.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: അന്വേഷണം

Friday, December 7, 2007

അന്വേഷണം

Ravi Varma Painting

അമ്പല നടക്കാവി-
ലീറനായ്‌ പ്പുലര്‍കാല-
സന്ധ്യകള്‍ മിഴിതുറ-
ക്കുന്നൊരീ ഹേമന്തത്തില്‍

താമരയിതളുകള്‍
വാടിവീണതു പോലെ-
യീമണല്‍പ്പരപ്പിന്‍മേ-
ലുതിരും കിനാക്കളാല്‍

മാലയും കൊരുത്തേതോ
മുഗ്ദ്ധഭാവനയിലെ
ദേവദൂതിക പോല്‍ നീ
കാത്തു നില്‍ക്കുവതാരെ?

താരണി രാവില്‍, പ്പൂത്ത
കൈതകള്‍ നറുമണം
വാരി വീശിയ നീല-
മാലിനീ തടങ്ങളില്‍

കണ്വ നന്ദിനി പോലെ
താന്തയായ്‌, ചിന്താഭാര-
ക്ളാന്തയായ്‌, വിമൂകം നീ
കാത്തു നില്‍ക്കുവതാരെ?

മൂകമീ വിഷാദത്താ-
ലീ നെടുവീര്‍പ്പിന്‍ ഘനീ-
ഭൂതമാം കണ്ണീരിനാ-
ലാര്‍ദ്രമീക്കവിള്‍ത്തടം

അമ്പിളി, വിരല്‍ത്തുമ്പാല്‍
മന്ദമായ്‌ ത്തഴുകുമ്പോള്‍
എന്തിനു നടുങ്ങുന്നു
നാട്ടു പെണ്‍കിടാവേ, നീ?

നിന്നെയും തിരഞ്ഞേതോ
സ്വപ്ന മണ്ഡലങ്ങളി-
ലിന്നുമുണ്ടജ്ഞാതനാം
നിന്‍റെ കാമുകന്‍, ഭദ്രേ!

No comments: