ആലാപനം : പ്രഭാ നായര്‍
സിംഗപ്പൂര്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ പ്രഭാ നായര്‍
അവതരിപ്പിച്ച നൃത്തശില്പത്തിനു വേണ്ടി
എഴുതിയ ഗാനങ്ങള്‍
ഫ്ലോറന്‍സ് നൈറ്റിങ്ഗെയില്‍
ഒരു കൊച്ചു കൈത്തിരി വെട്ടവുമായ്
ഇരുളാര്‍ന്നൊരീനടപ്പാതകളില്‍
ഒരു കൊച്ചുമാലാഖ പോലെ വന്നു
മുറിവില്‍ നീ ചന്ദനം പൂശി നിന്നു.
പലകാല ഘട്ടങ്ങള്‍ കടന്നുപോയി
പല യുദ്ധഭൂമികള്‍ വിജനമായി
എങ്കിലും കേള്‍ക്കുന്നു ഞങ്ങളിന്നും
കനിവാര്‍ന്ന നിന്‍ സ്വരം രാത്രികളില്‍.
ഝാന്‍സി റാണി
പടനിലങ്ങളില്‍ നിന്‍റെ ധീരത
പട നയിച്ചൊരാനാള്‍കളില്‍
ഇരുകരങ്ങളില്‍ വാളുമേന്തി നീ
പൊരുതി നിന്നതാണീവഴി.
ഇവിടെ വീണ നിന്‍ ചുടുനിണത്തിനാല്‍
നനവിയന്നൊരീക്കൊടിയുമായ്
അകലെ നിന്നു നിന്‍ ധീരസാഹസ-
കഥകള്‍ പാടുകയാണു നാം.
മദര്‍ തെരേസ
സ്നേഹദൂതികേ! നിന്‍റെ നീണ്ടകൈവിരല്‍ത്തുമ്പാല്‍
മൂകദുഃഖത്തേയൊപ്പി മാറ്റുവാന്‍ വന്നല്ലോ നീ.
എങ്ങിനെ പറയുവാന്‍ നന്ദിവാക്ക-റിയാതെ
മൂകത മുഖം താഴ്ത്തി വിങ്ങിനില്ക്കുന്നൂ മുന്നില്‍.
ഇവിടെച്ചളികെട്ടി നാറുന്നൂ മനുഷ്യത്വം
മരണം കഴുകന്‍റെ കണ്ണുമായിരിക്കുന്നു.
സ്നേഹദൂതികേ! നിന്‍റെ സന്നിധാനത്താല്‍ ധന്യ-
മായി മാറുന്നൂ കണ്ണീരിറ്റുവീഴുമീമണ്ണും.
ഭരത വാക്യം
എരിയുന്നൊരേകന്തദുഃഖത്തിന്‍ ചിതയിലെ
ചന്ദന മുട്ടികളല്ല - ഞങ്ങള്‍
ചന്ദന മുട്ടികളല്ല.
താഴ്വരക്കാട്ടിലെ, ക്കാവിലെ ദേവന്‍റെ
അര്‍ച്ചനാപുഷ്പങ്ങളല്ലാ - ഞങ്ങള്‍
അര്‍ച്ചനാപുഷ്പങ്ങളല്ല.
അലയാഴിത്തിരകള്‍ തന്‍ നൂപുരമണിയുന്ന
ഹരിതമീ മരതകദ്വീപില്‍
പുതിയോരിതിഹാസ കഥകളാല്‍ നാടിന്‍റെ
കവിളത്തു കുങ്കുമം പൂശും - ഞങ്ങള്‍
വിധി തന്ന വഴികള്‍ തിരുത്തും.
2 comments:
ഭാസി മാഷേ...
വരികളെല്ലാം മനോഹരമായിരിക്കുന്നു
പിന്നെ മദര്‍ തെറീസ എന്നാണോ അതോ മദര്‍ തെരേസ്സ എന്നാണോ..ഒരു സംശയം മാത്രം.
പ്രഭനായരുടെ ആലാപനം നന്നായിട്ടുണ്ട് പക്ഷേ ഈണം അത്ര മികച്ചതായിരുന്നില്ല എന്നൊരഭിപ്രായമുണ്ട്
എല്ലാ ഭാവുകങ്ങളും നേരുന്നു
നന്‍മകള്‍ നേരുന്നു
തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി മന്‍സൂര്‍.
Post a Comment