.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: നാലുമണിപ്പൂക്കള്‍

Friday, February 22, 2008

നാലുമണിപ്പൂക്കള്‍

നാലുമണിപ്പൂക്കള്‍ നോക്കിനില്‍ക്കുന്നു നീ
ചാരത്തു മിണ്ടാതെ വന്നുനില്‍ക്കുന്നു ഞാന്‍.

ഏതോ ദിവാസ്വപ്ന മേഘമാര്‍ഗ്ഗങ്ങളില്‍
കൂടെ നിന്നോര്‍മ്മകള്‍ പാറിപ്പറക്കുമീ
വേളയിലെന്നെത്തിരിച്ചറിഞ്ഞീടാതെ
നീളുന്ന നീലനിഴലത്തു നിശ്ശബ്ദ-
മോഹവും നീയും പരസ്പരം നോക്കവേ

മാലിനീതീരത്തിലേതു കണ്വാശ്രമ-
വാടിയിലാണു നീ? വാടിക്കൊഴിയുമീ
നാലുമണിപ്പൂക്കള്‍ വാരിയെടുത്തവ
മാറോടു ചേര്‍ത്തന്ധകാരങ്ങളെപ്പൊഴും
കാവലിരിക്കും ഗുഹാന്തര ഭിത്തിയില്‍
കാലം കരി കൊണ്ടെഴുതിയ ചിത്രങ്ങള്‍
നോക്കിയിരിക്കുമ്പോഴിന്നെന്തേ നനയുവാന്‍
നീല മിഴികളിന്നെന്തേ നിറയുവാന്‍?

No comments: