.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: ഈവഴി വരും കാറ്റേ!

Thursday, February 28, 2008

ഈവഴി വരും കാറ്റേ!


ഈവഴി വരും കാറ്റേ!
നീയൊരു നീലാകാശ-
ത്താഴ്‌വരയിങ്കല്‍ പ്പണ്ടു
മന്ദമന്ദമായ്‌ത്താഴും
സൂര്യകാന്തി തന്‍ മുഖം
പൊക്കി നിന്‍ വിരല്‍ത്തുമ്പാ -
ലാര്‍ദ്രമാം കവിളത്തു
തൊട്ടുവോ? തൊട്ടെങ്കിലാ
മുഗ്ദ്ധമാം പൂവിന്‍ മൂക-
നൊമ്പരമാണോ നേര്‍ത്ത
സൌരഭമായിട്ടിന്നു
നിന്നില്‍ വീണലിയുന്നു?

ഈവഴി വരും കാറ്റേ!
ദേവദാരുവിന്‍ താണ
ശാഖ തന്‍ നിഴല്‍ പറ്റി-
യൊന്നു നില്‍ക്കുക ; പണ്ടു
സന്ധ്യ തന്‍ നിഴല്‍ വീണ
കടലും നോക്കിക്കൊണ്ടു
നിന്നവരല്ലോ; തുലാ-
വര്‍ഷമേഘങ്ങള്‍ വന്നു
പെയ്യുന്ന മഴയത്തു
ഞങ്ങളീ നനവാര്‍ന്ന
മണ്ണിതില്‍ കൈയും കോര്‍ത്തു
നിന്നവരല്ലോ ; പിന്നെ
പുഴ നീണ്ടൊഴുകുന്ന
തീരത്തിലൂടേ യാത്ര-
പറയാനറിയാതെ
നോക്കി നിന്നവരല്ലോ.

ഈവഴി വരും കാറ്റേ!
കാലങ്ങള്‍ കരിതേച്ച
മൂകചിത്രങ്ങള്‍ പോലെ
മേഘങ്ങളകലത്തു
നോക്കി നില്‍ക്കുന്നൂ; വീണ്ടും
ദൂര ചക്രവാളത്തില്‍
പോയ്‌മറഞ്ഞൊരു ചന്ദ്ര-
ക്കല പോല്‍ മനസ്സിലി-
ന്നോര്‍മ്മകള്‍ മരവിച്ചു
നില്‍ക്കുന്നൂ; പെട്ടെന്നിതാ
നീയൊരു സ്വപ്നം പോലെ
വന്നു നില്‍ക്കുന്നൂ മുന്നില്‍.

മിണ്ടുവാനില്ലാതൊന്നും
നോക്കി നില്‍ക്കുകയല്ലോ
ഞങ്ങളന്യരെപ്പോലെ-
യീനീണ്ട വഴിവക്കില്‍.

4 comments:

david santos said...

Excellent!
Tank you for your work.
Until alawys.

David Santos, Portugal

എം കെ ഭാസി said...

Really! Are you a Malayalee?

വ്യവസ്താപിതന്‍ said...

ഒഴുകിയെത്തിയ നദികള്‍‍ക്കൊരയിരം
കവിതകളുണ്ട് നിങ്ങളോടുണര്‍ത്തുവാന്‍

പറഞ്ഞു പറയാതെ ഒഴുകുന്ന ഭാവന
കനിഞ്ഞു നല്‍കിയ വരപ്രസ്സാധം
കേള്‍ക്കുവാനായിരം കാത്തുനില്‍ക്കുന്നിതാ..
കുഞ്ഞു സാഹിത്യ ബ്ലൊഗിന്റെ ലോകത്തില്‍

യാഥാര്‍ത്ഥ്യന്‍ - (vsk.krishnan) said...

നല്ല കവിതകള്‍