.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: കുരിശുകള്‍

Thursday, December 20, 2007

കുരിശുകള്‍




മഞ്ഞിന്‍ കസവണിത്തട്ടങ്ങള്‍ ചൂടി-
ക്കുന്നുകള്‍ മുട്ടുകുത്തീടുമീനേരം
നിന്‍ സ്നേഹധാര പോല്‍ മണ്ണിന്‍റെ മാറില്‍ വെണ്ണിലാവൊഴുകുന്നൊരിപ്പാതിരാവില്‍,
പള്ളിമുറ്റങ്ങളില്‍ മേഘങ്ങള്‍ മുത്തും
വെള്ളിക്കുരിശിന്‍റെ കണ്ണുനീര്‍ പോലെ
ഉരുകുമീ മെഴുതിരിച്ചാര്‍ത്തുമായ്‌ നിന്‍റെ
വരവിനായ്‌ കാത്തിരിക്കുന്നിതാ ഞങ്ങള്‍.

'അറിയില്ലിവര്‍ക്കിവര്‍ ചെയ്യുന്ന കൃത്യം
അരുളണേ മാപ്പിവര്‍ക്കെന്‍ പിതാവേ! നീ.
' മുള്‍ മുടി ചൂടിയ നിന്‍ മൌലിയാഹാ!
തളരുന്ന താമരമൊട്ടു പോല്‍ ചാഞ്ഞും,
സഹതാപ ഭാവാര്‍ദ്രമാകുമാക്കണ്ണില്‍
അതിതീവ്ര വേദന നിഴലാര്‍ന്നു കൊണ്ടും
ഞങ്ങള്‍ തന്‍ പാപങ്ങളേറ്റന്നു വാങ്ങി-
ക്കുരിശിന്‍മേല്‍ നീ പിടഞ്ഞീടുമാ നേരം,
'അറിയില്ലിവര്‍ക്കിവര്‍ ചെയ്യുന്ന കൃത്യം
അരുളണേ മാപ്പിവര്‍ക്കെന്‍ പിതാവേ! നീ. '
വിറയാര്‍ന്ന ചുണ്ടിനാല്‍ നീ മൊഴിഞ്ഞേവം;
ഒരു മാത്ര കൂടി.... നിലച്ചു നിന്‍ ചലനം.

മലവാക പൂക്കുന്ന ഞങ്ങള്‍ തന്‍ നാട്ടില്‍
വരവായി പിന്നെയും നിന്‍ ജന്‍മതാരം.
ഇരുളാര്‍ന്നൊരീനടപ്പാതകള്‍ നീളെ
നനവുണ്ടു ഞങ്ങള്‍ തന്‍ കണ്ണുനീരാലെ.
വെണ്‍മണല്‍വീശിയ മുറ്റങ്ങളില്ല
ചന്തത്തിലാടും കൊടിക്കൂറയില്ല;
നിന്നെയെതിരേറ്റിരുത്തുവാന്‍ പട്ടും
പൊന്നുമണിഞ്ഞ സിംഹാസനമില്ല.
പരിശുദ്ധ ദേവാലയങ്ങളുയര്‍ത്താന്‍
കഴിവില്ല ഞങ്ങള്‍ക്കു നിന്‍പേരിലെന്നാല്‍
കുരിശുകള്‍ താങ്ങി, നിന്‍ ചരിതങ്ങള്‍ വാഴ്ത്തി
വിരിയും പ്രതീക്ഷയില്‍ ഞങ്ങള്‍ നില്‍ക്കുന്നു.

മാലാഖമാരുടെ നാടു വെടിഞ്ഞീ-
നാട്ടുവഴിയിലേയ്‌ക്കങ്ങു പോരില്ലേ?

1 comment:

എം കെ ഭാസി said...

സതീശ് മാക്കോത്ത് | sathees makkoth said...
നന്നായിരിക്കുന്നു. ക്രിസ്തുമസ് ആശംസകള്‍ എല്ലാവര്‍ക്കും

12/23/2007 11:24:00 AM


എം പി അനസ്‌ said...
ക്രിസ്തുമസ്‌ പതിപ്പ്‌ വളരെ നന്നായി...
അക്ഷരത്തെറ്റുകള്‍ കണ്ടമാനം ഉണ്ട്‌ ശ്രദ്ധിക്കണം.
നല്ലൊരു ക്രിസ്തുമസ്‌ ദിനവും
നല്ല രണ്ടായിരത്തി എട്ടും വിഷ്ഷുന്നു.
www.kosrakkolli.blogspot.com

12/23/2007 02:47:00 PM


വാല്‍മീകി said...
നല്ല വരികള്‍.
ക്രിസ്തുമസ് ആശംസകള്‍.

12/23/2007 07:30:00 PM


ഏ.ആര്‍. നജീം said...
ഭാസി,
കൊള്ളാട്ടോ , അവസരോചിതമായ കവിത...
ക്രിസ്മസ് പുതുവത്സരാശംസകള്‍...

12/23/2007 11:29:00 PM


എം കെ ഭാസി said...
സതീശ്‌, അനസ്, വാല്മീകി, നജിം - നന്ദി.
അനസ്‌ പറയുന്ന അക്ഷരത്തെറ്റുകള്‍ ഏതാണ്? ഞാനൊന്നും കാണുന്നില്ല.

12/24/2007 01:06:00 AM