പൂവണിമരച്ചോട്ടില്‍
ചന്ദ്രിക ചിത്രാലേഖ-
ചാതുരി കാട്ടുന്നൊരീ-
യോണരാവുകള്‍തോറും
തുമ്പി തുള്ളിയും പാട്ടു-
പാടിയുമെന്‍ നാട്ടിലെ
പെണ്‍കൊടിമാരൊക്കെയും
തളരുന്നുണ്ടാവണം.
ഏഴു നെയ്‌ത്തിരികള്‍ നി-
ന്നെരിയും വിളക്കിന്‍റെ
ദീപനാളത്തിന്‍ മുന്നി-
ലമ്മയിസ്സന്ധ്യാനേരം
ഓര്‍ക്കുകയാവാമെന്നെ
ദൂരെയങ്ങേതോ നാട്ടി-
ലേകനായ്‌ക്കഴിയുന്ന
മകനെപ്പറ്റിപ്പക്ഷേ.
ഉണ്ണുവാനിലയിട്ട
നേരമിന്നാക്കണ്‍കളില്‍
തങ്ങി നിന്നുവോ രണ്ടു
കണ്ണുനീര്‍ക്കണികകള്‍?
അലയാഴികള്‍ക്കുമി-
ങ്ങിപ്പുറമീവാടക-
മുറിയില്‍ ച്ചിതറിയ
പുസ്‌തകക്കൂട്ടങ്ങളും,
താരകങ്ങളെയാഞ്ഞു
മുത്തുവാന്‍ വെമ്പും മുഗ്ദ്ധ-
മോഹനപ്രതീക്ഷകള്‍
നിറയും കരളുമായ്
ഇവിടെ, ജ്ജനാല ത-
ന്നരികത്തിരമ്പുന്ന
നഗരം നോക്കിക്കൊണ്ടു
മൂകനായിരിപ്പൂ ഞാന്‍.
Thursday, December 20, 2007
ഇന്നു് ഓണമാണു്
Subscribe to:
Post Comments (Atom)
No comments:
Post a Comment