കാട്ടുമുല്ലകള്‍ പൂവണിയിച്ചൊ-
രാവനതടകാന്തിയില്‍
അപ്സരസ്സെന്നപോലെയങ്ങനെ
നില്ക്കയാണു ശകുന്തള.
മുഗ്ദ്ധലജ്ജയാല്‍ കൂമ്പിടുന്നൊരാ
ലോലനീലമിഴികളില്‍
തങ്ങിനില്പു ഹാ! സ്വര്‍ഗ്ഗസാമ്രാജ്യ-
ഭംഗിതന്റെ നിലാവൊളി.
പൂത്തകൈതകള്‍ കാറ്റിലങ്ങനെ
മന്ദമന്ദമുലയവേ
സ്വച്ഛസുന്ദരമാ ജലാശയ-
സൈകതങ്ങളിലെന്തിനോ
വിണ്ണില്‍ നിന്നൊരു മുഗ്ദ്ധഭാവന
പൊട്ടിവീണതുമാതിരി
പൂവിറുത്തു കൊരുത്തുകൊണ്ടതാ
നില്ക്കയാണു ശകുന്തള.
പൂനിലാവിലലിഞ്ഞുചേര്‍ന്നൊരു
നിഷ്ക്കളങ്കതയെന്നപോല്‍
തങ്ങിനില്ക്കുന്നു മന്ദഹാസമാ-
ച്ചെഞ്ചൊടികളിലിപ്പൊഴും.
നീലമാലിനിതന്‍ തടങ്ങളി-
ലേകയായ്, രാഗലോലയായ്
ആ യുവരാജകോമളനേയും
കാത്തുനില്പു ശകുന്തള.
ദൂരെയച്ചക്രവാളരേഖയി-
ലമ്പിളിക്കല പൊങ്ങവേ,
പാട്ടുപാടുകയാണു ഹൃത്തട-
ത്തിങ്കലോര്‍മ്മകള്‍ പിന്നെയും.
അബ്ബലിഷ്ഠ കരങ്ങളിലമര്‍-
ന്നീമലരണി ശയ്യയില്‍
വിസ്മരിച്ചു മറ്റൊക്കെയുമവള്‍
പ്രേമനിര്‍വൃതിധാരയില്‍.
'തങ്കമേ! നിന്റെ കണ്ണിണകളില്‍
തങ്ങിനില്‍ക്കുകയാണു ഹാ!
വിണ്ണിനുള്ള വിശുദ്ധി.... 'ശേഷമ-
ച്ചുംബനത്തിലലിഞ്ഞുപോയ്.
യാത്രചോദിച്ചു നില്‍ക്കയാണതാ
ധീരനായുവകാമുകന്‍.
ആ വിരിമാറിലെന്തിനോ തല-
ചായ്ചു നിന്നവള്‍ പിന്നെയും.
നീലമാലിനിതന്‍ തടങ്ങളി-
ലേകയായ്, രാഗലോലയായ്,
ആ യുവരാജകോമളനേയും
കാത്തിരിപ്പു ശകുന്തള.
Friday, December 28, 2007
ശകുന്തള
Subscribe to:
Post Comments (Atom)
2 comments:
ശാകുന്തളം നന്നായിരിക്കുന്നു
ഇതൊരു എത്തിനോട്ടം മാത്രമാണൂ.എനിക്കു വീണ്ടും വരണം ഈ കാവ്യ സുധ മുഴുവനൂം നുകരുവാന്‍..
ഭാവുകങ്ങളോടെ...
Post a Comment