.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: നിഴലും വെളിച്ചവും

Monday, December 3, 2007

നിഴലും വെളിച്ചവും


ആലാപനം : വിന്‍സെന്‍റ്ഗോമസ്‌


അന്ധമാമേതോ കാല-
ഘട്ടങ്ങള്‍ മന്ത്രം ചൊല്ലി
പിന്നെയുമിതേവഴി
വന്നുവോ? പ്രകാശത്തി-
ന്നാദ്യ നാളങ്ങള്‍ വന്നു
തഴുകാന്‍ വൈകിപ്പോയ
താഴ്‌വരയിങ്കല്‍ പണ്ടു
കണ്ടു നാം മറന്നുവോ?


നിഴലായിതു വഴി
വന്നുവോ? പിന്നെ പ്പുക-
ച്ചുരുളായൊരു വിഷ-
ക്കുമിളായ്ത്തല പൊക്കി
നിന്നുവോ? നിരാലംബ-
മൂഢവിശ്വാസങ്ങളെ
പിന്നെയുമെതിരേറ്റു
കൊണ്ടു വന്നുവോ നിങ്ങള്‍?

നത്തുകള്‍ മൂളും നീല-
ക്കാടുകള്‍ക്കുള്ളില്‍,രക്ത-
യക്ഷികളുറങ്ങാതെ
കാത്തിരിക്കുമീ രാവില്‍

തലയില്‍ത്തീകാളുന്ന
ഭൂതങ്ങള്‍ നൃത്തം വയ്ക്കും
തറയില്‍, തുടികൊട്ടി
നില്‍ക്കുന്നു വേതാളങ്ങള്‍.

എന്‍റെയീത്തുരുത്തിങ്കല്‍
വിരിയും പുലര്‍കാല
സന്ധ്യ തന്‍ വര്‍ണ്ണോജ്വല-
കിരണങ്ങളായ്‌ വന്നു

നിറയും വെളിച്ചമേ!
നിഴല്‍പ്പാമ്പിഴയുന്ന
വഴിയാണിതു; ദീര്‍ഘ-
ദീര്‍ഘമീപ്പദയാത്ര.


No comments: