.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: March 2008

Friday, March 28, 2008

തിരകള്‍

ഉയരുന്നൂ തിര; കടലിരമ്പുന്നു
ഇവിടെ ഞാന്‍ തീര്‍ത്ത മണലിന്‍ കോട്ടകള്‍
തകരുമ്പോളേതോ മറന്ന ഗാനത്തി -
ന്നലകള്‍ നീന്തുമീത്തണുത്ത കാറ്റിന്‍റെ
വിരലില്‍ത്തൂങ്ങിയെന്നരികിലെത്തുന്ന
കഥകളേ! നിങ്ങളറിയുമോ കടല്‍-
ക്കരയിലിന്നലെയിരുണ്ടു മൂടിയ
മഴയിരമ്പുന്ന നനഞ്ഞ സന്ധ്യയില്‍
ഉടഞ്ഞ ശംഖുകള്‍ നിറഞ്ഞ കൈയുമായ്‌
ഇവിടെ ഞാനിരു, ന്നിതു വഴി മിന്നല്‍-
ക്കൊടികള്‍ കെട്ടിയ രഥത്തിലെന്‍ മന-
സ്സൊരുക്കി വച്ചതാം വഴിയിലൂടെ നിന്‍
വരവിനായന്നും, തിരകള്‍ വന്നെന്‍റെ
മണലിന്‍ കോട്ടകളിടിച്ചു, പിന്നെയും
കടലിരമ്പുമീക്കരയിലിന്നു ഞാന്‍
തിരികെയെത്തുന്നു, പഴയ വാനത്തിന്‍
ചരിവില്‍ നോക്കി ഞാനിരിക്കുന്നു, നിന്‍റെ
വഴികളില്‍ വാരി വിതറുവാനൊരു
വിളറി വീണ പൂവിതളുമില്ലിനി
വരികയില്ല നീയിതുവഴിയെന്നു
പറയുന്നു കടല്‍ത്തിരകളെങ്കിലും
ഇരുള്‍ പരക്കുമീക്കരയിലേകാന്ത-
പഥികനായി ഞാനലയുമ്പോള്‍, വീണ്ടു-
മുയരുമീക്കടലലകളുമെന്‍റെ
കരളിനുള്ളിലെത്തിരകളും വന്നു
ചിതറി വീഴുമീമണലിലെന്‍റെ കാ-
ലടികള്‍ വീണതാം വഴികളില്‍ വെള്ള-
ക്കുതിര പൂട്ടിയ കനകത്തേര്‍ തെളി-
ച്ചൊരു രജനിയിലിതിലെയെത്തവേ
അകലെ മാറി ഞാനിവിടെ നിന്നിടും
അരികിലെത്തുമ്പോളറിയുമെന്നെ നീ.

ഒരു നിമിഷമാമിഴിയിലത്ഭുതം!
ഒരു നിമിഷമെന്‍ കരളിലുത്സവം!

.

Monday, March 24, 2008

നല്ല ഹൈമവതഭൂവില്‍

മഞ്ഞണിമലകളാല്‍
ഗോപുരം നിര്‍മ്മിക്കുന്ന
നല്ല ഹൈമവത്സാനു -
ഭൂവിലീ നിശീഥത്തില്‍

നില്‍പു ഞാന്‍ തവ സന്നി -
ധാനത്തിലെല്ലാം മറ -
ന്നത്ഭുതം വിടരുന്ന
കണ്ണുമായ്‌ തഥാഗത!

നീ പിരിഞ്ഞപ്പോള്‍ നിന്‍റെ
തേജസ്സു പരന്നതാം
നാടുകള്‍ തോറും നിന്നെ
നോക്കി ഞാനലഞ്ഞല്ലോ.

താഴികക്കുടം ചൂടു-
മുന്നത പഗോദകള്‍,
പാറയില്‍ ക്കഥ പറ -
ഞ്ഞീടുന്നതാം ദൃശ്യങ്ങള്‍

ഭവ്യരാം ഭിക്ഷുക്കളാല്‍
നിറയും വിഹാരങ്ങള്‍,
ദിവ്യമാം പരിവേഷ -
മാര്‍ന്ന നിന്‍ പ്രതിമകള്‍ ,

ജീവിതലക്ഷ്യം തേടി
നീയലഞ്ഞതാം വഴി -
ത്താരകള്‍, തണല്‍ വിരി -
പ്പാര്‍ന്നതാം വിപിനങ്ങള്‍.

