.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: വീണപൂവ്‌

Thursday, December 6, 2007

വീണപൂവ്‌



നനഞ്ഞ പുടവകള്‍ ചുറ്റിസ്സന്ധ്യകള്‍
നടന്നു വരുമീശ്ശിശിരത്തില്‍

ശംഖൊലിയിങ്കല്‍, കര്‍പ്പൂരത്തിന്‍
സുഗന്ധവായുവില്‍ വന്നൂ നീ.

നിലാവില്‍ മുങ്ങിയ ശാരദരാവിന്‍
നെടുവീര്‍പ്പുകളായീവനിയില്‍

അലഞ്ഞു തിരിയും നിഗൂഢരാഗ-
സ്മൃതിയായ്‌ വന്നൂ നീയിവിടെ.

വിരിഞ്ഞു മന്ദം വിടര്‍ന്നു മലരും
കുടമുല്ലപ്പൂവിതളുകളില്‍

ഒളിഞ്ഞിരിക്കാന്‍ വന്നൂ നീയി-
ക്കുഞ്ഞിക്കാറ്റിന്‍ ചിറകുകളില്‍.

കറുത്ത കമ്പിളി പുതച്ച രാവുക-
ളുണര്‍ന്നു കാവലിരിക്കുമ്പോള്‍

വിറങ്ങലിച്ചു കിടപ്പൂ പക്ഷേ
തണുത്ത മണ്ണില്‍ നീ തനിയേ.

1 comment:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിറങ്ങലിച്ചു കിടപ്പൂ പക്ഷേ
തണുത്ത മണ്ണില്‍ നീ തനിയേ.

അതു ഭയാനകം തന്നെ.

കവിത നന്നായിരിക്കുന്നു