മൂകയായ് നില്‍പൂ സന്ധ്യ ;
നീയുമിന്നൊരു സന്ധ്യ -
പോലെയെന്നരികത്തു
ചേര്‍ന്നു നില്‍ക്കുകയല്ലോ.
ഈക്കടല്‍ത്തിരകളില്‍,
വെണ്‍മണല്‍ വിരിപ്പിന്‍മേല്‍
മാഞ്ഞുപോകുന്നൂ പദ-
മുദ്രകള്‍ ; കുളിരാര്‍ന്നൊ-
രീക്കടല്‍ക്കാറ്റും, നീയും
ഞാനുമീ വാനും മൂകം
നോക്കി നില്‍ക്കുന്നൂ ശബ-
ളാഭമീ സായംസന്ധ്യ.
എന്തിനു മിഴികളെന്‍
നേര്‍ക്കുയര്‍ത്തുന്നൂ നീ?യെ-
ന്നുള്ളിലെ പ്രശാന്തത
തന്നഗാധതകളില്‍
മുത്തുകള്‍ മുങ്ങിത്തപ്പി
വാരുവാനറിയാതെ
എന്നുമീ ക്കടല്‍ക്കര
യിങ്കല്‍ ഞാനലയുന്നു.
സ്വപ്നഭൂമികളുടെ
താഴ്വരത്തടങ്ങളില്‍
സ്വര്‍ഗ്ഗ ഗംഗയിലേതോ
ജലകന്യക പോലെ
ഈറനായ് നില്‍പൂ സന്ധ്യ ;
പെയ്യുവാന്‍ വിങ്ങിത്താണ
മേഘമായ് നില്‍ക്കുന്നു നീ
എന്നില്‍ ഞാനറിയാതെ.
Saturday, December 1, 2007
സന്ധ്യ
Subscribe to:
Post Comments (Atom)
No comments:
Post a Comment