ഒടുവില്‍ വന്നെത്തി ഞാ -
നവയൊക്കെയും പിന്നി -
ട്ടിവിടെ, സ്സിദ്ധാര്‍ത്ഥനായ്‌
നീ പിറന്നൊരീ മണ്ണില്‍.

വിണ്ണില്‍ നിന്നടര്‍ന്നൊരു
സ്വപ്നമാധുരി പോലെ
ചൈത്രപൌര്‍ണ്ണമിരാവി -
ലിവിടേയ്ക്കണഞ്ഞു നീ.

ജീവിതദുഃഖത്തിന്‍റെ
നെടുവീര്‍പ്പുപോലൊരു
ചൈത്രപൌര്‍ണ്ണമിരാവില്‍
ഇവിടം വെടിഞ്ഞു നീ.

പൂവുകള്‍ വിതറിയ
പട്ടുമെത്തയില്‍, സ്നേഹ-
ലോലയാം യശോധര
വീണുറങ്ങിയ രാവില്‍

പൊന്‍ കിനാവുകള്‍ കാണും
രാഹുല കുമാരന്‍റെ
കണ്‍കളില്‍ മുത്തം വയ്ക്കും
ദേവകന്യകമാരെ

കാവലായ്‌ നിര്‍ത്തിക്കൊണ്ടു
നീയടിവച്ചീരാജ -
ധാനി വിട്ടിറങ്ങിയോ -
രാനിമേഷത്തിന്‍ മുന്നില്‍

എന്‍റെ ചേതനയൊരു
മാത്ര നില്ക്കുന്നൂ ദേവ!
നിന്‍റെ വേദന മന്നിന്‍
മൂകവേദനയല്ലോ.

കൈകളില്‍ മരയോടു -
മായി നീയലഞ്ഞുപോയ്‌
നോവുകളുറങ്ങുമീ
നാട്ടുപാതയില്‍ ക്കൂടി.

ബോധിവൃക്ഷത്തിന്‍ തണല്‍
വിരിപ്പില്‍, ബോധോദയം
നീണ്ട നിന്‍ മിഴിയിണ
മുകരാണണഞ്ഞല്ലോ.

ഇന്നു നീയിതുവഴി
വരികില്‍, ക്കവിളത്തു
വറ്റിയ കണ്ണീരിന്‍റെ
പാടുവീണതാം മുഖം

ഉയര്‍ത്തി, ക്കരയുവാ -
നെത്രയോ നാളായ്‌ മറ-
ന്നവരാലിന്നും ജന -
വീഥികള്‍ നിറയുന്നു.

മഞ്ഞയാലുടല്‍ മൂടി
നിന്നവരിന്നോ വിരല്‍ -
ത്തുമ്പുകളമര്‍ത്തുന്നു
കാഞ്ചികള്‍ വലിക്കുന്നു.

പുക ചൂഴ്‌ന്നൊരീ വഴി -
ത്താരയില്‍ത്തളം കെട്ടി -
യുറയുന്നിന്നും രക്തം;
എങ്ങു നീ തഥാഗത!

ഈക്കരിങ്കല്ലിന്നുള്ളില്‍
കണ്ണുകളടച്ചിന്നും
ധ്യാനമഗ്നനാകാതെ
വരു നീ തഥാഗത!

Thursday, March 20, 2008

നഷ്ടവിശ്വാസി

ഏകാന്തമിത്തീരഭൂമിയിലജ്ഞാത
ഭാവി പോലീവഴീത്താര.

ഈവഴിത്താരയിലൂടെ നടക്കയാ -
ണീരാത്രി നാമിരുപേരും.

കര്‍പ്പൂരദീപങ്ങള്‍ ചിത്രം വരയ്ക്കുമീ -
യന്തരീക്ഷങ്ങളില്‍ക്കൂടെ

സത്യവും തേടിയലഞ്ഞവരാണു നാം
സ്വര്‍ഗ്ഗകവാടത്തിലൂടെ.

കത്തിയെരിയും മെഴുതിരിച്ചാര്‍ത്തുമായ്‌
എത്രയോ രാവുകള്‍ തോറും

മുട്ടുകള്‍ കുത്തിയിപ്പാതിരാവില്‍കാത്തു -
നിന്നവരാണു നാമെന്നും.

മോക്ഷങ്ങളെന്‍വഴി മാത്രമെന്നോതിയീ
മാര്‍ഗ്ഗത്തില്‍ വന്നവരെല്ലാം

വാളും പരിചയുമായിപ്പടവെട്ടി
വീണതും നോക്കി നാം നിന്നു.

