മഞ്ഞണിമലകളാല്‍
ഗോപുരം നിര്‍മ്മിക്കുന്ന
നല്ല ഹൈമവത്സാനു -
ഭൂവിലീ നിശീഥത്തില്‍
നില്‍പു ഞാന്‍ തവ സന്നി -
ധാനത്തിലെല്ലാം മറ -
ന്നത്ഭുതം വിടരുന്ന
കണ്ണുമായ് തഥാഗത!
നീ പിരിഞ്ഞപ്പോള്‍ നിന്‍റെ
തേജസ്സു പരന്നതാം
നാടുകള്‍ തോറും നിന്നെ
നോക്കി ഞാനലഞ്ഞല്ലോ.
താഴികക്കുടം ചൂടു-
മുന്നത പഗോദകള്‍,
പാറയില്‍ ക്കഥ പറ -
ഞ്ഞീടുന്നതാം ദൃശ്യങ്ങള്‍
ഭവ്യരാം ഭിക്ഷുക്കളാല്‍
നിറയും വിഹാരങ്ങള്‍,
ദിവ്യമാം പരിവേഷ -
മാര്‍ന്ന നിന്‍ പ്രതിമകള്‍ ,
ജീവിതലക്ഷ്യം തേടി
നീയലഞ്ഞതാം വഴി -
ത്താരകള്‍, തണല്‍ വിരി -
പ്പാര്‍ന്നതാം വിപിനങ്ങള്‍.
ഒടുവില്‍ വന്നെത്തി ഞാ -
നവയൊക്കെയും പിന്നി -
ട്ടിവിടെ, സ്സിദ്ധാര്‍ത്ഥനായ്
നീ പിറന്നൊരീ മണ്ണില്‍.
വിണ്ണില്‍ നിന്നടര്‍ന്നൊരു
സ്വപ്നമാധുരി പോലെ
ചൈത്രപൌര്‍ണ്ണമിരാവി -
ലിവിടേയ്ക്കണഞ്ഞു നീ.
ജീവിതദുഃഖത്തിന്‍റെ
നെടുവീര്‍പ്പുപോലൊരു
ചൈത്രപൌര്‍ണ്ണമിരാവില്‍
ഇവിടം വെടിഞ്ഞു നീ.
പൂവുകള്‍ വിതറിയ
പട്ടുമെത്തയില്‍, സ്നേഹ-
ലോലയാം യശോധര
വീണുറങ്ങിയ രാവില്‍
പൊന്‍ കിനാവുകള്‍ കാണും
രാഹുല കുമാരന്‍റെ
കണ്‍കളില്‍ മുത്തം വയ്ക്കും
ദേവകന്യകമാരെ
കാവലായ് നിര്‍ത്തിക്കൊണ്ടു
നീയടിവച്ചീരാജ -
ധാനി വിട്ടിറങ്ങിയോ -
രാനിമേഷത്തിന്‍ മുന്നില്‍
എന്‍റെ ചേതനയൊരു
മാത്ര നില്ക്കുന്നൂ ദേവ!
നിന്‍റെ വേദന മന്നിന്‍
മൂകവേദനയല്ലോ.
കൈകളില്‍ മരയോടു -
മായി നീയലഞ്ഞുപോയ്
നോവുകളുറങ്ങുമീ
നാട്ടുപാതയില്‍ ക്കൂടി.
ബോധിവൃക്ഷത്തിന്‍ തണല്‍
വിരിപ്പില്‍, ബോധോദയം
നീണ്ട നിന്‍ മിഴിയിണ
മുകരാണണഞ്ഞല്ലോ.
ഇന്നു നീയിതുവഴി
വരികില്‍, ക്കവിളത്തു
വറ്റിയ കണ്ണീരിന്‍റെ
പാടുവീണതാം മുഖം
ഉയര്‍ത്തി, ക്കരയുവാ -
നെത്രയോ നാളായ് മറ-
ന്നവരാലിന്നും ജന -
വീഥികള്‍ നിറയുന്നു.
മഞ്ഞയാലുടല്‍ മൂടി
നിന്നവരിന്നോ വിരല്‍ -
ത്തുമ്പുകളമര്‍ത്തുന്നു
കാഞ്ചികള്‍ വലിക്കുന്നു.
പുക ചൂഴ്‌ന്നൊരീ വഴി -
ത്താരയില്‍ത്തളം കെട്ടി -
യുറയുന്നിന്നും രക്തം;
എങ്ങു നീ തഥാഗത!
ഈക്കരിങ്കല്ലിന്നുള്ളില്‍
കണ്ണുകളടച്ചിന്നും
ധ്യാനമഗ്നനാകാതെ
വരു നീ തഥാഗത!
Monday, March 24, 2008
നല്ല ഹൈമവതഭൂവില്‍
Subscribe to:
Post Comments (Atom)
1 comment:
ഒടുവില്‍ വന്നെത്തി ഞാ -
നവയൊക്കെയും പിന്നി -
ട്ടിവിടെ, സ്സിദ്ധാര്‍ത്ഥനായ്
നീ പിറന്നൊരീ മണ്ണില്‍.
Post a Comment