വര്‍ണ്ണോജ്വലമാം ചിറകുകള്‍ വീശി-
പ്പറന്നു വന്നൊരു ശലഭം ഞാന്‍.
നിന്നെയുമോര്‍ത്തെന്‍ പനിനീരലരേ!
ഒരു സുഖ നിദ്രയിലമരുമ്പോള്‍
ഇന്നലെ, യുജ്വലമാമൊരു സുന്ദര-
സ്വപ്ന രഥത്തില്‍ക്കയറീ ഞാന്‍.
കിങ്ങിണി കെട്ടിയ വാനിന്‍ നടയില്‍
കുതിച്ചണഞ്ഞൂ രഥചക്രം.
കവഞ്ചി വീശി, ക്കുതിരകള്‍ നേരേ
തെളിച്ചു വിട്ടൂ ഞാനപ്പോള്‍.
പൂത്താലങ്ങളുമേന്തിക്കൈയില്‍
താരകള്‍ നിന്നെതിരേല്‍ക്കാനായ്.
മുഴങ്ങി ധീരത വിരിയും ശബ്ദം
മുഴങ്ങി വാനവ വീഥികളില്‍.
തിരിഞ്ഞു നോക്കീ; ഭൂമണ്ഡലമെന്‍-
മിഴിക്കു മുമ്പൊരു പൊട്ടല്ലോ!
എരിഞ്ഞടങ്ങിയ വിഷമേഖലയില്‍
കരിഞ്ഞ താമര മൊട്ടല്ലോ!
വിഷാദഭരിതം തിരിച്ചു വന്നൂ
വിഷാഗ്നി പടരും തെരുവിതില്‍ ഞാന്‍.
തെരുവല്ലിന്നിതു മനുഷ്യ രക്തം
പതച്ചു പായും പുഴയല്ലോ!
പുഴയിതില്‍ മുങ്ങിക്കുളിച്ചു കയറിയ
രജനി വരും കല്‍പ്പടവുകളില്‍
വിഷാദമൂകം നില്‍പൂ ഞാനീ
വിഷാഗ്നി ചുഴലും കാടുകളില്‍.
കാടുകളല്ലിതു മനുഷ്യമാംസം
നീറിപ്പുകയും ചിതയല്ലോ!
ചിതയിതിലാളിക്കത്തിയാരെരിതീ
നാവുകള്‍ നീട്ടിയ നാളുകളില്‍
ഭയന്നു താരകളിരുളും വാനിന്‍
മറവില്‍പ്പറ്റിയ രാവുകളില്‍
കുഴഞ്ഞു വീണൂ തലമുറ തോറും
വിരിഞ്ഞ സുന്ദര സ്വപ്നങ്ങള്‍
തകര്‍ന്നടിഞ്ഞൂ യുഗങ്ങള്‍ നീളെ-
പ്പടുത്തുയര്‍ത്തിയ സംസ്കാരം.
വര്‍ണ്ണോജ്വലമാം കുഞ്ഞിച്ചിറകുകള്‍
കരിഞ്ഞു വീണൊരു ശലഭം ഞാന്‍
പൊരിഞ്ഞ മണലില്‍, ക്കരിഞ്ഞ പൂവിതള്‍
വിരിച്ച ശയ്യയില്‍ വീണൂ ഞാന്‍.
1 comment:
ബൂലോഗത്തേക്ക് സ്വാഗതം.
കവിതകള്‍ ഒന്നിനൊന്ന് മെച്ചം.
എല്ലാ കവിതകളും ഒരു ദിവസം പോസ്റ്റു ചെയ്യാതെ പല ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യുകയാണെങ്കില്‍ നല്ലതായിരുന്നു.
-സുല്‍
Post a Comment