്ലാമഭിജാതര്‍, മാനികള്‍!
സ്വയമാഞ്ഞവര്‍ പുല്‍കിടുന്നുവോ
കനിവാലിന്നിഹ നിന്‍ കിടാങ്ങളെ?

ജഗദീശ! (ജയിക്ക!) അന്ധരാ-
മിവര്‍ തന്‍ കണ്ണുകള്‍ നീ തുറക്കുക!
ഭവദീയ ദയാര്‍ദ്രമായിടും
കരുണയ്ക്കായിവരര്‍ഹരാവുക!

ഇവിടെപ്പുഴവക്കിലിപ്പൊഴും
മുറതെറ്റാതിവര്‍ കാവല്‍ നില്‍ക്കയാം.
വില വാങ്ങിയതായിരിക്കണം
പൊടിമണ്ണാര്‍ന്നൊരു നിന്‍റെ കല്‍ത്തറ.

വനചന്ദ്രിക മാഞ്ഞു പോയിടും
കരിനാഗങ്ങളിഴഞ്ഞു പോയിടും
ഇവിടം ജനശൂന്യമായിടും
കവി ഞാന്‍ മാത്രമിരുന്നു പാടിടും.

Friday, April 18, 2008

രത്നകിരീടം

എന്മാനസമലരിതളതില്‍ മുത്തും
മുഗ്ദ്ധോജ്വലമാമൊരു കല്‍പന തന്‍
ചുണ്ടിണയിങ്കലിതാരേ തേച്ചു
കുങ്കുമരാഗം? സന്ധ്യകള്‍ തന്‍ കവി -
ളിങ്കലുരുമ്മിയ മുകിലുകളാണോ?
മഴവില്ലാണോ? താരകളാണോ?

പുല്ലാങ്കുഴല്‍വിളി പുളകം ചാര്‍ത്തിയ
യമുനാസൈകതഭൂമിയില്‍ നില്ക്കേ
തെളിനീരൊഴുകും നദിയുടെ മാറില്‍
തെളിയും നിഴലില്‍ ഗന്ധര്‍വന്‍മാ -
രൊഴുകി നടക്കും പുലര്‍കാലത്തിന്‍
കുളിരുകള്‍ ചൂടിയ കരളും പേറി
താമരയിതളില്‍ കൂര്‍ത്തൊരു നഖമുന -
യാലൊരു കാവ്യം ഞാനെഴുതുമ്പോള്‍
ഇതുവഴി, നീണ്ടയുഗങ്ങള്‍ പിന്നി -
ട്ടിതുവഴി വന്ന കിനാവുകളേ, മധു -
രോജ്വല നീലനിലാവുകളേ,
ആരുടെ കൈയുകളാണെന്‍ തലയില്‍
ചൂടിയതീ നവരത്ന കിരീടം?

Wednesday, April 16, 2008

വലിയേട്ടന്‍

ഇരുളാര്‍ന്ന രാത്രിയില്‍ക്കേട്ടു വീണ്ടും
നിന്‍ കാലടിയൊച്ച പടികളില്‍ ഞാന്‍.
പരിചിതമിന്നുമാശബ്ദമെന്‍റെ
കരളിനെ നുള്ളിയുണര്‍ത്തിയല്ലോ.

മുകളിലേയ്ക്കോടിക്കയറിടുമ്പോള്‍
ധൃതിയില്‍ നീ തഴേയ്ക്കിറങ്ങിടുമ്പോള്‍
അറിയാമെനിക്കു തിരിച്ചറിയാം
പലനാളു കേട്ട കാലൊച്ചകളെ.

ചിതല്‍ തിന്ന കോണിപ്പടികളായി-
ട്ടറിയാതെ മാറിക്കഴിഞ്ഞുവോ ഞാന്‍?
ഒരുപ്രേതമെന്നപോല്‍ ഭൂതകാലം
മുകളില്‍ച്ചവിട്ടി നടന്നിടുന്നു.
ഒരുതുണ്ടടരുന്നിതെന്നില്‍ നിന്നും
അറിയാതെ താഴെക്കൊഴിഞ്ഞിടുന്നു.

'പഴകിയ കോണിപ്പടികളാണേ
ചിതല്‍ തിന്ന കോണിപ്പടികളാണേ
ഇതുവിധം ചാടിയിറങ്ങിടൊല്ലേ'
അരികില്‍ വന്നമ്മ പറഞ്ഞിരുന്നു.

'മുട്ടനിരുമ്പാണി വച്ച നിന്‍റെ
കട്ടിച്ചെരിപ്പിട്ടു തുള്ളിയാലേ
തകരുമിക്കോണിയെന്നോര്‍മ്മ വേണും'
അരികില്‍ വന്നമ്മ പറഞ്ഞിരുന്നു.