അറ്റങ്ങള്‍ കാണത്തൊരീനടപ്പാതയില്‍
പിന്നെയും മുന്നോട്ടു പോകെ

സ്നേഹം ചിറകറ്റു വീണു പിടയുന്ന
ദാരുണദൃശ്യങ്ങള്‍ കണ്ടു.

ദാഹിച്ചു ദാഹിച്ചു വീണുറങ്ങിപ്പോയ
മോഹഭംഗങ്ങളെപ്പോലെ

അമ്പലത്തൂണിലെക്കല്‍വിളക്കില്‍ത്തിരി
എണ്ണ തീര്‍ന്നെല്ലാമണഞ്ഞു.

കണ്‍തുറക്കാത്ത ദൈവങ്ങളെ നോക്കി നാം
അന്ധകാരത്തിലലഞ്ഞു

പഞ്ചലോഹത്തിലെ സങ്കല്‍പ മൂര്‍ത്തികള്‍
മണ്ണില്‍ വീണെന്നേ തകര്‍ന്നു.

മര്‍ത്ത്യനെ മര്‍ത്ത്യന്‍ ചവിട്ടിയകറ്റുന്ന
ദുഃഖസത്യങ്ങള്‍ക്കു പോലും

ആരാണു രൂപങ്ങള്‍ നല്കി? സ്മൃതികളില്‍
ആരുതീര്‍ത്തീനീതിശാസ്ത്രം?

ഈമണ്ണില്‍ വീണ മനുഷ്യന്‍റെ കണ്ണുനീര്‍
കാണാതുറങ്ങി യുഗങ്ങള്‍.

ആ നീണ്ട നീലനിശീഥത്തിലെങ്ങിനെ
മൂകരായ്‌ നിങ്ങള്‍ മയങ്ങി?

എന്നെ ഞാനായി വളരാന്‍ വിലക്കുന്ന
ധര്‍മ്മശാസ്ത്രങ്ങള്‍ക്കു നേരെ

ശബ്ദമുയര്‍ത്താനൊരുങ്ങാത്ത നിങ്ങളില്‍
നഷ്ടവിശ്വാസി ഞാനെന്നും.

Tuesday, March 18, 2008

ശരശയ്യ

എന്‍റെ സ്വപ്നങ്ങളുമൊന്നിച്ചിതേവഴി
കൈകോര്‍ത്തലഞ്ഞു നടന്ന യാമങ്ങളില്‍
ഇന്നും നിശാഗന്ധി പൂക്കുന്നതും നോക്കി
നില്‍ക്കുവാനാഗ്രഹമുണ്ടെനിക്കെങ്കിലും
നീണ്ടുകിടക്കുന്നൊരീയുദ്ധഭൂമിയില്‍
വീണ്ടും മനുഷ്യനെത്തേടിയെത്തുന്നു ഞാന്‍.

കെട്ടടങ്ങാതെയുന്നുള്ളില്‍ ജ്വലിക്കുന്ന
ദുഃഖസത്യങ്ങള്‍ തന്നഗ്നികുണ്ഡങ്ങളില്‍
വെട്ടിയരിഞ്ഞു ഞാന്‍ ഹോമിച്ചു നാറുന്ന
നിങ്ങള്‍ തന്‍ സാമൂഹ്യ നീതിശാസ്ത്രങ്ങളെ.

സ്വര്‍ണ്ണനാണ്യങ്ങള്‍ക്കു ദൈവത്തെ വില്‍ക്കുന്ന
ദല്ലാളര്‍ നോക്കിപ്പകച്ചു നില്‍ക്കുമ്പോള്‍ ഞാന്‍
മുങ്ങിയെടുത്തു പ്രതിഷ്ഠിച്ചു മുന്നിലെ -
ന്നുള്ളിലുമെന്നാത്മ ചൈതന്യവിഗ്രഹം.

ഞെട്ടിയുണര്‍ന്നു ഞാന്‍; മാനവസംസ്കൃതി
പിച്ചവച്ചീവഴി വന്ന യുഗങ്ങളില്‍
ആരു തീര്‍ത്തീമണല്‍ത്തിട്ടകള്‍, വേലികള്‍
ആരു തീര്‍ത്തീമതില്‍ക്കെട്ടുകള്‍, കോട്ടകള്‍?

തട്ടിത്തകര്‍ത്തവ പിന്നെയും മുന്നോട്ടു
മുന്നോട്ടു പോകുമെന്‍ മാര്‍ഗ്ഗമദ്ധ്യങ്ങളില്‍
കൊന്തയും പൂണൂലുമായ്‌ വന്നു നില്‍ക്കുന്ന
ഗര്‍വമേ! നിന്നെയവഗണിക്കുന്നു ഞാന്‍.

