.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: സര്‍പ്പക്കാവ്‌

Monday, February 18, 2008

സര്‍പ്പക്കാവ്‌

നില്‍ക്കുകീനിശാഗന്ധിച്ചുവട്ടിലൊരുമാത്ര
നില്‍ക്കുകീസര്‍പ്പക്കാവി, ലിഴയും വിശ്വാസങ്ങള്‍
പിന്നെയും തലപൊക്കി നോക്കുമീയാമങ്ങളില്‍.

രാവുകള്‍ മുടിയഴിച്ചാടുമീക്കാവില്‍, പണ്ടു
ചോര വാര്‍ന്നൊഴുകിയോരീനിലത്തിന്നും കരി-
നാഗങ്ങള്‍ നൂറും പാലും തേടിയെത്തുന്നൂ വീണ്ടും.

നത്തുകള്‍ മൂളും മുളങ്കാടുകള്‍, നിഴലുകള്‍
നൃത്തതാണ്ഡവാടും പാതകള്‍; ഏതോ മന്ത്ര-
ബന്ധിതമല്ലോ മൂകമീയന്തരീക്ഷം പോലും.

ഇവിടെ, പ്പൂവും പാലും നേദിച്ചു മന്ത്രം ചൊല്ലി
പുള്ളുവപ്പാട്ടും പാടി, ത്തുടി കൊട്ടി നാം വീണ്ടു-
മിതിലേ വലം വച്ചു പൂജയ്ക്കു വന്നോരല്ലോ.

മണ്‍ചരാതുകള്‍ കെട്ടു; പൂക്കുല തുള്ളിക്കുന്ന
മന്ത്രവാദികള്‍ പോയി; രാവുറങ്ങുന്നൂ പക്ഷേ
മണ്‍കുടങ്ങളില്‍ നിന്നു ഭൂതങ്ങളിറങ്ങുന്നു.

പുകയായുയരുന്നു ഭൂതങ്ങള്‍; തഴേ നിന്നു
വിറയാര്‍ന്നൊരു പാവം മുക്കുവനായിട്ടിന്നും
കഴിയാനല്ലോ വിധി മര്‍ത്ത്യനിക്കടല്‍ക്കരെ.

അന്ധരായ്‌ തമ്മില്‍ത്തല്ലിപ്പിന്നെയും തല കീറി
നമ്മളോ മനുഷ്യനെയുദ്ധരിക്കുവാനായി-
പ്പിറകോട്ടാണോ തീര്‍ത്ഥയാത്രകള്‍ നയിക്കുന്നു?

ഇവിടെക്കുഴിവെട്ടി മൂടിയ വിശ്വാസത്തിന്‍
മുകളില്‍പ്പണ്ടേ നട്ടു നാം വളര്‍ത്തിയ കൊച്ചു
രജനീഗന്ധിക്കാരു തെളിനീര്‍ പകര്‍ന്നിടും?

അകലെത്തെങ്ങോ പോയി മറയും വെളിച്ചവും,
ഇതിലേ നീളും കരിനിഴലും തമ്മില്‍ത്തമ്മി-
ലറിയാതിന്നും നോക്കി മൂകരായ്‌പ്പിരിയുന്നു.

1 comment:

Anonymous said...

കുംഭമാസത്തിലെ ആയില്യമാണിന്ന്. കോട്ടയില്‍ നാഗത്തിനുകൊടുക്കുന്ന ദിവസം. ഒരു തിരി എന്റെപേരിലും വെക്കാന്‍ കുടുംബത്തിലുള്ളവര്‍ ഓര്‍മ്മിക്കാതിരിക്കില്ല എന്നു വിചാരിച്ചിരിക്കുമ്പോളാണ്‌ ആകസ്മികമായി ഈ കവിത കണ്ടത്‌.

ഇവിടെ കുഴിവെട്ടിമൂടിയ ....എന്ന വരികളിലുണ്ട്‌, കവിയുടേയും "ഇടതു -ലിബറല്‍-പുരോഗമന-പ്രസ്ഥാനങ്ങള്‍ ചതിച്ച ഒരു തലമുറയുടെതന്നെയും നഷ്ടത്തി
ന്റെ കണക്ക്‌.
നൃത്ത താണ്ഡവം ശരിയോ? നൃത്തത്തിന്റെ വിശേഷണമായ താണ്ഡവം സമാസത്തില്‍ നൃത്തത്തിനു മുന്‍പേ വരണ്ടേ സര്‍? താണ്ഡവനൃത്തം, ലാസ്യനൃത്തം എന്നിങ്ങനെ?
ചിത്രഗുപ്തന്‍