വലിയേട്ട! നിന്മുറി തൂത്തുവാരും
ഒരുകൊച്ചു പെണ്ണിനെയോര്‍മ്മയുണ്ടോ?
നിറയെക്കടലാസു പൂവിനായി
ചെറിയ മയില്‍പ്പീലിത്തുണ്ടിനായി
നിഴലു പോലെന്നും പുറകെയോടും
കുസൃതിക്കുരുന്നിനെയോര്‍മ്മയുണ്ടോ?

വിളറിത്തണുത്ത പുലരികളും
കുളിരുള്ള ഹേമന്ത സന്ധ്യകളും
വരികയും പോകയും ചെയ്തിടുമ്പോള്‍
അറിയുന്നു നീ തിരിച്ചെത്തുകില്ല.

ചിറകുകള്‍ വാടിക്കൊഴിഞ്ഞു വീണു
പതിനൊന്നു വര്‍ഷമടര്‍ന്നു വീണു.
ഒരു സ്വപ്നത്തിന്‍റെ ചിറകിലേറി
അരികിലെത്തുന്നു നീ വല്ലനാളും.
ഒരുവേള കണ്ടുമുട്ടീടുകില്‍ നാം
അറിയുമോ കൊച്ചനുജത്തിയേ നീ?

ഇരുളാര്‍ന്ന രാത്രിയിലിന്നലെയെന്‍
പടികളില്‍ നിന്‍റെ കാലൊച്ച കേട്ടു..
പരിചിതമാണെനിക്കിപ്പൊഴുമാ-
പ്പലനാളു കേട്ടു മറന്ന ശബ്ദം.

വലിയേട്ട! നീ വെറും പൂഴിമണ്ണില്‍
ഒരുപിടിച്ചാരമായ്‌ചേര്‍ന്നുവല്ലോ.
ചിതല്‍തിന്ന കോണിപ്പടികളായി-
ക്കഴിയുന്നു ഞാനീപ്പഴയ വീട്ടില്‍.

വോങ് മേയുടെ Saw Dust എന്ന ഇംഗ്ലിഷ് കവിതയുടെ മൊഴിമാറ്റം

Wednesday, April 9, 2008

ശബ്ദലേഖനം

Powered by eSnips.com

വളപ്പൊട്ടുകള്‍

ഈയിരുള്‍പ്പാതതന്നോരത്തുകൂടെ ഞാന്‍
വീണ്ടും നടക്കുന്നു ; നിശ്ചല ദൃശ്യങ്ങള്‍
മിന്നിത്തെളിഞ്ഞു മറയും വിദൂരമാം
ചക്രവാളങ്ങള്‍ക്കുമപ്പുറമിന്നലെ
എന്‍റെ നിരാലംബമോഹങ്ങള്‍ കൈകോര്‍ത്തു
മുട്ടിയുരുമ്മിയിരുന്നു; തിരകള്‍ വ-
ന്നീക്കടല്‍ത്തീരത്തു തട്ടിത്തകര്‍ന്നതും
നോക്കിയിരുന്നു; കാലങ്ങള്‍ തന്‍ കാല്‍പ്പാടു
മാഞ്ഞു പോയീവളപ്പൊട്ടുകള്‍ മാത്രമു-
ണ്ടേകാന്തമീ മണല്‍ത്തീരത്തിലിപ്പൊഴും.

ചിന്നിച്ചിതറിയോരീവളപ്പൊട്ടുകള്‍
നുള്ളിപ്പെറുക്കിയെടുത്തു ഞാനീയന്ധ-
കാരത്തിലൂടെ നടക്കവേ പിന്നില്‍ നി-
ന്നാരാണു നേര്‍ത്ത മധുരസ്വരത്തിലെ-
ന്നത്മാവിലൂറുമീ നൊമ്പരം പോല്‍ വീണ-
മീട്ടുന്നു, പാടുന്നു? ഞാനറിയാതെന്‍റെ
വക്കുകള്‍ക്കീണങ്ങള്‍ നല്‍കുന്നു? നിശ്ശബ്ദ-
രാവിന്‍റെ മാറിലുറങ്ങിക്കിടക്കുന്ന
മോഹങ്ങളേ! മുഗ്ധഭാവങ്ങളേ! നിങ്ങ-
ളോര്‍മ്മതന്‍ നീണ്ട നടപ്പാതയില്‍ക്കുണ്ടു
പണ്ടേ മറന്ന കളിത്തോഴര്‍; ഇന്നിതാ
പിന്നെയുമീരംഗ വേദിയിലൊത്തു നാം
നീലയവനിക വീഴുന്നതും നോക്കി
യാത്രാമൊഴികള്‍ പറയാനറിയാതെ
മൂകരായന്യരെപ്പോലെ പിരിഞ്ഞു നാം.

Sunday, April 6, 2008

പറയൂ നീ

പറയൂ നീ പാറുമീത്തുമ്പി തന്‍ ചിറകിനീ
മഴവില്ലിതാരാണു നല്‍കി?

വിരിയുന്നൊരരിമുല്ലമൊട്ടിന്‍റെയുള്ളിലീ
നറുമണമാരേ പകര്‍ന്നു?

