ആലാപനം : വിന്‍സെന്‍റ്ഗോമസ്
എന്‍റെ മനസ്സൊരു നീലക്കടലു പോല്‍
പൊങ്ങിയും താണുമീയേകാന്തമാം കടല്‍ -
ത്തീരത്തു വന്നടിക്കുന്നു.
എന്‍റെ മനസ്സൊരു നീലക്കടലു പോല്‍
പൊങ്ങിയും താണും വിമൂകമീരാത്രിയില്‍
നിദ്രാവിഹീനം കിടക്കുന്നു പിന്നെയും.
തീരാത്ത ദുഃഖങ്ങള്‍ തന്‍ നനവാര്‍ന്നതാം
വെണ്മണല്‍ത്തീരത്തു
ചിന്നിച്ചിതറുമീക്കണ്ണുനീര്‍ത്തുള്ളികള്‍
എന്‍റെ മനസ്സിന്നഗാധതലങ്ങളില്‍
നിന്നു ഞാന്‍ മുങ്ങിയെടുത്തതാം മുത്തുകള്‍.
രൂക്ഷമീയൌഷധ ഗന്ധങ്ങള്‍ തിങ്ങുമീ
ആശുപത്രിക്കിടക്കയ്ക്കു തന്‍ മുന്നിലായ്
കൈവിട്ടുപോയ മുടിയനാം പുത്രനായ്
നിന്നടുത്തിന്നിതാ വന്നു നില്ക്കുന്നു ഞാന്‍.
തീവ്രമീവേദന കാര്‍ന്നു തിന്നുമ്പൊഴും
നീയെന്നെ നോക്കിച്ചിരിക്കാന്‍ ശ്രമിച്ചുവോ?
നീയെന്‍ വിരലുകള്‍ കൂട്ടിപ്പിടിച്ചുവോ?
എങ്ങിനെ?
തീരാത്ത നിന്‍ നൊമ്പരങ്ങളെ
എങ്ങിനെയൊപ്പിയെടുക്കുവതെങ്ങിനെ
എന്നറിയാതെ ഞാനമ്മേ! നിശ്ശബ്ദനായ്
നിന്മുന്നിലിങ്ങനെ നോക്കിനില്ക്കുന്നിതാ.
ഞാനിറങ്ങട്ടേ!
വിദൂരമാമെന്‍കൊച്ചു നീലത്തുരുത്തിലേ -
യ്ക്കൊന്നും പറയാതെ ഞാന്‍ മടങ്ങട്ടെ.
വാടിവിളറുമീസന്ധ്യയും മുന്നിലായ്
നീളും നിഴലും വെളിച്ചവും മൂകരായ്
നോക്കി നില്ക്കുന്നു;
മടങ്ങട്ടെ ഞാനിനി
ഒന്നും പറയാനറിയാതെയീവഴി
ഒന്നും പറയാന്‍ കഴിയാതെയീവഴി.
4 comments:
രൂക്ഷമീയൌഷധ ഗന്ധങ്ങള്‍ തിങ്ങുമീ
ആശുപത്രിക്കിടയ്ക്കക്കു തന്‍ മുന്നിലായ്
കൈവിട്ടുപോയ മുടിയനാം പുത്രനായ്
നിന്നടുത്തിന്നിതാ വന്നു നില്ക്കുന്നു ഞാന്‍.
മാഷേ,
മനോഹരം വരികളും, ആലാപനവും,
ആശംസകളോടെ...
ഹരിശ്രീ :)
മാഷേ...
വളരെ മനോഹരം.....അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
പാട്ടായും ശ്ലോകമായും പാടിയിരിക്കുന്ന ഈ കവിത ഇഷ്ടമായി.
Post a Comment