നിത്യ ഹരിതമീപ്പുല്‍പ്പരപ്പിള്‍, ധ്യാന -
മഗ്നരായ്‌ നിമിഷങ്ങള്‍ മിഴിയടയ്ക്കേ
മായാത്ത, മാറാത്തൊരെന്‍ മുറിപ്പാടുമായ്‌
ഈരാത്രി ഞാനീക്കുരുക്ഷേത്രഭൂമിയില്‍
വന്നു നില്‍ക്കുന്നു പിതാമഹ! നിന്‍ ശര -
ശയ്യയ്ക്കു മുന്നിലനുഗ്രഹം തേടുവാന്‍

ഏകാന്തശാന്തമീയന്തരീക്ഷത്തിലെന്‍
മൂകാശ്രു വീണു നനവാര്‍ന്നമണ്ണിതില്‍
പൂജാമലരുകളില്ലാതെ, മന്ത്രവും
വേദവും ചൊല്ലാതെയൊറ്റയ്ക്കു നില്‍പു ഞാന്‍.

രക്തം കലര്‍ന്നിന്നു വീണ്ടുമൊഴുകുമീ
ഗംഗയില്‍ മുങ്ങിക്കുളിക്കുന്ന ഭക്തിയില്‍
വീണുമരിക്കും മനുഷ്യനെയോര്‍ത്തു ഞാ -
നാകവേ ദുഃഖിതന്‍, വീണ്ടും പരാജിതന്‍.

അറ്റങ്ങള്‍ കാണത്തൊരീവഴിത്താരയില്‍
ഇന്നും മനുഷ്യനെത്തേടിയെത്തുന്നു ഞാന്‍.

കണ്ടുവോ നിങ്ങളാരാനുമീഭൂമിയില്‍
‍പണ്ടു നടന്ന മനുഷ്യനെയീവഴി?

Sunday, March 16, 2008

കനലാറാത്ത ചിത

കെട്ടടങ്ങുന്നൂ മുന്നി-
ലിച്ചിതാഗ്നി തന്‍ നാളം
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന്‍ നിഴല്‍ മാത്രം.

ഇതിലേയേകാന്തമാം
കല്പടവിങ്കല്‍ക്കൂടി
മൃതിയിന്നലെ നഗ്ന-
പാദനായണഞ്ഞതും

നനവാര്‍ന്നൊരീ വെള്ള-
മണലില്‍ക്കാണും നീണ്ട
പദമുദ്രയും, നേര്‍ത്തു
നേര്‍ത്തുപോയ്‌ മറയുന്ന

വഴിയും, വഴിവക്കില്‍
പൂത്ത പൊന്നശോകത്തിന്‍
തണലും, തണലത്തു
ശന്തമായുറങ്ങുമീ-

അസ്ഥിമാടത്തിന്‍ പരി-
ശുദ്ധി തന്‍ സുഗന്ധം പോല്‍
ഇപ്പൊഴുമെന്നാത്മാവില്‍
നിറയും വെളിച്ചവും

ഓര്‍ത്തിരിക്കുന്നൂ വീണ്ടും
മൌനമേ! നീയും ഞാനും
ആര്‍ത്തിരമ്പുമീക്കാല-
സിന്ധുവിന്‍ തീരങ്ങളില്‍.


ഭൂതകാലത്തിന്‍ ദുഃഖ-
സാന്ദ്രമാമേതൊ യക്ഷ-
ഗാനമീത്തെക്കന്‍ കാറ്റില്‍
നീന്തി വന്നെത്തും നേരം

അരികത്താണെങ്കിലു-
മകലത്തെങ്ങോ നോക്കി
ഇരുളില്‍ കൂനിക്കൂടി-
യന്യരെപ്പോലീരാവില്‍

ഇടവപ്പാതിക്കാറ്റില്‍
മഴയില്‍, കൂലം കത്തി-
യൊഴുകിപ്പോകുന്നൊരീ-
പ്പുഴ തന്‍ കരയ്ക്കൊന്നും

ഉരിയാടാതേ, മുട്ടി-
യുരുമ്മിക്കൊണ്ടേ നമ്മ-
ളിരിപ്പൂ വാചാലമാം
മൌനമേ! നീയും ഞാനും.