പറയൂ നിലാവിനിക്കുളിരാരു നല്‍കിയീ
നിറവുമീ നേര്‍മ്മയുമൊപ്പം?

പറയൂ നിശ്ശബ്ദമായിക്കുഞ്ഞു പൂങ്കവിള്‍-
ത്തട്ടിലുരുമ്മുമീ സ്വപ്നം

എവിടെ നിന്നാരു കവര്‍ന്നു നല്‍കി, കൊച്ചു
ചൊടികളിലീ മന്ദഹാസം?

പറയൂ നിന്മിഴികളില്‍ തെളിയുമീ നീലിമ-
യ്ക്കഴകാരു ചാലിച്ചു തന്നു?

ഘനമൂകദുഃഖത്തിന്‍ ധ്വനി ചേര്‍ന്ന പാട്ടിനീ
മധുരിമയെങ്ങിനെ വന്നു?

പറയൂനീ മൂളുമീയീണത്തിലെങ്ങിനെ
കലരുന്നതീയാര്‍ദ്രഭാവം,

പുലര്‍കാല സിന്ദൂരമേഘത്തിലലിയുമീ
അനവദ്യ സൌമ്യതാഭാവം?



അറിയില്ലെനിക്കിവയെങ്കിലുമിന്നിയും
ഒരു ജന്മമുണ്ടെങ്കിലന്നും

ഇവിടീമനോഹര തീരത്തു പിന്നെയും
കവിയായി വന്നു ഞാന്‍ പാടും.

Friday, April 4, 2008

പൂങ്കുലകള്‍

പൂങ്കുലകളാവണിത്തെന്നലിലാടി
മാങ്കനികളാലോലമാലോലമാടി

തളിരണിമാമരക്കൊമ്പുലഞ്ഞാടി
കുയിലുകളനുരാഗപഞ്ചമം പാടി.

വിരിയുന്നൊരരിമുല്ലമൊട്ടിന്‍റെ ചുണ്ടില്‍
പുതുനിലാവുമ്മവച്ചീടുമീരാവില്‍

അജ്ഞാതകാമുക! നിന്നാഗമത്തിന്‍
പുളകോത്സവങ്ങളും കാത്തു ഞാന്‍ നിന്നു.

മമ ജീവിതാശകളാണിന്നു രാവില്‍
മലര്‍ മാലയായി ഞാന്‍ കോര്‍ത്തതിക്കാവില്‍.

അതു വാടിവാടിത്തളര്‍ന്നെന്‍റെ കൈയില്‍
അണയാത്തതെന്നിട്ടുമെന്തു നീ മുന്നില്‍?

പുലര്‍ കാലതാരങ്ങള്‍ വിളറുകയായി
മധുമാസരാവും ഹാ! മറയുകയായി.

വിറയാര്‍ന്നൊരെന്‍ദീപനാളവുമായി
പിരിയുന്നു ഞാനെന്‍റെ സ്വപ്നവുമായി.


അധരത്തിലെന്നലുമെന്‍ മന്ദഹാസം
കടമിഴിക്കോണിലോ വേദനകള്‍ മാത്രം!

Tuesday, April 1, 2008

മൈഥിലി

പാട്ടുപാടുന്നൂ മുളങ്കാടുകളൊഴുകുന്നൂ
കാട്ടുചോലയെന്‍ മുന്നില്‍ മുഗ്ദ്ധലാവണ്യം പോലെ.

എന്മടിത്തട്ടില്‍ പ്രിയ! നീയുറങ്ങുന്നൂ ഗാഢം
വിണ്ണില്‍ നിന്നടര്‍ന്നൊരു സ്വപ്നമാധുരി പോലെ.

ഇരുള്‍മൂടിയ ദണ്ഡകാരണ്യ തടങ്ങളില്‍
കരളില്‍ക്കുളിരാര്‍ന്ന രാവുകള്‍ മറന്നു ഞാന്‍.

ചന്ദ്രിക വീഴും മരച്ചാര്‍ത്തുകള്‍ക്കിടയിലായ്‌
പര്‍ണ്ണശാലയില്‍ വാണ നാളുകള്‍ മറന്നു ഞാന്‍.

ചിത്രകൂടാര്‍ദ്രിക്കു മേല്‍ സന്ധ്യകളെഴുതിയ
ചിത്രഭംഗികള്‍ കണ്ട രംഗവും മറന്നു ഞാന്‍.

എങ്കിലുമിന്നും പ്രിയരാഘവ! മിഴിയട-
ച്ചെന്‍മടിത്തട്ടില്‍ത്തന്നെ നീയുറങ്ങുകയല്ലോ!


സ്മൃതിമാധുര്യങ്ങളേ! തളരും മിഴികളില്‍
‍മുത്തമിട്ടീരാവിലെന്നോര്‍മ്മകളുണര്‍ത്തുവാന്‍

ഈവന നികുഞ്ജകച്ഛായയില്‍, വാല്‍മീകി ത-
ന്നാശ്രമ വനികയില്‍ നിങ്ങളെന്തിനു വന്നു?