.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: കണ്ണുനീര്‍ത്തുള്ളി

Friday, December 7, 2007

കണ്ണുനീര്‍ത്തുള്ളി



താരകള്‍ മിഴിയട-
ച്ചുറങ്ങും നിശീഥത്തില്‍
താരുകള്‍ തളര്‍ന്നു വീ-
ണുറങ്ങും വനഭൂവില്‍

ഒരു വേഴാമ്പല്‍പ്പിട-
പോലെയീ മണ്ണിന്‍ദാഹം
കനിവിന്നുറവുകള്‍
നോക്കിയുന്‍മുഖം നില്‍ക്കേ

മന്നിന്‍റെ ഘനീഭൂത-
ദുഃഖമാമൊരു കൊച്ചു
കണ്ണുനീര്‍ മുത്തായ്‌ ഞാനീ
മരുഭൂമിയില്‍ വീണു.

മണിവീണകള്‍ മീട്ടി-
പ്പാടുവാന്‍, മുളന്തണ്ടി-
ലുണരും മനോഹര-
ഗാനമായ്‌ പ്പിറക്കുവാന്‍

ഇന്നലെ, യുഷഃകാല-
വായുവില്‍ നീരാവിയാ-
യുന്നത നഭസ്ഥല-
ത്തിങ്കലേക്കുയര്‍ന്നു ഞാന്‍.

താമരയിതളുകള്‍
കൂമ്പി നിന്നപ്പോള്‍, മൂക-
വേദന മുരളുന്ന
മേഘമായിതു വഴി

ഏകനായലഞ്ഞപ്പോള്‍,
പൊള്ളുമീ മണലിന്‍റെ
ദാഹമെന്താണെന്നാദ്യ-
മായി ഞാനറിഞ്ഞപ്പോള്‍

മന്നിന്‍റെ ഘനീഭൂത-
ദുഃഖമാമൊരു കൊച്ചു
കണ്ണുനീര്‍മുത്തായ്‌ ഞാനീ
മരുഭൂമിയില്‍ വീണു.

1 comment:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കണ്ണീരിന്റെ നൊമ്പരം നന്നായി.