ദര്‍ഭകള്‍ തലതാഴ്ത്തി
നില്‍ക്കുന്ന പുണ്യാശ്രമ-
ഭംഗികളുറങ്ങുമെ-
ന്നോര്‍മ്മ തന്‍ വഴിവക്കില്‍
കൈയിലിന്നൊരു കൊച്ചു
ചന്ദനത്തിരിയുമായ്
നിത്യവിസ്മയത്തോടെ
ഞാന്‍ നടന്നകലുന്നു.
ഈവഴിവക്കില്‍പ്പൂത്തു
വാടിവീണതാം പൂക്കള്‍
നോക്കി ഞാന്‍ നടക്കുമീ
സന്ധ്യയിലേതോ നഷ്ട -
മോഹമായലയുന്ന
തെന്നലിന്‍ കൈയില്‍ത്തൂങ്ങി
ക്കാവടി തുള്ളും നീല-
മേഘമേ! നിന്നെക്കാണ്‍കെ
പെയ്യുവാന്‍ വിങ്ങിത്താണ
ദുഃഖമായ്, വിതുമ്പുന്ന
നൊമ്പരങ്ങളായെന്‍റെ -
യോര്‍മ്മകള്‍ പറയുന്നു:
തപ്തമാം മരുഭൂവി -
ന്നാത്മദാഹത്തിന്‍ ചുണ്ടി -
ലിത്തിരിത്തെളിനീരു
പകരാന്‍ കഴിയാത്ത
വന്ധ്യമേഘമേ! നിന -
ക്കാവുകില്ലല്ലോയെന്‍റെ
ചന്ദനത്തിരി വന്നു
കെടുത്തിക്കളയുവാന്‍.
Wednesday, March 12, 2008
ചന്ദനത്തിരി
Subscribe to:
Post Comments (Atom)
1 comment:
മാഷേ മനോഹരം.:)
Post a Comment