കെട്ടടങ്ങുന്നൂ മുന്നി-
ലിച്ചിതാഗ്നി തന്‍ നാളം
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന്‍ നിഴല്‍ മാത്രം.

ഓര്‍മ്മ തന്‍ സഹ്യാദ്രിയില്‍
മുട്ടി നില്‍ക്കുമെന്‍ വര്‍ഷ-
മേഘമേ! വരൂ, വന്നു
താണു പെയ്യുക വേഗം.

താഴ്‌വരത്തടത്തിലൂ -
ടൊഴുകിപ്പോകും നിന്‍റെ
തീരത്തു കൈയില്‍ ക്കട -
ലാസുതോണിയുമായി

വന്നു നില്‍ക്കുവാന്‍ മോഹം!
എന്നുമീയോളങ്ങളില്‍
മുങ്ങുവാനല്ലോ മുങ്ങി -
പ്പൊങ്ങുവാനല്ലോ യോഗം.

കെട്ടടങ്ങുന്നൂ മുന്നി -
ലിച്ചിതാഗ്നി തന്‍ നാളം;
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന്‍ സ്മൃതി മാത്രം.

Saturday, March 15, 2008

നദി നീണ്ടൊഴുകുന്നു പിന്നെയും

നദി നീണ്ടൊഴുകുന്നു
പിന്നെയു; മഗാധമാം
ചുഴിയില്‍, ക്കയങ്ങളില്‍
നോക്കി ഞാനിരിക്കുന്നു.

മര്‍ത്ത്യനെ ക്കാട്ടാളനായ്
മാറ്റിയ ചരിത്രത്തിന്‍
ചെന്നിണം നിറം പിടി-
പ്പിച്ചതീ മണല്‍പ്പുറം.

ജപമാലയുമായി,
നഗ്നതാണ്ഡവമാടി
മതവൈരവുമായി
നില്‍ക്കുകയല്ലോ നമ്മള്‍.

ഇവിടെക്കഴുത്തറ്റു
വീണുപോല്‍ പ്രവാചകര്‍
ഇവിടെക്കുരിശിന്മേല്‍
തൂങ്ങി പോല്‍ ജീസസുമാര്‍.

വേണുഗാനത്തിന്‍ ലോല-
നാദധാരകള്‍ കേട്ട
യാദവ വിഹാരങ്ങള്‍
മാറാല മൂടിക്കെട്ടി.

ഹിന്ദുവും മുസല്‍മാനും
കത്തിയാല്‍ തമ്മില്‍ക്കുത്തി;
അങ്ങിനെ നിറം പകര്‍-
ന്നൊഴുകീ യമുനകള്‍.

നദി നീണ്ടൊഴുകട്ടെ
പിന്നെയും; കാലത്തിന്‍റെ
ഗതിയില്‍ത്തലപൊക്കു -
മോളങ്ങളൊന്നാകട്ടെ.

തളിരും താരും തമ്മില്‍
പ്പുണരും തീരങ്ങളെ
തഴുകിക്കൊണ്ടീ നദി
ശാന്തമായൊഴുകട്ടെ.

ചുഴിയില്‍, ക്കയങ്ങളില്‍
ചടുവാനല്ലല്ലോ നാം
കഴിവും കരുത്തുമാര്‍-
ജ്ജിച്ചതീ യുഗങ്ങളില്‍.

Thursday, March 13, 2008

നദി നീണ്ടൊഴുകുന്നു

നദി നീണ്ടൊഴുകുന്നു ;
പിന്നെയുമഗാധമാം
ചുഴിയില്‍, കയങ്ങളില്‍
നോക്കി ഞാനിരിക്കുന്നു.

വനജ്യോത്സ്നകള്‍ പൂത്ത
മുനിവാടത്തില്‍, ദര്‍ഭ -
ക്കതിര്‍ ചൂടിയ നീല
നര്‍മ്മദാതടങ്ങളില്‍,

ഗിരിഗഹ്വരങ്ങളില്‍ ,
കാനന മരച്ചില്ല
തണലേകിയ കാവി -
ലിരുളിന്‍ നിഴല്‍കളില്‍,

ചക്രവാളങ്ങള്‍ മിഴി -
ചിമ്മി നില്‍ക്കവേ, ചിതല്‍ -
പ്പുറ്റുകള്‍ വളര്‍ന്നെന്നെ
മൂടിയ യുഗങ്ങളില്‍,

ഇന്നലെ, മനോഹര
സന്ധ്യകള്‍ പൂജാപുഷ്പ
തല്പവുമേന്തിക്കൊണ്ടു
നിന്നതാം വഴികളില്‍,

പ്രേമഗൌതമനായ്‌ ഞാ-
നലഞ്ഞൂ; പൊള്ളും മണല്‍
ക്കാട്ടിലുമെന്‍കാലടി-
പ്പാടുകള്‍ പതിഞ്ഞല്ലോ.

