Tuesday, February 5, 2008
നീലക്കടമ്പുകള്‍ പൂത്തു - ആലാപനം
ആലാപനം:വിന്‍സെന്‍റ്ഗോമസ്
നീലക്കടമ്പുകള്‍ പൂത്തു; കാളിന്ദി തന്‍
തീരത്തു വന്നു ഞാന്‍ നിന്നു
ചന്ദനച്ചാറണിഞ്ഞീവഴിയെത്തുന്ന
ചന്ദ്രികാചര്‍ച്ചിത രാവില്‍.
ഈ മണ്‍തരികളില്‍ മായാത്ത കാലടി -
പ്പാടുകള്‍ നോക്കി ഞാന്‍ നിന്നു.
ഈയന്തരീക്ഷത്തിലിന്നുമൊഴുകുന്ന
വേണുഗാനം കേട്ടുനിന്നു.
നീലക്കടമ്പുകള്‍ പൂത്തു കാളിന്ദി തന്‍
തീരത്തു ; നോക്കി ഞാന്‍ നിന്നു..
മാറാല മൂടിയ യാദവഗേഹങ്ങള്‍
മൂകരായ് ദൂരത്തു നിന്നു.
നീലക്കാര്‍വര്‍ണ്ണന്‍ നടന്ന മനോഹര -
തീരം വിജനമീനേരം.
രാധ തന്നേകാന്ത ഗദ്‌ഗദം പോലെയീ
ക്കാളിന്ദി നീണ്ടൊഴുകുന്നു.
നീലക്കടമ്പുകള്‍ പൂത്തു ; കാളിന്ദി ത -
ന്നോളങ്ങള്‍ നോക്കി ഞാന്‍ നിന്നു.
ഈ വിഷമേഖല നീളേത്തളരുന്നു
താരും തളിരുമീക്കാവില്‍.
ഉദ്ധതമാം തല മേല്‍ നിന്‍റെ പാദങ്ങള്‍
നൃത്തം ചവിട്ടാത്തതെന്തേ?
കാല്‍ച്ചിലമ്പൊച്ചകള്‍ കേള്‍ക്കുവാനെത്രനാള്‍
കാതോര്‍ത്തു നില്ക്കുമിത്തീരം?
നീലക്കടമ്പുകള്‍ പൂത്തു ; കാളിന്ദി തന്‍
കാളിമ നോക്കി ഞാന്‍ നിന്നു.
പത്തി വിടര്‍ത്തി നിന്നാടുന്നു മുന്നിലാ -
യിപ്പൊഴും കാളിയ സര്‍പ്പം.
നീലമുടിച്ചുരുള്‍ത്തുമ്പു കണ്ടില്ല ഞാന്‍
നീലമയില്‍പ്പീലി പോലും.
ഈ നല്ല വെണ്‍മണല്‍ത്തട്ടില്‍ മയങ്ങിയോ
നാടിന്‍റെ സുന്ദര സ്വപ്നം?
നീലക്കടമ്പുകള്‍ പൂത്തൊരീക്കാളിന്ദി
തീരങ്ങള്‍ വിട്ടു ഞാന്‍ പോന്നു.
പട്ടണവീഥിയില്‍ക്കൊട്ടുമാര്‍പ്പും; നിന്‍റെ
ഭക്തി സങ്കീര്‍ത്തനം പാടി
ഉച്ചിക്കുടുമയും പൂണൂലുമായ് പുതു -
ഭക്തരുറഞ്ഞു തുള്ളുന്നു.
പാതവക്കത്തതു കാണുവാന്‍ കൂടുന്ന
നാട്ടുകാര്‍ കൈയടിക്കുന്നു.
നീലക്കടമ്പുകള്‍ പൂത്തു ; ഞാനീവഴി -
ത്താര തന്നോരത്തുകൂടെ
കാളിന്ദിതീരത്തു കാണാത്ത കണ്ണനെ
തേടിയലയുന്നു വീണ്ടും.
കര്‍പ്പൂരദീപങ്ങള്‍ മുന്നില്‍, ഹരേകൃഷ്ണ
ഭക്തിപ്രവാഹത്തിന്‍ മുന്നില്‍
അന്യനെപ്പോലെ ഞാന്‍, കൂട്ടത്തിലേകനായ്
ഖിന്നനായ് നോക്കി നില്‍ക്കുന്നു.
വേറൊരാലാപനം
Subscribe to:
Post Comments (Atom)
No comments:
Post a Comment