.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: എന്തിനീയാത്ര?

Saturday, March 1, 2008

എന്തിനീയാത്ര?

എന്തിനീയാത്ര തുടങ്ങി നാം? ചോദിപ്പു
പിന്നെയും ഞാനിന്നദൃശ്യനാം ദൈവമേ!
എത്ര ചിതകളെരിഞ്ഞടങ്ങുന്നതും
നോക്കി നടന്നു നാം? എന്നിട്ടുമീനീണ്ട
പാതയിലൂടേ തിരക്കിട്ടു പായുമ്പോ-
ളെന്തിനീയാത്ര തുടരുന്നു? ചോദിപ്പു
പിന്നെയും ഞാനിന്നദൃശ്യനാം ദൈവമേ!

എങ്ങിനെയിക്കാട്ടു ചോല തന്‍ തീരത്തു
വെണ്‍മണല്‍ത്തട്ടില്‍ മയങ്ങിക്കിടക്കുവ-
തെങ്ങിനെ? പൊന്‍മുളങ്കാടിന്‍റെ ചാരത്തു
നിന്‍കവിളിങ്കലനുരാഗമേ! സ്വര്‍ണ്ണ-
വര്‍ണ്ണരേണുക്കളെ യൊപ്പിയെടുക്കുവ-
തെങ്ങിനെ, നിന്നെത്തിരിഞ്ഞൊന്നു നോക്കുവാ-
നെന്നെയനുവദിക്കാത്തൊരീയാത്രയില്‍?

ഇന്നും നിശാന്ധകാരത്തിന്‍ നിഴല്‍ വീണ
കല്പടവിങ്കല്‍ തളര്‍ന്നു വീഴാതെ ഞാന്‍
ഒറ്റയ്ക്കു തപ്പിത്തടഞ്ഞു നടക്കുമീ-
യറ്റങ്ങള്‍ കാണാന്‍ കഴിയാത്ത പാതയില്‍
നീ തന്ന പുല്ലാങ്കുഴലുമീസ്വപ്നവും
കൈകളില്‍ ഞാന്‍ തിരിച്ചേല്പിച്ചു പോകുമ്പോള്‍
എന്തിനീയാത്ര? - അറിയാതെ ചോദിപ്പു
പിന്നെയും ഞാനിന്നദൃശ്യനാം ദൈവമേ!

1 comment:

വേണു venu said...

നീ തന്ന പുല്ലാങ്കുഴലുമീസ്വപ്നവും
കൈകളില്‍ ഞാന്‍ തിരിച്ചേല്പിച്ചു പോകുമ്പോള്‍
എന്തിനീയാത്ര? - അറിയാതെ ചോദിപ്പു

ഉത്തരമില്ലാത്ത ചോദ്യം മാത്രം അവശേഷിക്കുന്നു മാഷേ.!