വിരിഞ്ഞ മന്ദസ്മിതമൊടു വീണ്ടും
വിരുന്നു വരുമീപ്പുലരൊളിയില്‍
നനഞ്ഞ പൂവിതള്‍നോക്കിയിരിപ്പൂ
നിറഞ്ഞു വിങ്ങും കവിഹൃദയം.
തണുത്തുറഞ്ഞൊരു മഞ്ഞിന്‍ മകുടം
തലയ്‌ക്കു ചൂടിയ മാമലയില്‍
പ്രപഞ്ച ഭാവന കൂമ്പിയ മാതിരി-
യൊളിഞ്ഞിരിന്നൂ നീ വിണ്ണില്‍.
അഗാധമായിടുമലയാഴികളില്‍
തനിച്ചു നീന്തിയ നാളുകളില്‍
ഏതോ കദനമുറഞ്ഞൂ മുത്തായ്
പേലവമാകിയ നിന്‍ കരളില്‍.
കിനാവു കണ്ടു മയങ്ങിയ കുന്നിന്‍
താഴ്‌വരയിങ്കല്‍പ്പുളകം പോല്‍
പിറന്നു നീയൊരു പനിനീര്‍മൊട്ടായ്
പ്രശാന്ത സുന്ദരമൊരു രാവില്‍.
നിലാവു മുത്തം നല്‍കിയ കവിളില്‍
പരാഗശോണിമയുണരുമ്പോള്‍
മനം കവര്‍ന്നൊരു മലരേ, വാടി-
ത്തളര്‍ന്നു വീണൂ നീ മണ്ണില്‍.
അമ്പിളി ചൂടിയ മാനത്തന്തി-
ക്കതിരുകള്‍ നെയ്തൊരു സങ്കല്‍പം
മുകരാനണയുകയില്ലേ നിന്‍ കരള്‍
തഴുകിയ സുന്ദര സ്വപ്നങ്ങള്‍?
വിരിഞ്ഞ മന്ദസ്മിതമൊടു വീണ്ടും
വിരുന്നു വരുമീപ്പുലരൊളിയില്‍
കൊഴിഞ്ഞ പൂവിതള്‍ നോക്കിയിരിപ്പൂ
നിറഞ്ഞു വിങ്ങും കവിഹൃദയം.
No comments:
Post a Comment