അറിയാത്ത വഴിയില്‍, വിമൂകമീരാവില്‍
തിരയുന്നു നിന്നെ ഞാന്‍ വിസ്മയത്തോടെ.
നനവാര്‍ന്നൊരീ വെള്ള മണ്ണലില്‍ ഞാന്‍ നഗ്ന-
പദമൂന്നി മന്ദം നടക്കുന്ന നേരം
മിഴിനീരു പോലെയീമഞ്ഞുനീര്‍ത്തുള്ളി
പുലരിയില്‍ പൊട്ടിത്തകരുന്ന നേരം
ഒരു രാജമല്ലി തന്‍ ചിത്രങ്ങളെഴുതും
നിഴലുകളീവഴി നീളുന്ന നേരം
തിരയുന്നു ഞാന്‍ നിന്നെ വിസ്മയത്തോടെ
അരികിലീവഴികളിലത്ഭുതത്തോടെ.
മഴവില്ലുകളേന്തിയ വര്‍ഷമേഘങ്ങള്‍
മഴ പെയ്യുവാന്‍ വന്നു നില്‍ക്കുന്ന നേരം
തല തല്ലിയാര്‍ത്തു ചിരിച്ചുവന്നെത്തും
തിരകളിത്തീരത്തെ പുല്‍കുന്ന നേരം
അകലത്തിലൊരു കൊച്ചു താരക മെല്ലെ
മിഴിചിമ്മിയിങ്ങോട്ടു നോക്കുന്നനേരം
തിരയുന്നു ഞാന്‍ നിന്നെ വിസ്മയത്തോടെ
അകലെയാവഴികളിലത്ഭുതത്തോടെ.
മലവാക പൂക്കുന്ന താഴ്വര ചിത്ര-
ശലഭങ്ങള്‍ കാണുവാനെത്തുന്ന നേരം
ദൂരേ, മുളങ്കാടു മൂളുന്നൊരീണം
ഓളങ്ങളേറ്റിങ്ങു പാടുന്ന നേരം
നീലക്കടമ്പിന്‍റെ കൊമ്പുകള്‍ താളം
തെറ്റാതെ തലയാട്ടി നി്‌ല്ക്കുന്ന നേരം
തിരയുന്നു ഞാന്‍ നിന്നെ വിസ്മയത്തോടെ
അരികിലുമകലെയുമത്ഭുതത്തോടെ.
സന്ധ്യകള്‍ സിന്ദൂരം ചാര്‍ത്തുന്ന നേരം
ചന്ദ്രിക ചന്ദനം പൂശുന്ന നേരം
തളിരുകള്‍ മഞ്ഞില്‍ക്കുളിക്കുന്ന നേരം
മലരുകള്‍ പൊട്ടിച്ചിരിക്കുന്ന നേരം
വിജന തീരങ്ങളില്‍, ചുഴലികളില്‍,
തിരയുറങ്ങുന്ന കടലുകളില്‍,
ഇരുളും നിഴലുമിടകലരും
വഴികളിലീനീലരാവുകളില്‍
അലയുന്നു ഞാനീയനന്തതയില്‍
പൊരുളറിയാത്ത നിഗൂഢതയില്‍.
Saturday, February 23, 2008
അറിയാത്ത വഴിയില്‍
Subscribe to:
Post Comments (Atom)
1 comment:
ഹൃദ്യമായ കവിത...
ഓ.ടോ. ഈ വേര്‍ഡ് വെരിഫിക്കേഷന്‍ കിടക്കുന്നതു കൊണ്ട് സമയം നഷ്ടമാകുന്നു.
Post a Comment