നിങ്ങള്‍ തന്‍ പാപത്തിന്‍റെ
മുള്‍ക്കിരീടവും ചൂടി-
ക്കണ്ണുകളടച്ചു ഞാന്‍
ലയിച്ചൂ സമാധിയില്‍.

വേദമന്ത്രവും ചുണ്ടില്‍,
ക്കൈകളില്‍ത്തോക്കും ചൂണ്ടി
വീണ്ടുമെന്‍ മുന്നില്‍ത്തൊഴു-
കൈയുമായ്‌ നില്പൂ നിങ്ങള്‍.

നദി നീണ്ടൊഴുകുന്നു;
പിന്നെയുമഗാധമാം
ചുഴിയും, കയങ്ങളും
നോക്കി ഞാനിരിക്കുന്നു.

Wednesday, March 12, 2008

ചന്ദനത്തിരി


ദര്‍ഭകള്‍ തലതാഴ്ത്തി
നില്‍ക്കുന്ന പുണ്യാശ്രമ-
ഭംഗികളുറങ്ങുമെ-
ന്നോര്‍മ്മ തന്‍ വഴിവക്കില്‍

കൈയിലിന്നൊരു കൊച്ചു
ചന്ദനത്തിരിയുമായ്‌
നിത്യവിസ്മയത്തോടെ
ഞാന്‍ നടന്നകലുന്നു.

ഈവഴിവക്കില്‍പ്പൂത്തു
വാടിവീണതാം പൂക്കള്‍
നോക്കി ഞാന്‍ നടക്കുമീ
സന്ധ്യയിലേതോ നഷ്ട -

മോഹമായലയുന്ന
തെന്നലിന്‍ കൈയില്‍ത്തൂങ്ങി
ക്കാവടി തുള്ളും നീല-
മേഘമേ! നിന്നെക്കാണ്‍കെ

പെയ്യുവാന്‍ വിങ്ങിത്താണ
ദുഃഖമായ്‌, വിതുമ്പുന്ന
നൊമ്പരങ്ങളായെന്‍റെ -
യോര്‍മ്മകള്‍ പറയുന്നു:

തപ്തമാം മരുഭൂവി -
ന്നാത്മദാഹത്തിന്‍ ചുണ്ടി -
ലിത്തിരിത്തെളിനീരു
പകരാന്‍ കഴിയാത്ത

വന്ധ്യമേഘമേ! നിന -
ക്കാവുകില്ലല്ലോയെന്‍റെ
ചന്ദനത്തിരി വന്നു
കെടുത്തിക്കളയുവാന്‍.

Monday, March 10, 2008

ദേവാലയം


പുലര്‍കാല കിരണങ്ങള്‍ നീളുന്ന വഴികളില്‍
ഇവിടെ ഞാനെത്രനാള്‍ കാത്തുനിന്നു
കഥയറിയാതെ ഞാന്‍ നോക്കിനിന്നു!

ഇരുളും വെളിച്ചവും കൈകോര്‍ത്തു പിന്നെയും
ഇതിലേ നടക്കുന്ന സന്ധ്യകളില്‍
അകലത്തിലുയരത്തിലെങ്ങുനിന്നോ നിന്‍റെ
തിരുനാമ കീര്‍ത്തനം കേട്ടിരുന്നു
അറിയാതെ കൈകൂപ്പി നിന്നിരുന്നു.

മിഴി തുറന്നങ്ങോട്ടു നോക്കുമ്പോഴൊക്കെ നിന്‍
സ്വര്‍ണ്ണക്കൊടിമരം കണ്ടിരുന്നു
വര്‍ണ്ണക്കൊടികളും കണ്ടിരുന്നു.

തഴുതിട്ട ഗോപുരനടവാതില്‍ മുന്നിലായ്‌
പരിചയും വാളുമായപ്പൊഴും നിന്‍
പടയാളിമാര്‍ കാവല്‍ നിന്നിരുന്നു.

അന്നു ഞാനെന്‍റെ മനസ്സിനുള്ളില്‍
ഒരു കൃഷ്ണ വിഗ്രഹം തീര്‍ത്തു വച്ചു
ഒരു നുള്ളു വെട്ടം കൊളുത്തി വച്ചു.

