.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: കടലാസുതോണികള്‍

Saturday, December 8, 2007

കടലാസുതോണികള്‍



മഴ പെയ്‌തൊലിക്കുമീ-
യിറമ്പത്തൊഴുക്കിയ
കടലാസു തോണികള്‍
നോക്കി ഞാനിരിക്കുന്നു.

ആടിയുമുലഞ്ഞുമി-
ന്നവ മുങ്ങുന്നൂ ; ദുഃഖ-
മൂകനായതു കണ്ടു
നില്‍ക്കുന്നൂ മകനപ്പോള്‍.

നീയറിയുന്നോ മഴ-
ക്കാറുമൂടിയതാണു
ജീവിത, മിതു പോലെ
ദുഃഖമഗ്നവുമത്രേ.

കണ്ണൂനീരിനാലുപ്പു
ചേര്‍ന്നൊരാക്കയങ്ങളില്‍
കൊച്ചു തോണിയിലേക-
നായി നീ തുഴയണം.

തെളിയും നീലാകാശ-
ത്തിന്‍റെ വക്കിലായ്‌ മിന്നി-
ത്തിളങ്ങും ധ്രുവതാരം
നിന്‍ വഴി തെളിക്കുമ്പോള്‍

നീ തളര്‍ന്നുറങ്ങരു-
തകലത്തല്ലോ ലക്ഷ്യ-
സ്ഥാന; മങ്ങുഷക്കാലം
നിന്‍മിഴി മുകര്‍ന്നാവു.

മഴ പെയ്‌തടങ്ങുന്നൂ;
പിന്നെയും വിമൂകനായ്‌
നനവാര്‍ന്നൊരീ മുറ്റ-
ത്തെന്തിനു നില്‍ക്കുന്നു നീ?

3 comments:

ക്രിസ്‌വിന്‍ said...

നല്ല വരികള്‍
ആശംസകള്‍

ഫസല്‍ ബിനാലി.. said...

kollaam

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു....