കുത്തഴിഞ്ഞതാണെന്‍റെ
കൊച്ചു പുസ്തകം; അതില്‍
കുത്തിയും കുറിച്ചും ഞാന്‍
എന്തൊക്കെ വരച്ചുവോ!
ഞാനറിയുന്നൂ കരി-
വീണൊരീപ്പുറങ്ങളില്‍
കാണുന്ന പാടൊക്കെയു-
മെന്‍റെ കണ്ണീരാണല്ലോ.
ഞാനറിയുന്നൂ കീറി-
പ്പോയൊരീപ്പുറങ്ങളില്‍
വീണുടഞ്ഞതു സര്‍വ്വ-
മെന്‍റെ പൊന്‍കിനാവല്ലോ.
അവയൊക്കെയും മറ-
ന്നലമാലകള്‍ താണ്ടി
അകലെക്കകലെയ്‌ക്കു
ഞാന്‍ തുഴഞ്ഞകന്നു പോയ്.
മൂകനാ, യിരമ്പുന്നൊ-
രീമഹാ നഗരത്തില്‍
ഏകനായൊരു കൊച്ചു
വാടക മുറിക്കുള്ളില്‍
നനവാര്‍ന്നൊരീജ്ജനല്‍
പ്പാളിയില്‍ക്കവിള്‍ ചേര്‍ത്തു
കരയാനാവാതെ ഞാന്‍
നോക്കി നില്‍ക്കുന്നു ദൂരെ.
എന്നിലേയ്ക്കലിഞ്ഞലി-
ഞ്ഞില്ലാതെയാകും ദുഃഖ-
ചിന്തകളാണോ മഴ-
വില്ലുകളായിത്തീര്‍ന്നു?
No comments:
Post a Comment