പിന്നെയൊരിക്കലുമീവഴിയില്‍
നിന്നില്ല ദര്‍ശനം തേടുവാന്‍ ഞാന്‍
വന്നില്ലനുഗ്രഹം നേടുവാന്‍ ഞാന്‍.

ഇന്നു ഞാനെന്‍റെ പൂക്കൂടയുമായ്‌
നിന്‍ സന്നിധാനത്തില്‍ വന്നു നിന്നു
മിഴികളടച്ചു തൊഴുതു നിന്നു.

ഒരു കൃഷ്ണ തുളസീദളത്തിലെന്‍റെ
കദനങ്ങളൊപ്പിയെടുത്തു നിന്‍റെ
പദതാരിലര്‍പ്പിച്ചു നോക്കി നിന്നു.

പറയുന്നു നീയെന്നെ നോക്കി മന്ദം:
എന്‍റെ ദേവാലയം -- അറിയുകില്ലേ
നിന്നന്തരാത്മാവില്‍ മാത്രമല്ലേ?

Friday, March 7, 2008

പോയകാലങ്ങളേ നന്ദി



പോയ കാലങ്ങളേ,
നന്ദി ചൊല്ലുന്നു ഞാന്‍
ഈമരുഭൂവിലെ -
യുച്ചക്കൊടും വെയില്‍
ത്തീയിലുരുകി
യൊലിക്കുന്ന സ്വപ്നങ്ങള്‍
തീര്‍ക്കും മരീചിക
നോക്കിയിരിക്കുന്ന
പാവം മനസ്സേ!
നമുക്കിന്നു കൈവിട്ടു
പോയ കാലങ്ങള്‍ക്കു
നന്ദി ചൊല്ലീടുക

ഏതു ദിവാസ്വപ്ന -
മേഖലയ്ക്കുള്ളിലാ -
ണാനല്ല സൌവര്‍ണ്ണ
ഭൂമി? നാമിന്നലെ
ത്തേടിയലഞ്ഞു
നടന്ന വഴികളി -
ലേകാന്ത മൂകം
തളര്‍ന്നു മയങ്ങിയ
രാവിന്‍റെ കൂടാര -
ഗോപുരദ്വാരത്തി -
ലാരാണു കാവല്‍
നില്ക്കുന്നിന്നു? പിന്നെയും
ആരാണു സ്വര്‍ണ്ണ-
രഥത്തില്‍ കൊടിക്കൂറ
പാറിച്ചു പായിച്ചു
പോകുന്നു? മുന്നോട്ടു
നീളുമീയജ്ഞാത
മാര്‍ഗ്ഗത്തിനപ്പുറം
കാണാത്ത സ്വര്‍ഗ്ഗങ്ങള്‍
തേടി നാം, കേള്‍ക്കാത്ത
ഗാനത്തിനായിട്ടു
കാതോര്‍ത്തു നില്ക്കയാ -
ണീനീണ്ട രാത്രിയി -
ലിപ്പോഴുമെങ്കിലും
പാവം മനസ്സേ!
നമുക്കിന്നു നേടാത്ത
വാഗ്ദത്ത ഭൂമിയും
നേട്ടമായ്ത്തീര്‍ക്കുക.

പോയകാലങ്ങളേ,
നന്ദി! യീമദ്ധ്യാഹ്ന
വേനലില്‍ക്കൊണ്ടു
വന്നെത്തിച്ചു നിങ്ങളി-
ന്നെങ്കിലും, നല്‍കിയോ -
രാദ്യ പാഠങ്ങള്‍ക്കു
നന്ദി! യെന്നാത്മ -
ക്ഷതങ്ങളും നേട്ടങ്ങ -
ളായിട്ടു മാറ്റാന്‍
പഠിപ്പിച്ചു നിങ്ങളെന്‍
മൂകദുഃഖങ്ങളെ
മുത്താക്കി മാറ്റിയോര്‍.

തോല്‍വി തന്‍ പട്ടട -
ച്ചാരത്തില്‍ നിന്നിതാ
വീണ്ടുമുണര്‍ന്നു
പറന്നു പൊങ്ങുന്നൊരീ
സ്വര്‍ണ്ണച്ചിറകുള്ള
പക്ഷിക്കു ജീവനും
ശക്തിയും നല്‍കിയോര്‍ -
നന്ദി ചൊല്ലുന്നു ഞാന്‍.

