കാല്‍വരിക്കുന്നിന്‍റെ താഴ്‌വരയിങ്കല്‍
കാലഘട്ടങ്ങള്‍തന്‍ കല്‍പടവിങ്കല്‍
ദേവ! നിന്‍ സന്നിധാനത്തിലേയ്ക്കിന്നും
ഞാനുമെന്‍ ദുഃഖവും കൈകോര്‍ത്തു വന്നു.
നീണ്ടു വളഞ്ഞൊരീപ്പാതയിലൂടെ
തോളില്‍ നീ തന്ന കുരിശുകളേന്തി
ദേവ! നിന്‍ സന്നിധാനത്തിലേയ്ക്കിന്നും
ഞാനുമെന്‍ ദുഃഖവും കൈകോര്‍ത്തു വന്നു.
വേദന കൊണ്ടു പുളഞ്ഞു ഞാന്‍ വീണു
ഭാരം ചുമന്നു തളര്‍ന്നു ഞാന്‍ വീണു
സ്വര്‍ണ്ണക്കുരിശുകള്‍ മൂകരായ് നിന്നു
പള്ളികള്‍ വാതില്‍ തഴുതിട്ടുറങ്ങി.
വാസനത്തൈലത്താല്‍ വീണ്ടും കഴുകി
മാലാഖമാര്‍ നിന്‍റെ കാലടി രണ്ടും.
കണ്ണീരു കൊണ്ടു കഴുകിത്തുടയ്‌ക്കാന്‍
എന്നെയനുവദിക്കൂ ദൈവപുത്ര!
കാല്‍വരിക്കുന്നിന്‍റെ താഴ്വരയിങ്കല്‍
കാലഘട്ടങ്ങള്‍ തന്‍ കല്‍പ്പടവിങ്കല്‍
ദേവ! നിന്‍ സന്നിധാനത്തിലേയ്ക്കിന്നും
ഞാനുമെന്‍ ദുഃഖവും കൈകോര്‍ത്തു വന്നു
No comments:
Post a Comment