.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: പൂങ്കുലകള്‍

Friday, April 4, 2008

പൂങ്കുലകള്‍

പൂങ്കുലകളാവണിത്തെന്നലിലാടി
മാങ്കനികളാലോലമാലോലമാടി

തളിരണിമാമരക്കൊമ്പുലഞ്ഞാടി
കുയിലുകളനുരാഗപഞ്ചമം പാടി.

വിരിയുന്നൊരരിമുല്ലമൊട്ടിന്‍റെ ചുണ്ടില്‍
പുതുനിലാവുമ്മവച്ചീടുമീരാവില്‍

അജ്ഞാതകാമുക! നിന്നാഗമത്തിന്‍
പുളകോത്സവങ്ങളും കാത്തു ഞാന്‍ നിന്നു.

മമ ജീവിതാശകളാണിന്നു രാവില്‍
മലര്‍ മാലയായി ഞാന്‍ കോര്‍ത്തതിക്കാവില്‍.

അതു വാടിവാടിത്തളര്‍ന്നെന്‍റെ കൈയില്‍
അണയാത്തതെന്നിട്ടുമെന്തു നീ മുന്നില്‍?

പുലര്‍ കാലതാരങ്ങള്‍ വിളറുകയായി
മധുമാസരാവും ഹാ! മറയുകയായി.

വിറയാര്‍ന്നൊരെന്‍ദീപനാളവുമായി
പിരിയുന്നു ഞാനെന്‍റെ സ്വപ്നവുമായി.


അധരത്തിലെന്നലുമെന്‍ മന്ദഹാസം
കടമിഴിക്കോണിലോ വേദനകള്‍ മാത്രം!

1 comment:

ഹരിയണ്ണന്‍@Hariyannan said...

പതിവുപോലെ നല്ലവരികള്‍ ഭാസിസാര്‍!!