Monday, March 3, 2008

ഏകാന്ത തീരങ്ങള്‍


ഒരു പൂവിറുക്കുവാന്‍
നിന്‍റെ പൂവനത്തില്‍ നി-
ന്നൊരു പൂവിറുക്കുവാന്‍
രാജമല്ലികള്‍ പൂത്തു
ചായുന്ന നേരം നിന്‍റെ
ജാലകപ്പുറത്തിന്നു
ഞാന്‍ വന്നു നിന്നൂ പക്ഷേ
നീ തിരിച്ചറിഞ്ഞില്ല.

ഇന്നലെ, നിശാഗന്ധി
പ്പൂവുകള്‍ വിരിഞ്ഞപ്പോള്‍
പിന്നെയും വിടരാത്ത
മോഹങ്ങള്‍ പോലേ നില്‍ക്കും
മൊട്ടുകള്‍ കൊരുത്തതു
നിന്‍റെ വാര്‍ മുടിക്കെട്ടി -
ലെന്‍റെ കൈവിരല്‍ത്തുമ്പാ-
ലണിയിക്കുവാനായി
വന്നു നിന്നല്ലോ വഴി-
വക്കില്‍ ഞാന്‍ തുറക്കാത്ത
നിന്‍റെ വാതിലില്‍ മുട്ടി
വിളിക്കാനറിയാതെ.

ഓര്‍മ്മകള്‍ തളര്‍ന്നു വീ -
ണുറങ്ങും നിലാവിങ്കല്‍
ഓളങ്ങള്‍ തഴുകുന്ന
വെണ്‍മണല്‍പ്പരപ്പിങ്കല്‍
നാളെയെന്‍ പദമുദ്ര
കണ്ടു നീ വിഷാദാര്‍ദ്ര-
യാവുകിലവിടൊരു
പൂവിതളര്‍പ്പിച്ചാലും.

ഏഴിലം പാലപ്പൂക്കള്‍
വാടിവീഴുമീ നീല-
ക്കാവിലിന്നൊരു മാത്ര
കൂടി നില്‍ക്കുന്നൂ പിന്നെ
ഏഴു വന്‍ കടലുകള്‍
താണ്ടി യജ്ഞാതങ്ങളാം
ഏകാന്തതീരങ്ങളെ
ത്തേടി ഞാന്‍ മടങ്ങുന്നു.

Saturday, March 1, 2008

എന്തിനീയാത്ര?

എന്തിനീയാത്ര തുടങ്ങി നാം? ചോദിപ്പു
പിന്നെയും ഞാനിന്നദൃശ്യനാം ദൈവമേ!
എത്ര ചിതകളെരിഞ്ഞടങ്ങുന്നതും
നോക്കി നടന്നു നാം? എന്നിട്ടുമീനീണ്ട
പാതയിലൂടേ തിരക്കിട്ടു പായുമ്പോ-
ളെന്തിനീയാത്ര തുടരുന്നു? ചോദിപ്പു
പിന്നെയും ഞാനിന്നദൃശ്യനാം ദൈവമേ!

എങ്ങിനെയിക്കാട്ടു ചോല തന്‍ തീരത്തു
വെണ്‍മണല്‍ത്തട്ടില്‍ മയങ്ങിക്കിടക്കുവ-
തെങ്ങിനെ? പൊന്‍മുളങ്കാടിന്‍റെ ചാരത്തു
നിന്‍കവിളിങ്കലനുരാഗമേ! സ്വര്‍ണ്ണ-
വര്‍ണ്ണരേണുക്കളെ യൊപ്പിയെടുക്കുവ-
തെങ്ങിനെ, നിന്നെത്തിരിഞ്ഞൊന്നു നോക്കുവാ-
നെന്നെയനുവദിക്കാത്തൊരീയാത്രയില്‍?

ഇന്നും നിശാന്ധകാരത്തിന്‍ നിഴല്‍ വീണ
കല്പടവിങ്കല്‍ തളര്‍ന്നു വീഴാതെ ഞാന്‍
ഒറ്റയ്ക്കു തപ്പിത്തടഞ്ഞു നടക്കുമീ-
യറ്റങ്ങള്‍ കാണാന്‍ കഴിയാത്ത പാതയില്‍
നീ തന്ന പുല്ലാങ്കുഴലുമീസ്വപ്നവും
കൈകളില്‍ ഞാന്‍ തിരിച്ചേല്പിച്ചു പോകുമ്പോള്‍
എന്തിനീയാത്ര? - അറിയാതെ ചോദിപ്പു
പിന്നെയും ഞാനിന്നദൃശ്യനാം ദൈവമേ!